ടി.ജെ. ശ്രീജിത്ത്
04 May 2025, 04:01 PM IST

Sreesanth | Mathrubhumi
കൊച്ചി: കേരളത്തിൽനിന്നുള്ള മുൻ അന്താരാഷ്ട്രതാരം എസ്. ശ്രീശാന്തിനെ മൂന്നുവർഷത്തേക്ക് വിലക്കിയതുൾപ്പെടെയുള്ള നടപടിയിലൂടെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) നൽകുന്നത് ശക്തമായ സന്ദേശം. അച്ചടക്കമെന്ന ദീർഘചതുര പിച്ചിനുള്ളിലേക്ക് ക്രിക്കറ്റുമായി ബന്ധമുള്ള എല്ലാവരെയും കയറ്റിനിർത്തുകയാണ് ഈ നടപടിയിലൂടെ കെസിഎ ചെയ്തത്. നിലവിലുള്ള കളിക്കാർമാത്രം വേണ്ടതല്ല അച്ചടക്കമെന്നും അത് ഏതെങ്കിലും രീതിയിൽ കെസിഎയുമായി ബന്ധപ്പെടുന്ന എല്ലാവരും പാലിക്കേണ്ടതാണെന്നും വരികൾക്കിടയിലൂടെ പറയുന്നു. കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) എന്നത് പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ക്രിക്കറ്റ് സമൂഹത്തെ ബോധ്യപ്പെടുത്താൻകൂടിയുള്ളതാണ് ഈ ‘വിലക്ക്.’
മൂന്നുവർഷത്തേക്ക് വിലക്ക് നേരിട്ടതോടെ കേരള ക്രിക്കറ്റ് ലീഗ് ടീമായ കൊല്ലം ഏരീസിന്റെ സഹ ഉടമയായ ശ്രീശാന്തിനെ മാറ്റാൻ അവരുടെ മാനേജ്‌മെന്റ് നിർബന്ധിതമായേക്കും. ‘ടീം മാനേജ്‌മെന്റിൽ അംഗങ്ങളെ ഉൾപ്പെടുത്തുമ്പോൾ ജാഗ്രത വേണം’ എന്ന് കെസിഎ ടീമുകൾക്ക് മുന്നറിയിപ്പുനൽകിക്കഴിഞ്ഞു. ടീമുകളുടെ കോച്ചുമാരായി നിശ്ചയിക്കുന്നവരുടെ കാര്യത്തിലും ഇത് ബാധകമായേക്കും. കേരള ക്രിക്കറ്റ് ലീഗ് ടീമുകളിൽ കെസിഎയ്ക്കെതിരേ നിരന്തരം ആരോപണങ്ങളുന്നയിക്കുന്നവരും കേസുകളുൾപ്പെടെ നൽകിയിരിക്കുന്നവരുമുണ്ടെങ്കിൽ അവരെ മാറ്റണമെന്നുകൂടി ഈ നടപടിയിലൂടെ വ്യക്തമായിരിക്കുന്നു.
സമീപഭാവിയിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങുകയാണ് കേരള ക്രിക്കറ്റ്. അതിന് തടസ്സമാകുന്ന എന്തിനെയും നുള്ളിയെടുത്ത് പുറത്തിടാൻ അധികൃതർ തീരുമാനിച്ചുകഴിഞ്ഞു.
ശ്രീശാന്തിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഈ വിലക്ക്. വാതുവെപ്പുകേസിന്റെ വിലക്കിൽനിന്ന് മോചിതനായിവന്നതിനുപിന്നാലെയാണ് പുതിയ നടപടി. കെസിഎയുടെ നടപടി നേരിട്ടതോടെ സ്വാഭാവികമായും ക്രിക്കറ്റുമായി ബന്ധപ്പെടുന്ന എല്ലാത്തിൽനിന്നും ശ്രീശാന്തിനെ ഒഴിവാക്കാൻ ബന്ധപ്പെട്ടവർ നിർബന്ധിതരാകും. ഇടയ്ക്ക് ചില ചാനൽ കമന്ററിയുടെ ഭാഗമായിരുന്നു ശ്രീശാന്ത്.
Content Highlights: sreesanth sanju samson kca controversy








English (US) ·