
കലാഭവൻ നവാസ്, അബൂബക്കർ | ഫോട്ടോ: അറേഞ്ച്ഡ്
‘വാത്സല്യ’ത്തിലെ കുഞ്ഞമ്മാമയുടെ പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരിയെക്കുറിച്ച് പറയുമ്പോൾ നവാസിന്റെ മിഴികൾ പലപ്പോഴും നനയുമായിരുന്നു. ‘കുഞ്ഞമ്മാമ’യുടെ മക്കളായ നവാസും നിയാസും പക്ഷേ, മലയാളത്തിന്റെ വെള്ളിത്തിരയിലും മിനി സ്‌ക്രീനിലും വിടർത്തിയത് മുഴുവൻ ചിരിപ്പൂക്കളായിരുന്നു.
നാടക - സിനിമാ നടനായിരുന്നെങ്കിലും വലിയ സമ്പാദ്യമൊന്നുമില്ലാതിരുന്ന അബൂബക്കറിന്റെ മകൻ, തന്റെ സങ്കടങ്ങളും മറ്റുള്ളവരുടെ സങ്കടങ്ങളും മറയ്ക്കാൻ കണ്ടെത്തിയ വഴി ഒന്നു തന്നെയായിരുന്നു...ചിരി. മിമിക്രി എന്ന കലാരൂപത്തെ വേദികളിലും സിനിമയിലും ഒരുപോലെ ചിരിപ്പൂവായി വിടർത്തിയ നവാസ് അതിവേഗം എല്ലാവരുടെയും പ്രിയങ്കരനായി.
മുപ്പത് കൊല്ലം മുൻപ് ബാലു കിരിയത്ത് സംവിധാനം ചെയ്ത ‘മിമിക്സ് ആക്ഷൻ 500’ എന്ന സിനിമയിലൂടെയാണ് നവാസ് വെള്ളിത്തിരയിൽ തെളിഞ്ഞത്. ബേബിക്കുട്ടി എന്ന കഥാപാത്രവുമായി ‘മിമിക്സ് ആക്ഷൻ 500’-ലൂടെ സിനിമാ ആക്ഷൻ തുടങ്ങിയ നവാസ് ചിരിയുടെ കൂട്ടിലേക്കാണ് എന്നും പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോയത്. ‘ജൂനിയർ മാൻഡ്രേക്കി’ലെ സന്ദീപ് വാരിയരും ‘ചന്ദാമാമ’യിലെ പുല്ലേപ്പടി മോനായിയും ‘മായാജാല’ത്തിലെ പപ്പനും ‘വെട്ട’ത്തിലെ രാജകുമാരനും ‘മാട്ടുപ്പെട്ടി മച്ചാനി’ലെ ഉണ്ണികൃഷ്ണനുമൊക്കെയായി കരിയറിന്റെ തുടക്കത്തിൽ മിന്നിയ നവാസിന് പിന്നീട് ചിത്രങ്ങൾ അല്പം കുറഞ്ഞു.
എങ്കിലും കിട്ടുന്ന റോളുകളിലെല്ലാം അദ്ദേഹം തന്റെ കൈയൊപ്പ് ചാർത്തി. ഒടുവിൽ അഭിനയിച്ച ‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’ വരെയുള്ള സിനിമകളിൽ ഈ അടയാളം മായാതെയുണ്ടായിരുന്നു.
മലയും പുഴയും നെൽപ്പാടങ്ങളുമുള്ള വടക്കാഞ്ചേരിയിലായിരുന്നു നവാസ് ജനിച്ചതെങ്കിലും എറണാകുളത്തെ ഉമ്മയുടെ തറവാട്ടിലാണ് കലാജീവിതത്തിന്റെ തുടക്കംമുതൽ 20 വർഷത്തോളം താമസിച്ചത്. സ്റ്റേജ് ഷോകളുടെ സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിലേക്ക് നവാസ് കൂടുമാറുന്നത് എറണാകുളത്തെ താമസക്കാലത്തായിരുന്നു.
താരങ്ങളെ ഭംഗിയായി അനുകരിക്കുന്ന നവാസിന് പാടാനും മിടുക്കുണ്ടായിരുന്നു. എസ്. ജാനകി ഉൾപ്പെടെയുള്ള ഗായികമാരുടെ സ്വരം അനുകരിക്കുന്ന നവാസിന്റെ വൈഭവത്തിന് ഏറെ കൈയടി കിട്ടിയിരുന്നു.
ചിലപ്പോഴൊക്കെ സാഹചര്യം അനുസരിച്ച് 'കൈയിൽ നിന്ന് എടുത്തിടേണ്ട' ഘട്ടങ്ങൾ വരുന്ന മിമിക്രി വേദികളിൽ നവാസ് അതിന് അങ്ങേയറ്റം മിടുക്കനായിരുന്നുവെന്ന് സഹപ്രവർത്തകർ ഓർമ്മിക്കുന്നു. മിമിക്രിയും പാട്ടുമൊക്കെയായി വേദിയിൽ എത്ര മണിക്കൂർ കത്തിക്കയറുമ്പോഴും നവാസിന് അല്പംപോലും ക്ഷീണമുണ്ടായിരുന്നില്ല.
കഴിഞ്ഞ മാസം കലാഭവൻ എറണാകുളത്ത് നടത്തിയ മിമിക്രി ശില്പശാലയിലും നവാസ് അതിഥിയായി എത്തിയിരുന്നു.
Content Highlights: From Mimicry to Movies: A Tribute to Malayalam Actor Navas's Enduring Legacy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·