Published: October 26, 2025 07:45 PM IST
1 minute Read
ചണ്ഡീഗഡ്∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ പഞ്ചാബ് ആദ്യ ഇന്നിങ്സിൽ 436 റൺസിന് പുറത്ത്. ഓപ്പണർ ഹർനൂർ സിങ്ങിന്റെ (170) സെഞ്ചറിയും വാലറ്റക്കാരുടെ ചെറുത്തുനിൽപുമാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. പ്രേരിത് ദത്ത 72 റൺസും മയാങ്ക് മാർക്കണ്ഡെ 48 റൺസുമെടുത്തു കേരളത്തിന് വേണ്ടി അങ്കിത് ശർമ നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റിന് 15 റൺസെന്ന നിലയിലാണ്.
ആറ് വിക്കറ്റിന് 240 റൺസെന്ന നിലയിലാണ് പഞ്ചാബ് രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയത്. ശേഷിക്കുന്ന വിക്കറ്റുകൾ ഉടൻ വീഴ്ത്തി പഞ്ചാബിനെ ചെറിയ സ്കോറിൽ ഒതുക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷകൾ പഞ്ചാബിന്റെ വാലറ്റക്കാർ തല്ലിക്കെടുത്തി. ഹർനൂർ സിങ്ങും കൃഷ് ഭഗതും ചേർന്ന് ഏഴാം വിക്കറ്റിൽ 66 റൺസ് കൂട്ടിച്ചേർത്തു. 28 റൺസെടുത്ത കൃഷ് ഭഗതിനെ ക്ലീൻ ബൗൾഡാക്കി അങ്കിത് ശർമയാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. ലഞ്ചിനു ശേഷമുള്ള ആദ്യ ഓവറിൽ തന്നെ ഹർനൂർ സിങ്ങിനെ നിധീഷ് എം.ഡി ക്ലീൻ ബൌൾഡാക്കി. 170 റൺസെടുത്ത ഹർനൂർ മടങ്ങുമ്പോൾ 8ന് 312 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ്.
എന്നാൽ ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടിൽ പ്രേരിത് ദത്തയും മായങ്ക് മാർക്കണ്ഡെയും ചേർന്ന് നേടിയ 111 റൺസാണ് മത്സരത്തിൽ പഞ്ചാബിന് മേൽക്കൈ നൽകിയത്. കേരള ക്യാപ്റ്റൻ മുഹമ്മദ് അസഹ്റുദ്ദീൻ ബോളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സ്കോർ 423ൽ നിൽക്കെ അഹ്മദ് ഇമ്രാനാണ് പ്രേരിത് ദത്തയെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചത്. നാല് റൺസെടുത്ത ആയുഷ് ഗോയലിനെ അങ്കിത് ശർമയും പുറത്താക്കിയതോടെ പഞ്ചാബിന്റെ ഇന്നിങ്സിന് 436ൽ അവസാനമായി. മായങ്ക് മാർക്കണ്ഡെ 48 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി അങ്കിത് ശർമ നാല് വിക്കറ്റും ബേസിൽ എൻ.പിയും ബാബ അപരാജിത്തും രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.
ആദ്യ ഇന്നിങ്സിൽ കേരളത്തിന് വേണ്ടി വത്സൽ ഗോവിന്ദും ബേസിൽ എൻ.പിയും ചേർന്നാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. നാല് റൺസെടുത്ത ബേസിൽ തുടക്കത്തിൽ തന്നെ മടങ്ങിയെങ്കിലും തുടർന്നെത്തിയ അങ്കിത് ശർമയും വത്സൽ ഗോവിന്ദും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ രണ്ടാം ദിവസത്തിന് അവസാനമിട്ടു. കളി നിർത്തുമ്പോൾ വത്സൽ ഏഴും അങ്കിത് ശർമ രണ്ടും റൺസുമായി ക്രീസിലുണ്ട്.
English Summary:








English (US) ·