Published: September 30, 2025 09:25 AM IST
1 minute Read
ദുബായ്∙ പാക്കിസ്ഥാനെതിരെയുള്ള ഏഷ്യാ കപ്പ് ഫൈനൽ വിജയത്തിനു പിന്നാലെ ഇന്ത്യൻ താരങ്ങൾക്കും ആരാധകർക്കും ഞായറാഴ്ച ആഘോഷ രാത്രിയായിരുന്നു. സമൂഹമാധ്യമങ്ങളിലും പോസ്റ്റുകളും റീലുകളും നിറഞ്ഞു. ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചും പാക്കിസ്ഥാൻ ടീമിനെതിരെ ട്രോളുകളും നിറച്ചുമായിരുന്നു എല്ലാ പോസ്റ്റുകളും. അതിനിടെ, ഇന്ത്യൻ താരങ്ങളും പോസ്റ്റുകളും റീലുകളും അവരവരുടെ അക്കൗണ്ടുകളിൽ പങ്കുവച്ചു. അവ മിക്കതും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
എന്നാൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതിലൊന്ന് ഫൈനൽ മത്സരത്തിൽ പ്ലേയിങ് ഇലവനിൽ ഇല്ലാതിരുന്ന ഒരു താരത്തിന്റേതാണ്. പേസർ അർഷ്‌ദീപ് സിങ്, തിലക് വർമ, അഭിഷേക് ശർമ, കുൽദീപ് യാദവ് എന്നിവർക്കൊപ്പം ചെയ്ത റീൽസ് ആരാധകർ ഏറ്റെടുത്തു. ജിതേഷ് ശർമ, ഹർഷിത് റാണ എന്നിവർക്കൊപ്പം ചേർന്ന് സഞ്ജു സാംസണെ ട്രോൾ ചെയ്യുന്ന വിഡിയോയും ചിരിപടർത്തി.
മുറി ഇംഗ്ലിഷിൽ തിലക് വർമയോടുള്ള അർഷ്‌ദീപിന്റെ ചോദ്യം ഇങ്ങനെ: ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. എന്താണ് തോന്നുന്നത്? (Final match, you perform. What happening?)
തിലകിന്റെ മറുപടി ഇങ്ങനെ: ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നു. വിജയാഘോഷം, ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നു. (Lot of happening. Winning solemnisation and a batch of happening.)
അഭിഷേകിനോട് അർഷ്‌ദീപ്: ടൂർണമെന്റ് മുഴുവൻ മികച്ച പ്രകടനം, എന്തു തോന്നുന്നു? (Full tourney you perform. What happening?)
അഭിഷേകിന്റെ മറുപടി: നല്ലതായിരുന്നു. ഫൈനൽ മത്സരം മോശമായിരുന്നു. (Good happening. Final match. Sometimes atrocious happening)
കുൽദീപിനോടും അർഷ്ദീപ് ചോദ്യം ആവർത്തിച്ചു: ടൂർണമെന്റ് മുഴുവൻ മികച്ച പ്രകടനം, എന്തു തോന്നുന്നു? (Full tourney you perform. What happening?)
കുൽദീപിന്റെ മറുപടി: എന്ത് സംഭവിക്കുന്നു? നല്ലത് സംഭവിക്കുന്നു ( What happening? Happening good.)
വർഷങ്ങൾക്കു മുൻപ് ബംഗ്ലദേശ് പ്രിമിയർ ലീഗിനിടെ നടന്ന ഒരു അഭിമുഖത്തിലെ വൈറൽ നിമിഷങ്ങൾ അനുകരിച്ചായിരുന്നു അർഷ്‌ദീപിന്റെ റീൽസ്. ഇംഗ്ലിഷിൽ അത്ര പ്രാവീണ്യമില്ലാത്ത ഒരു അവതാരകൻ അന്ന് വെസ്റ്റിൻഡീസ് താരം ആന്ദ്രെ റസ്സലിനോട് ചോദ്യങ്ങൾ ചോദിക്കുകയും താരം ആശയക്കുഴപ്പത്തിലാകുകയും ചെയ്തു. ഇതാണ് തമാശ റീൽസ് നിർമിക്കാൻ അർഷ്‌ദീപ് സിങ് ഉപയോഗിച്ചത്.
പാക്കിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ അനുകരിച്ചുകൊണ്ടായിരുന്നു സഞ്ജു സാംസണെ ട്രോൾ ചെയ്ത റീൽസ്. ഫൈനൽ മത്സരത്തിൽ സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തിയത് അബ്രാർ അഹമ്മദായിരുന്നു. വിക്കറ്റെടുക്കുമ്പോൾ അബ്രാർ സ്ഥിരമായി കാണിക്കാറുള്ള ആംഗ്യം സഞ്ജുവിനു നേരെ കാണിച്ചായിരുന്നു അർഷ്‌ദീപ്, ജിതേഷ്, ഹർഷിത് എന്നിവരുടെ ട്രോൾ. ഇതു ചിരിച്ചുകൊണ്ട് നോക്കിനിൽക്കുന്ന സഞ്ജുവിനെയും വിഡിയോയിൽ കാണാം.
English Summary:








English (US) ·