12 August 2025, 07:57 PM IST

എം.എസ്. ധോനി | AFP
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനി നല്‍കിയ 100 കോടിയുടെ മാനനഷ്ടക്കേസില്‍ വിചാരണ നടത്താന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്ന് ആരോപിച്ചാണ് ധോനി കേസ് കൊടുത്തത്. ചില മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ 2014-ലാണ് താരം കേസ് കൊടുക്കുന്നത്.
കേസില്‍ വിചാരണ ആരംഭിക്കാനാണ് കോടതിയുടെ ഉത്തരവ്. നടപടികള്‍ക്കായി ജസ്റ്റിസ് സി.വി കാര്‍ത്തികേയന്‍ ഒരു അഡ്വക്കേറ്റ് കമ്മിഷണറെ നിയമിച്ചിട്ടുമുണ്ട്. ധോനി കോടതിയില്‍ ഹാജരാകുമ്പോള്‍ ആളുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് ഈ നിര്‍ദേശം. ധോനിയുടെ മൊഴി അടുത്തുതന്നെ രേഖപ്പെടുത്തിയേക്കും. കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും വിചാരണ വൈകരുതെന്നും താരം സത്യവാങ്മൂലത്തില്‍ വ്യക്തമായിട്ടുണ്ട്.
സീ മീഡിയ കോര്‍പ്പറേഷന്‍, ന്യൂസ് നാഷന്‍ നെറ്റ് വർക്ക് എന്നീ സ്ഥാപനങ്ങള്‍ക്കെതിരേയും മാധ്യമപ്രവര്‍ത്തകനായ സുധീര്‍ ചൗധരി, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ജി. സമ്പത്ത് കുമാര്‍ എന്നിവര്‍ക്കെതിരേയുമാണ് ധോനി 100 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കിയത്. ഐ.പി.എല്‍ വാതുവെപ്പ് അഴിമതിയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സമ്പത്ത്. മാനനഷ്ടക്കേസിനെ തുടര്‍ന്ന് സമ്പത്ത് എഴുതിനല്‍കിയ വിശദീകരണത്തില്‍ ഹൈക്കോടതിക്കും സുപ്രീം കോടതിക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടെന്ന് ആരോപിച്ച് ധോനി വീണ്ടും പരാതി നൽകുകയായിരുന്നു.
Content Highlights: MS Dhonis Rs 100 Crore Defamation Case Madras High Court Orders Trial








English (US) ·