ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ വാണിജ്യ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളിൽ ഇറാനും ഒമാനും നിർണായക പുരോഗതി കൈവരിച്ചതായി ഇറാൻ അറിയിച്ചു. പുതിയ കപ്പൽപാത സംബന്ധിച്ച് ഇരു രാജ്യങ്ങളും പ്രധാന ധാരണയിലെത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് വ്യക്തമാക്കി.
നിർദിഷ്ട സമുദ്രപാതയുടെ ഭൂമിശാസ്ത്രപരമായ കോർഡിനേറ്റുകളെ സംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ ധാരണയായിട്ടുണ്ടെന്നും, മറ്റ് കക്ഷികളിൽ നിന്ന് എതിർപ്പില്ലെങ്കിൽ പ്രധാന വിഷയങ്ങൾ ഉൾപ്പെടുത്തി സംയുക്ത പ്രസ്താവന പുറത്തിറക്കുമെന്നും ബഗായ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസമായി ഈ വിഷയത്തിൽ ഇരു രാജ്യങ്ങളും സജീവ ചർച്ചകൾ നടത്തിവരികയാണെന്നും, പദ്ധതിയുടെ സാങ്കേതിക, നിയമപര, സുരക്ഷാ വശങ്ങൾ ഇറാൻ വിശദമായി പരിശോധിച്ചുവരുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഹോർമുസ് കടലിടുക്കിലെ നിലവിലെ പ്രതിസന്ധിക്ക് യുഎസിന്റെയും ഇസ്രായേലിന്റെയും സൈനിക നടപടികളാണ് കാരണമെന്ന് ബഗായ് ആരോപിച്ചു. അതേസമയം, ഒമാനുമായുള്ള ധാരണ ഉണ്ടായാലും കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണമായും സുരക്ഷിതമായെന്നു കരുതാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഎസ് നാവിക സാന്നിധ്യവും ഇറാനെതിരായ സമ്മർദ നടപടികളും ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചിയോ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫോ ഈ വാരാന്ത്യത്തിൽ പാകിസ്ഥാനിലേക്കോ ഖത്തറിലേക്കോ സന്ദർശനം നടത്താൻ പദ്ധതിയില്ലെന്ന് ബഗായ് വ്യക്തമാക്കി. എന്നാൽ മേഖലയിൽ സംഘർഷം കുറയ്ക്കുന്നതിനും നയതന്ത്രപരമായ പരിഹാരങ്ങൾ തേടുന്നതിനുമായി ഈ രാജ്യങ്ങളുമായി ആശയവിനിമയം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാൻ-ഒമാൻ ചർച്ചകളിലെ ഏറ്റവും പുതിയ പുരോഗതികൾ സംബന്ധിച്ച് വിദേശകാര്യ മന്ത്രി അരഗ്ചി ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയുമായി ടെലിഫോൺ സംഭാഷണം നടത്തിയതായും ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലാകുന്നത് ആഗോള എണ്ണവിപണിക്കും അന്താരാഷ്ട്ര വ്യാപാരത്തിനും വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
1 month ago
11





English (US) ·