വാട്സാപ്പ് ഇല്ല, രണ്ടുവര്‍ഷത്തിനകം ഇ- മെയിലിലൂടെ മാത്രം ആശയവിനിമയം എന്നാണ് ആഗ്രഹം- ഫഹദ് ഫാസില്‍

6 months ago 6

Fahadh Faasil

ഫഹദ് ഫാസിൽ | ഫോട്ടോ: സിദ്ദിഖുൽ അക്ബർ | മാതൃഭൂമി

നസ്ലിന്‍ നായനകനായ 'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിനെത്തിയ ഫഹദ് ഫാസിലിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. ഫഹദിനേക്കാളേറെ അദ്ദേഹം ഉപയോഗിച്ച ഫോണിന്റെ പ്രത്യേകതകൊണ്ടാണ് ആ ദൃശ്യങ്ങള്‍ വൈറലായത്. ഫഹദിന്റെ കൈയിലെ ചെറിയ കീ പാഡ് ഫോണ്‍ ആണ് ശ്രദ്ധപിടിച്ചുപറ്റിയത്. വലിയ നടനായിട്ടും താരത്തിന്റെ ലാളിത്യത്തെക്കുറിച്ച് ആളുകള്‍ പ്രശംസിച്ചു. എന്നാല്‍ ഫഹദ് ഉപയോഗിക്കുന്നത് വെര്‍ട്ടു എന്ന കമ്പനിയുടെ അസന്റ് എന്ന ഫോണാണെന്നും അതിന് ലക്ഷങ്ങളാണ് വില എന്നും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കി. ഇപ്പോള്‍ തന്റെ ഫോണിനെക്കുറിച്ചും സാമൂഹികമാധ്യമ ഉപയോഗത്തെക്കുറിച്ചും മനസുതുറന്നിരിക്കുകയാണ് ഫഹദ് ഫാസില്‍.

കഴിഞ്ഞ ഒരുവര്‍ഷമായി താന്‍ 'ഡംബ് ഫോണ്‍' ആണ് ഉപയോഗിക്കുന്നത് എന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്. അടുത്ത രണ്ടുവര്‍ഷംകൊണ്ട് തന്നെ ഇ- മെയില്‍ വഴി മാത്രം ബന്ധപ്പെടാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു. വൈറല്‍ വീഡിയോയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫഹദ്.

'കഴിഞ്ഞ ഒരുവര്‍ഷമായി ഞാന്‍ 'ഡംബ് ഫോണ്‍' ആണ് ഉപയോഗിക്കുന്നത്. പക്ഷേ, അതിനര്‍ഥം ഞാന്‍ ഇന്റര്‍നെറ്റില്‍ നിന്നോ മറ്റോ പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണെന്നല്ല. ഞാനെന്റെ ഭാര്യയോട് പറയാറുണ്ട്, ആത്യന്തികമായി എനിക്ക് വേണ്ടത്, രണ്ട് വര്‍ഷം കഴിയുമ്പോഴേക്കും എന്നെ ഇ- മെയിലിലൂടെ മാത്രം ബന്ധപ്പെടാന്‍ സാധിക്കുന്ന അവസ്ഥയുണ്ടാവണം എന്നാണ്. അത് എപ്പോഴെങ്കിലും നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഫോണിലുള്ളതെല്ലാം കമ്പ്യൂട്ടറിലോ ഐപാഡിലോ ഉണ്ടാകുമല്ലോ. അതുകൊണ്ട് ഇ- മെയിലുകള്‍ നോക്കാനും മറുപടി നല്‍കാനും, അങ്ങനെയുള്ള കാര്യങ്ങള്‍ക്കും മാത്രമായി ഒരുപ്രത്യേക സമയം കണ്ടെത്താനുള്ള സൗകര്യമായിരുന്നു പ്രധാനം. അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു. ഇതുവരെ സാധിച്ചിട്ടില്ല. പക്ഷേ ഈ കാര്യങ്ങള്‍ക്കെല്ലാം കൃത്യമായ സമയക്രമം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്'- ഫഹദ് പറഞ്ഞു.

'സ്മാര്‍ട്ട് ഫോണ്‍ ഉണ്ടാവണമെന്നത് അത്യാവശ്യമാണ്, എന്നുകരുതി അത് അനിവാര്യമാണെന്ന് ഞാന്‍ പറയില്ല. ആവശ്യമുള്ളപ്പോള്‍ എന്നെ ബന്ധപ്പെടാനുള്ള രീതികളൊക്കെ ക്രമീകരിച്ചുവെച്ചിട്ടുണ്ട്. അതിന് അതിന്റേതായ വഴികളുണ്ട്. എന്നാല്‍, അതും സാമൂഹികമാധ്യമങ്ങളില്‍ സജീവമാകുന്നതും തമ്മില്‍ ബന്ധമൊന്നുമില്ല. തുടക്കകാലത്ത് ഞാനും ഫെയ്‌സ്ബുക്കിലൊക്കെ ഉണ്ടായിരുന്നു. എനിക്കത് അത്ര നന്നായി കൈകാര്യചെയ്യാന്‍ പറ്റിയിരുന്നില്ല. അതെങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. എന്ത് പോസ്റ്റ് ചെയ്യണം, കമന്റുകള്‍ക്ക് എങ്ങനെ മറുപടി നല്‍കണം എന്നൊന്നും എനിക്കറിയില്ലായിരുന്നു'- ഫഹദ് വ്യക്തമാക്കി.

'പക്ഷേ, ഒരു കാര്യത്തില്‍ എനിക്ക് നല്ല വ്യക്തതയുണ്ടായിരുന്നു, എന്റെ വീട്ടില്‍ നിന്നുള്ള ചിത്രങ്ങളൊന്നും പുറത്തുപോകരുത് എന്നതില്‍. ഞാന്‍ ചെയ്യുന്ന സിനിമകളെക്കുറിച്ച് ആളുകളെ അറിയിക്കാന്‍ വേണ്ടിയാണ് പ്രധാനമായും സോഷ്യല്‍ മീഡിയ ഉപയോഗിച്ചത്. എന്നെ സംബന്ധിച്ച്, എന്റെ ജോലിയെക്കുറിച്ച് ആളുകളെ അറിയിക്കാനുള്ള ഒരു ഇടം മാത്രമാണ് സോഷ്യല്‍ മീഡിയ. അതിനപ്പുറം വ്യക്തിപരമായ ഒന്നിനും അവിടെ സ്ഥാനമില്ല'- ഫഹദ് കൂട്ടിച്ചേര്‍ത്തു. തനിക്കിപ്പോള്‍ വാട്‌സാപ്പ് പോലുമില്ലെന്നും നടന്‍ പറഞ്ഞു.

Content Highlights: Fahadh Faasil reveals tech-minimalism, utilizing `dumb phone` and aiming for email-only communication

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article