.jpg?%24p=affbaf8&f=16x10&w=852&q=0.8)
ഷാജി എൻ. കരുൺ, മോഹൻലാൽ | Photo: PTI, Mathrubhumi
'ദേവവാദ്യങ്ങള്‍' ഡോക്യുമെന്ററിയുടെ ഛായാഗ്രാഹകനായി എത്തുമ്പോഴാണ് മേളക്കാരുമായും കഥകളിക്കാരുമായും ഷാജി എന്‍. കരുണിന് കൂടുതല്‍ അടുപ്പമാകുന്നത്. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ തിരക്കഥയില്‍ 'ദേവവാദ്യങ്ങളു'ടെ ചിത്രീകരണത്തിരക്കിലായിരുന്ന എന്നോട് പെട്ടെന്നാണ്, എന്റെ ചലച്ചിത്രഗുരുകൂടിയായ ഷാജി സാറിന്റെ ചോദ്യം- 'കഥകളി അടിസ്ഥാനമാക്കി ഒരുസിനിമയെടുത്താലോ?'. യഥാര്‍ഥത്തില്‍ 'വാനപ്രസ്ഥ'ത്തിന്റെ പിറവിയ്ക്കുള്ള ഒരുക്കം ഇവിടെത്തുടങ്ങിയെന്നു പറയാം.
പിന്നീട് ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ഫോര്‍ ആര്‍ട്സിനുവേണ്ടി ഞാന്‍തന്നെ സംവിധാനം ചെയ്ത, കലാഗ്രാമമായ വെള്ളിനേഴിയെപ്പെറ്റിയുള്ള ഡോക്യുമെന്ററിയ്ക്കും അദ്ദേഹമായിരുന്നു ക്യാമറ. ഇതോടെ കഥകളിയിലെ പ്രമുഖരായ കീഴ്പടം കുമാരന്‍നായര്‍, രാമന്‍കുട്ടിനായര്‍, കലാമണ്ഡലം ഗോപിയാശാന്‍, വാദ്യവിസ്മയം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി തുടങ്ങിയവരുമായൊക്കെ അദ്ദേഹത്തിനു വലിയഅടുപ്പമായി. ആ ഊര്‍ജം 'വാനപ്രസ്ഥ'ത്തിലേയ്ക്ക് അദ്ദേഹത്തെ നയിച്ചു.
അന്നുപരിചയപ്പെട്ട കഥകളിക്കാരൊക്കെ, മേളക്കാരൊക്കെ, പലരൂപത്തില്‍ 'വാനപ്രസ്ഥ'ത്തിന്റെ ഭാഗമായി. വിഖ്യാത സ്വിസ് ഛായാഗ്രാഹകനും സംവിധായകുമായ റെനെറ്റോ ബെര്‍ടാ ആയിരുന്നു 'വാനപ്രസ്ഥ'ത്തിന്റെ ക്യാമറ. ഓരോ ഷോട്ടും ചത്രീകരിക്കാന്‍ അദ്ദേഹം വളരെക്കൂടുതല്‍ സമയമെടുക്കുന്നുണ്ടായിരുന്നു. ഇത് നിര്‍മാണച്ചെലവ് ഉയര്‍ത്തി. സിനിമ വല്ലാതെ നീളുന്നതിനോട് മുഖ്യനടനും കോ- പ്രൊഡ്യൂസറുമായ മോഹന്‍ലാല്‍ അത്രയങ്ങ് യോജിച്ചില്ല. ബെര്‍ട്ടയെമാറ്റി പകരം സന്തോഷ് ശിവന്‍ വന്നു. ബെര്‍ട്ടാ പരിഭവിച്ചില്ല. ഒരിക്കല്‍ ചിത്രീകരണത്തിനിടെ ബെര്‍ട്ട പറഞ്ഞത് മറക്കാനാകില്ല- 'ഷാജി അടുത്തുവന്ന് ക്യാമറയില്‍നോക്കുമ്പോള്‍ ഫ്രെയിമിനെപ്പെറ്റി ഞാനല്‍പം ഇമോഷണലാകും.' പിന്നീട് ഷാജിയെന്ന സംവിധായകന്‍ അഭിമുഖീകരിച്ച വലിയ പ്രതിസന്ധിയും ഇതായിരിക്കണം. എങ്കിലും മറ്റുക്യാമറമാന്‍മാരുടെ ക്രിയേറ്റിവിറ്റിയെ ഒരിക്കലും നിസാരമായി കണ്ടില്ല.
ദൃശ്യസൗന്ദര്യത്തില്‍ നിത്യവിസ്മയം തീര്‍ത്ത ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. കാവ്യാത്മകതയുടെ ദൃശ്യഭാഷ മലയാളസിനിമയില്‍ അദ്ദേഹത്തോളം ആരും സൃഷ്ടിച്ചിട്ടില്ല. ചിത്രകലയും സംഗീതവും മനസിലുള്ള ഒരാള്‍ക്കുമാത്രമേ ഇങ്ങനെയൊരു മായാലോകം ഛായാഗ്രഹണകലയില്‍ സൃഷ്ടിക്കാനാകൂ. അദ്ദേഹത്തിന്റെ ഷോട്ടിനും ഫ്രെയിമിനും മറ്റൊരു ഓപ്ഷന്‍ വേറൊരാള്‍ക്ക് നിര്‍ദ്ദേശിക്കാനാവില്ല. അത്രത്തോളം ഫോട്ടോഗ്രഫിയുടെ മാജിക് അദ്ദേഹം തൊട്ടറിഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമയുടെ ശക്തിയും സാംസ്‌കാരിക വൈവിധ്യവും ലോകത്തിനുമുന്നില്‍ വിസ്മയകരമായി അവതരിപ്പിക്കുന്നതില്‍ ഒരു ഛായാഗ്രാഹകന്‍ എന്ന നിലയിലും ചലച്ചിത്രകാരനെന്ന നിലയിലും അദ്ദേഹം എക്കാലവും അനശ്വരനായിരിക്കും.
കാഴ്ചയുടെ ലോകത്തായിരുന്നു അദ്ദേഹമെന്നും. നിരന്തരമായ യാത്ര, നിതാന്തമായ പ്രകൃതിസ്നേഹം, ദൃശ്യങ്ങള്‍ പകര്‍ത്തുക, കാണുക- അതായിരുന്നു ദിനചര്യ. 'ആ രാത്രിമുഴുവന്‍ ക്യാമറയെ കെട്ടിപ്പിടിച്ചാണ് ഞാന്‍ കിടന്നത്. ഇടയ്ക്ക് ഉണരുമ്പോള്‍ ക്യാമറ നെഞ്ചോടുചേര്‍ന്നുതന്നെയുണ്ടോയെന്നു നോക്കും'. ആദ്യം ക്യാമറകൈയില്‍ക്കിട്ടിയപ്പോഴത്തെ കഥ, ചിരിയില്‍ പിശുക്കനായ അദ്ദേഹം പറഞ്ഞത് പൊട്ടിച്ചിരിച്ചുകൊണ്ടാണ്. പാനാവിഷന്‍ ക്യാമറയില്‍ അദ്ദേഹം കൈവെയ്ക്കുമ്പോഴും ആ പാഷന്‍ ഞാന്‍ കണ്ടിട്ടുണ്ട്. ചലച്ചിത്രത്തേക്കാള്‍ നിശ്ചലചിത്രങ്ങള്‍ക്കുള്ള സൗന്ദര്യത്തെക്കുറിച്ച് അദ്ദേഹം വാചാലനാകാറുണ്ട്. ലോകത്ത് നിശബ്ദതയ്ക്കാണ് ശബ്ദത്തേക്കാള്‍ ശക്തിയും സൗന്ദര്യവുമെന്ന് എന്നെ പഠിപ്പിച്ച ഗുരുവാണ് അദ്ദേഹം.
ഇന്ത്യന്‍ സിനിമയില്‍ വിസ്മയിപ്പിക്കുന്ന മറ്റൊരു ഛായാഗ്രാഹകനായിരുന്ന അശോക് കെ. മേഹ്ത ആദ്യമായി സംവിധാനം ചെയ്ത 'മോക്ഷ' എന്ന ചിത്രത്തോട് മത്സരിച്ചാണ് എന്റെ ആദ്യചിത്രമായ 'സായാഹ്ന'ത്തിന് ദേശീയ അവാര്‍ഡ് കിട്ടിയത്. 'ഷാജിയുടെ ശിഷ്യനായതുകൊണ്ട് എനിയ്ക്ക് വിഷമമില്ലെ'ന്നാണ് മേഹ്ത പിന്നീടുകണ്ടപ്പോള്‍ പറഞ്ഞത്. മനുഷ്യന്റെ ഇമോഷണല്‍ ബാറ്ററി ചാര്‍ജുചെയ്യാനും റീചാര്‍ജ് ചെയ്യാനും ഷാജി സറിന് അറിയാം. ലൈറ്റപ് ചെയ്യുന്നതിനും ഫ്രെയിം ഫിക്സ് ചെയ്യുന്നതിനും ആംഗിളുകള്‍ നിശ്ചയിക്കുന്നതിലുമൊക്കെ അപാരവൈദഗ്ധ്യം ഓരോഷോട്ടിലും പ്രകടമാണ്. ഇതൊക്കെയാണ് ഛായാഗ്രാഹകനില്‍നിന്ന് മാസ്റ്റര്‍ ഫിലിം മേക്കറിലേയ്ക്ക് അദ്ദേഹത്തെ ഉയര്‍ത്തിയതും. ബെര്‍ട്ടയുടെയും മേഹ്തയുടെയും വിലയിരുത്തലുകള്‍ ശരിവെയ്ക്കുന്നതാണ് 'പിറവി'യും 'വാനപ്രസ്ഥവും' 'സ്വ'മ്മും 'കുട്ടിസ്രാങ്കു'മൊക്കെ. കാഴ്ചയുടെ കാണാപ്പുറങ്ങളിലേയ്ക്ക് ചലച്ചിത്രകലയെ കൊണ്ടുപോയ അദ്ദേഹത്തിന്റെ ജീവിതവും ജീവവായുവും സിനിമമാത്രമായിരുന്നു. ശബ്ദത്തില്‍പ്പോലും താനൊരു സൗമ്യനാണെന്ന് വിളിച്ചുപറയുന്നതാണ് അദ്ദേഹത്തിന്റെ പ്രകൃതം.
ഗുരുശിഷ്യബന്ധമായിരുന്നു ഞങ്ങള്‍തമ്മില്‍. ഒരിക്കലും രാഷ്ട്രീയമോ ഔദ്യോഗികകാര്യങ്ങളോ ചര്‍ച്ചയില്‍ വന്നില്ല- പറഞ്ഞതെല്ലാം സിനിമയെപ്പെറ്റിമാത്രം. 'സ്വം', 'വാനപ്രസ്ഥം' സിനിമകളുടെ തിരക്കഥമുതല്‍ സ്‌ക്രീനിങ് വരെ ഒപ്പമുണ്ടായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി എത്രയെത്രയാത്രകള്‍. സംവിധാനസഹായിയായി തുടങ്ങിയ സൗഹൃദം ആത്മബന്ധമായി വളര്‍ന്നു. അശോക് മേഹ്ത, സക്കീര്‍ഹുസൈന്‍, എം.എഫ്. ഹുസൈന്‍, പണ്ഡിറ്റ് രവിശങ്കര്‍ തുടങ്ങിയവരുമായി എനിക്കുണ്ടായ സൗഹൃദം ഷാജിയുടെ ശിഷ്യനെന്ന നിലയിലായിരുന്നു.
Content Highlights: Explore the beingness and artistry of Shaji N. Karun, renowned Indian cinematographer Director
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·