വാറിൽ വീഴാതെ റയൽ, നിഷേധിക്കപ്പെട്ടത് മൂന്നു ഗോളുകൾ; ലാ ലിഗയിൽ മൂന്നാം വിജയം

4 months ago 5

മനോരമ ലേഖകൻ

Published: September 01, 2025 11:03 AM IST

1 minute Read

റയൽ താരം ആർദ ഗുലർ (വലത്) ഹെഡറിലൂടെ ഗോൾ നേടുന്നു.
റയൽ താരം ആർദ ഗുലർ (വലത്) ഹെഡറിലൂടെ ഗോൾ നേടുന്നു.

മഡ്രിഡ് ∙ 3 ഗോളുകൾ വാറിന് ഇരയായിട്ടും റയൽ മഡ്രിഡിന് സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ 3–ാം ജയം. ഹോം ഗ്രൗണ്ടിൽ റയൽ മയ്യോർക്കയെ നേരിട്ട റയലിന്റെ ജയം 2–1ന്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമാണ് ഒരു മിനിറ്റിനിടെ 2 ഗോൾ തിരിച്ചടിച്ച് റയൽ ജയിച്ചത്. 18–ാം മിനിറ്റിൽ വേഡറ്റ് മുറിക്വിയുടെ ഗോളിൽ ലീഡ് നേടിയ മയ്യോർക്കയ്ക്കെതിരെ 37–ാം മിനിറ്റിൽ ആർദ ഗുലറും 38–ാം മിനിറ്റിൽ വിനീസ്യൂസും ഗോൾ നേടി. റയൽ നേടിയ മറ്റു 3 ഗോളുകൾ വാർ പരിശോധനയിൽ നിഷേധിക്കപ്പെട്ടു. 

11–ാം മിനിറ്റിൽ കിലിയൻ എംബപെയുടെ ഗോളിൽ റയൽ ലീഡ് നേടിയെന്നു കരുതിയെങ്കിലും വാർ പരിശോധനയിൽ അത് ഓഫ് സൈഡ് ആണെന്നു വ്യക്തമായി. മത്സരത്തിന്റെ ഒഴുക്കിനെതിരെ മുറിക്വി ഗോൾ നേടിയതോടെ റയലിന്റെ കളിയുടെ താളം മുറുകി. കോർണറിൽനിന്നു തട്ടിത്തട്ടിക്കയറ്റിയ പന്ത് ബോക്സിലേക്ക് ഉയർത്തിയടിച്ചതു ഹെഡ് ചെയ്തത് വീണ്ടുമൊരു ഹെഡറിലൂടെയാണ് ആർദ ഗുലർ ഗോളാക്കി മാറ്റിയത്.

തൊട്ടുപിന്നാലെ ബോക്സിനുള്ളിൽ തന്നെ ഓടിപ്പിടിക്കാൻ വന്ന ഡിഫൻഡറുടെ കാലുകൾക്കിടയിലൂടെ പ്ലേസ് ചെയ്ത ഷോട്ടിൽനിന്ന് വിനീസ്യൂസ് റയലിന്റെ വിജയഗോളും നേടി (2–1). എന്നാൽ, ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ കിലിയൻ എംബപെ വീണ്ടും ലക്ഷ്യം കണ്ടെങ്കിലും വാർ ഓഫ് സൈഡ് വിധിച്ചു. 55–ാം മിനിറ്റിൽ ആർദ ഗുലർ നേടിയ ഗോളിൽ വാർ പരിശോധനയിൽ ഹാൻഡ് ബോൾ ഉണ്ടെന്നു വ്യക്തമായതോടെ അതും നിഷേധിക്കപ്പെട്ടു. മയ്യോർക്ക താരം അൽവാരോ കരീരാസിന്റെ ഷോട്ട് ഗോൾലൈനിൽ തടുത്തതു വഴി പിന്നാലെ റയലും ഒരു ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടു.

3 കളിയിൽ മൂന്നും ജയിച്ച് 9 പോയിന്റുമായി റയൽ ഒന്നാം സ്ഥാനത്തുണ്ട്. മറ്റൊരു മത്സരത്തിൽ അലാവസ് ഹോം ഗ്രൗണ്ടിൽ അത്‌ലറ്റിക്കോ മഡ്രിഡിനെ 1–1 സമനിലയിൽ തളച്ചു.

English Summary:

Unstoppable Real Madrid: Real Madrid Defies VAR Drama to Secure 2-1 La Liga Win Against Mallorca

Read Entire Article