Published: June 23 , 2025 05:44 PM IST Updated: June 24, 2025 02:49 AM IST
2 minute Read
-
കെ.എൽ.രാഹുലിനും (137) ഋഷഭ് പന്തിനും (118) സെഞ്ചറി
-
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 364ന് പുറത്ത്; ഇംഗ്ലണ്ടിനു ലക്ഷ്യം 371
ലീഡ്സ്∙ രണ്ടാം ഇന്നിങ്സിലും സെഞ്ചറി നേടി ഋഷഭ് പന്തും (118) ഇംഗ്ലണ്ടിലെ മൂന്നാം ടെസ്റ്റ് സെഞ്ചറി എന്ന നേട്ടവുമായി കെ.എൽ.രാഹുലും (137) മുന്നിൽ നിന്നു നയിച്ചിട്ടും വാലറ്റത്തെ ബാറ്റിങ് തകർച്ച ഇന്ത്യയ്ക്കു തിരിച്ചടിയായി. 31 റൺസ് നേടുന്നതിനിടെ അവസാന 6 വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ഇന്ത്യ, ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 364ന് പുറത്തായി. ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ അവസാന 7 വിക്കറ്റ് നഷ്ടമായത് 41 റൺസിനിടെയായിരുന്നു. രണ്ടാം ഇന്നിങ്സിൽ 371 റൺസാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം. നാലാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 21 എന്ന നിലയിലാണ് ഇംഗ്ലണ്ട്. സാക് ക്രൗലിയും (12) ബെൻ ഡക്കറ്റുമാണ് (9) ക്രീസിൽ.
പൊരുതി, വീണു
2ന് 90 എന്ന നിലയിൽ നാലാം ദിനം ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (8) നഷ്ടമായി. ബ്രൈഡൻ കാഴ്സിന്റെ പന്തിൽ കട്ട് ഷോട്ടിനു ശ്രമിച്ച ഗിൽ ബോൾഡായി. ആദ്യ ഇന്നിങ്സിൽ സെഞ്ചറിയുമായി ടീമിന്റെ നെടുംതൂണായ ക്യാപ്റ്റനെ നഷ്ടപ്പെട്ടതോടെ ഇന്ത്യ പതറി. എന്നാൽ നാലാം വിക്കറ്റിൽ ഋഷഭ് പന്ത് ബാറ്റിങ്ങിന് എത്തിയതോടെ കാര്യങ്ങൾ മാറി. പന്തിന്റെ പവർ ഹിറ്റിങ് ഇംഗ്ലിഷ് ബോളർമാരുടെ ‘സമനില’ തെറ്റിച്ചു.
നാലാം വിക്കറ്റിനായി അറ്റാക്കിങ് ഫീൽഡ് സെറ്റാക്കി കാത്തിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന് വളരെപ്പെട്ടെന്നു തന്നെ ബൗണ്ടറി പ്രതിരോധിക്കാനായി ഫീൽഡർമാരെ തിരികെ വിളിക്കേണ്ടിവന്നു. ഇതോടെ മറുഭാഗത്ത് ക്ഷമയോടെ ബാറ്റ് ചെയ്തിരുന്ന രാഹുലിനും കാര്യങ്ങൾ എളുപ്പമായി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 195 റൺസ് കൂട്ടിച്ചേർത്തതോടെ മത്സരത്തിൽ ഇന്ത്യ ആധിപത്യം നേടിയെന്നു തോന്നിച്ചു.
ഇംഗ്ലിഷ് സ്പിന്നർ ശുഐബ് ബഷീറിന്റെ പന്തിൽ സിക്സറിനു ശ്രമിച്ച് പന്ത് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 287ൽ എത്തിയിരുന്നു. പന്ത് വീണതോടെ ഇന്ത്യ പരുങ്ങി. പകരമെത്തിയ കരുൺ നായർ (20) കരുതലോടെയാണ് തുടങ്ങിയത്. പതിയെ താളം കണ്ടെത്തിയ കരുൺ, രാഹുലിന് ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്കോർ ബോർഡിന് വീണ്ടും ജീവൻവച്ചു. 46 റൺസ് കൂട്ടിച്ചേർത്ത സഖ്യം നിലയുറപ്പിച്ചെന്നു തോന്നിച്ചെങ്കിലും രണ്ടാം ന്യൂബോൾ ലഭിച്ചതിനു പിന്നാലെ രാഹുലിനെ ബ്രൈഡൻ കാഴ്സ് വീഴ്ത്തി.
അധികം വൈകാതെ ക്രിസ് വോക്സിന് റിട്ടേൺ ക്യാച്ച് നൽകി കരുൺ നായരും മടങ്ങി. ഇതോടെ 6ന് 335 എന്ന നിലയിലായി ഇന്ത്യ. പിന്നാലെ 91–ാം ഓവറിൽ ഷാർദൂൽ ഠാക്കൂർ (4), മുഹമ്മദ് സിറാജ് (0), ജസ്പ്രീത് ബുമ്ര (0) എന്നിവരെ പുറത്താക്കിയ ജോഷ് ടങ് ഇന്ത്യയെ ഞെട്ടിച്ചു. രവീന്ദ്ര ജഡേജ (25 നോട്ടൗട്ട്) ചെറുത്തുനിൽപിനു ശ്രമിച്ചെങ്കിലും പ്രസിദ്ധ് കൃഷ്ണയെ (0) ശുഐബ് വീഴ്ത്തിയതോടെ 364ൽ ഇന്ത്യൻ സ്കോർ അവസാനിച്ചു. 4ന് 333 എന്ന നിലയിൽ നിന്നാണ് 31 റൺസിനിടെ ഇന്ത്യയുടെ അവസാന 6 വിക്കറ്റുകൾ നഷ്ടമായത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു മത്സരത്തിലെ രണ്ട് ഇന്നിങ്സുകളിലും സെഞ്ചറി നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറാണ് ഋഷഭ് പന്ത്. സിംബാബ്‌വെയുടെ ആൻഡി ഫ്ലവർ 2001ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ (142, 199*) ഇതേ നേട്ടം സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിങ്സുകളിലും സെഞ്ചറി നേടുന്ന ഏഴാമത്തെ ഇന്ത്യക്കാരനാണ് പന്ത്. നേരത്തെ വിജയ് ഹസാരെ, സുനിൽ ഗാവസ്കർ, രാഹുൽ ദ്രാവിഡ്, വിരാട് കോലി, അജിൻക്യ രഹാനെ, രോഹിത് ശർമ എന്നിവരാണ് രണ്ട് ഇന്നിങ്സിലും സെഞ്ചറി നേടിയ ഇന്ത്യൻ താരങ്ങൾ.
English Summary:








English (US) ·