ഇന്ത്യന്‍ ക്രിക്കറ്റ് ഒരു വലിയ പരിവര്‍ത്തനത്തിന്റെ പാതയിലാണ്. കഴിഞ്ഞ ഒരുപതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ ടീമിന്റെ നെടുംതൂണുകളായിരുന്ന വിരാട് കോലി, രോഹിത് ശര്‍മ, ആര്‍. അശ്വിന്‍ എന്നിവര്‍ വിരമിച്ചു കഴിഞ്ഞു. കോലിയും രോഹിത്തും ഏകദിനത്തില്‍ മാത്രമാണ് ഇനി കളിക്കുക. അതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യന്‍ യുവനിരയ്ക്ക് വലിയ പരീക്ഷണമാണ്. പുതിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനു കീഴില്‍ ബാറ്റിങ്ങില്‍ മികച്ച തുടക്കമിട്ടിട്ടും ഹെഡിങ്‌ലിയിലെ ലീഡ്‌സില്‍ ആദ്യ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റു. ഏഴു സെഷനുകളോളം മുന്നിട്ടു നിന്ന ടെസ്റ്റിലാണ് ഇന്ത്യ തോറ്റതെന്നതാണ് ഞെട്ടിക്കുന്ന കാര്യം. രണ്ട് ഇന്നിങ്‌സിലുമായി നാല് വ്യത്യസ്ത ബാറ്റര്‍മാര്‍ അഞ്ചു സെഞ്ചുറികളടക്കം 835 റണ്‍സ് നേടിയിട്ടും മത്സരം തോറ്റു എന്ന് പറയുന്നത് ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. പലതവണ മത്സരത്തില്‍ കിട്ടിയ മുന്‍തൂക്കം ഇന്ത്യ തുലച്ചുകളയുകയായിരുന്നു. ബാറ്റിങ് തകര്‍ച്ചയും ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതും വിചാരിച്ച മൂര്‍ച്ച ഇന്ത്യന്‍ ബൗളിങ്ങിന് ഇല്ലാതെ പോയതുമെല്ലാം ടീമിനെ പിന്നോട്ടടിച്ചു. നാലാം ഇന്നിങ്‌സില്‍ 371 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യം ഇംഗ്ലണ്ട് അനായാസം നേടിയപ്പോള്‍ ഇന്ത്യ ചോദിക്കുന്നു എവിടെയാണ് പിഴച്ചത്. മത്സരം ഇന്ത്യയുടെ കൈയില്‍ നിന്ന് വഴുതിപ്പോയതിന്റെ കാരണങ്ങള്‍ എന്തെന്ന് നോക്കാം.

മികച്ച തുടക്കം, പിന്നീട് കൂട്ടത്തകര്‍ച്ച
രണ്ട് ഇന്നിങ്‌സിലും കാര്യങ്ങളുടെ നിയന്ത്രണം ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാള്‍, ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ മികച്ച പ്രകടനത്തോടെ ഇന്ത്യ ഒരു ഘട്ടത്തില്‍ മൂന്നിന് 430 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. ഉറപ്പായും ടീം 600 റണ്‍സ് കടക്കുമെന്ന് ക്രിക്കറ്റ് പണ്ഡിതരടക്കം കരുതി. എന്നാല്‍ വെറും 41 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവസാന ഏഴു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഇന്ത്യ 471-ല്‍ ഒതുങ്ങി. മുന്‍നിര നല്‍കിയ മികച്ച തുടക്കം മുതലാക്കാന്‍ ഇന്ത്യന്‍ മധ്യനിരയ്‌ക്കോ ലോവര്‍ മിഡില്‍ ഓര്‍ഡറിനോ സാധിക്കാതെ പോയി. രണ്ടാം ഇന്നിങ്‌സിലും കഥ വ്യത്യസ്തമായിരുന്നില്ല. ഒരു ഘട്ടത്തില്‍ നാലിന് 333 റണ്‍സെന്ന നിലയില്‍ നിന്ന് പിന്നീട് 31 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യ 364-ല്‍ ഒതുങ്ങി. അരങ്ങേറ്റം കുറിച്ച സായ് സുദര്‍ശനും നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ കരുണ്‍ നായര്‍ക്കും ലഭിച്ച അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ല.

നിര്‍ണായക ഘട്ടങ്ങളിലെ ഫീല്‍ഡിങ് പിഴവുകള്‍
'ക്യാച്ചുകള്‍ മത്സരങ്ങള്‍ വിജയിപ്പിക്കും' എന്നാണല്ലോ, ലീഡ്‌സില്‍ ഇന്ത്യയ്ക്ക് പിഴച്ചതും ക്യാച്ചുകളുടെ കാര്യത്തിലാണ്. മത്സരത്തിലുടനീളം ഇന്ത്യയുടെ ഫീല്‍ഡിങ് മോശമായിരുന്നു. ക്യാച്ചുകളെടുക്കുന്നതില്‍ മാത്രമല്ല, ബൗണ്ടറികള്‍ തടയുന്നതിലും റണ്ണൊഴുക്ക് തടഞ്ഞ് ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കുന്നതിലുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ പിന്നാക്കം പോയി. ഏറ്റവും മോശം ഫീല്‍ഡിങ് പ്രകടനം യശസ്വി ജയ്‌സ്വാളില്‍ നിന്നായിരുന്നു. നാല് നിര്‍ണായക ക്യാച്ചുകളാണ് മത്സരത്തില്‍ ജയ്‌സ്വാള്‍ കൈവിട്ടത്. ബെന്‍ ഡക്കറ്റ് 97 റണ്‍സില്‍ നില്‍ക്കേ നഷ്ടപ്പെടുത്തിയ ക്യാച്ച് ഉള്‍പ്പെടെയാണിത്. 149 റണ്‍സെടുത്ത ഡക്കറ്റിന്റെ ഇന്നിങ്‌സ് ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമാകുകയും ചെയ്തു. ജയ്‌സ്വാള്‍ മാത്രമല്ല സ്ലിപ്പ് ഫീല്‍ഡര്‍മാരും ഏതാനും അവസരങ്ങള്‍ നഷ്ടപ്പെടുത്തി. ഔട്ട്ഫീല്‍ഡിലും പ്രകടനം മോശമായിരുന്നു.
.jpg?$p=b22b610&w=852&q=0.8)
തെറ്റിപ്പോയ ബൗളിങ് കോമ്പിനേഷന്‍
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ എന്നവരുള്‍പ്പെട്ട ഇന്ത്യയുടെ ബൗളിങ് കോമ്പിനേഷനും പാളി. ഒരറ്റത്ത് ബുംറ നന്നായി പന്തെറിഞ്ഞെങ്കിലും മറുവശത്ത് പിന്തുണ നല്‍കാനോ ഇംഗ്ലീഷ് ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കാനോ മറ്റ് ബൗളര്‍മാര്‍ക്കായില്ല. ഇതോടെ റണ്ണൊഴുക്കും നിയന്ത്രിക്കാനാകാതെ വന്നു. ഒന്നാം ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റെടുത്തെങ്കിലും 20 ഓവറില്‍ 128 റണ്‍സാണ് പ്രസിദ്ധ് വഴങ്ങിയത്. ആറ് ഓവര്‍ മാത്രമെറിഞ്ഞ ശാര്‍ദുല്‍ 38 റണ്‍സും വിട്ടുകൊടുത്തു. വിക്കറ്റൊന്നും ലഭിച്ചതുമില്ല. രണ്ടാം ഇന്നിങ്‌സില്‍ 15 ഓവര്‍ എറിഞ്ഞ പ്രസിദ്ധ് 92 റണ്‍സാണ് വഴങ്ങിയത്. നേടിയത് രണ്ട് വിക്കറ്റുകളും. 10 ഓവര്‍ എറിഞ്ഞ ശാര്‍ദുല്‍ 51 റണ്‍സ് വഴങ്ങിയാണ് രണ്ടു വിക്കറ്റെടുത്തത്. ഒന്നാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റെടുത്ത ബുംറയ്ക്ക് പക്ഷേ രണ്ടാം ഇന്നിങ്‌സില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചില്ല. മറ്റ് ബൗളര്‍മാരില്‍ നിന്ന് യഥേഷ്ടം റണ്‍സ് ലഭിച്ചതോടെ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ അതീവ ശ്രദ്ധയോടെയാണ് ബുംറയെ നേരിട്ടത്. രണ്ട് ഇന്നിങ്‌സിലും ന്യൂബോള്‍ കൊണ്ട് കാര്യമായ സമ്മര്‍ദം സൃഷ്ടിക്കാനും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല.
അധിക പേസ് ഓപ്ഷനായിരുന്ന അര്‍ഷ്ദീപ് സിങ്ങിനെയും ആക്രമണകാരിയായ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും ഒഴിവാക്കിയത് ഇന്ത്യന്‍ ബൗളിങ്ങിന്റെ മൂര്‍ച്ച കുറച്ചു. ബാറ്റിങ്, ബൗളിങ് വൈഭവം പരിഗണിച്ച് ടീമിലെടുത്ത ശാര്‍ദുല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും പരാജയമായി. ശാര്‍ദുലിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയതു തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ജഡേജയ്ക്കും ഇംഗ്ലീഷ് ബാറ്റര്‍മാരെ അല്‍പമെങ്കിലും ബുദ്ധിമുട്ടിക്കാന്‍ പോലും സാധിച്ചില്ല. ഇംഗ്ലീഷ് ബാറ്റര്‍മാര്‍ ജഡേജയ്‌ക്കെതിരേ അനായാസും റിവേഴ്‌സ് സ്വീപ്പുകള്‍ കളിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു.

ഒരേയൊരു ബുംറ മാത്രം
ജസ്പ്രീത് ബുംറയെ മാത്രം ആശ്രയിച്ച് ഇന്ത്യ എത്രനാള്‍ മുന്നോട്ടുപോകുമെന്നത് ചോദ്യചിഹ്നമാണ്. വിരാട് കോലി ക്യാപ്റ്റനായിരുന്ന സമയത്തെ ഇന്ത്യന്‍ പേസ് ബൗളിങ് ലോകോത്തര നിലവാരത്തിലുള്ളതായിരുന്നു. ഇഷാന്ത് ശര്‍മയും ബുംറയും മുഹമ്മദ് ഷമിയും ഉമേഷ് യാദവുമെല്ലാം ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുത്ത കാലമായിരുന്നു അത്. എന്നാല്‍ ഇന്ന് ബുംറയ്ക്ക് മറ്റേ അറ്റത്ത് പിന്തുണ നല്‍കാന്‍ മറ്റൊരു പേസര്‍ക്ക് സാധിക്കുന്നില്ല. ന്യൂബോളില്‍ വിക്കറ്റെടുക്കാനും കൂട്ടുകെട്ടുകള്‍ തകര്‍ക്കാനും റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനുമെല്ലാം ഇന്ത്യയ്ക്ക് ഇന്നും ആശ്രയം ബുംറ തന്നെ. രണ്ടാം ഇന്നിങ്‌സില്‍ ബുംറയ്ക്ക് സ്വാധീനമുണ്ടാക്കാന്‍ സാധിക്കാതെ പോയതും മറുവശത്ത് പിന്തുണയില്ലാതിരുന്നതുകൊണ്ടു തന്നെ. ബുംറയെ കൈകാര്യം ചെയ്തുകഴിഞ്ഞാല്‍ ഇന്ത്യയ്‌ക്കെതിരേ റണ്‍സടിക്കുന്നത് എളുപ്പമാണെന്ന് ഇംഗ്ലണ്ട് മനസിലാക്കിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ അവരത് ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്തു. പ്രത്യേകിച്ചും സാക് ക്രോളിയും ബെന്‍ ഡക്കറ്റും. ബുംറ ക്ലിക്കാകുമ്പോള്‍ മാത്രമാണ് ഇന്ത്യയ്ക്ക് കളിയിലേക്ക് തിരിച്ചെത്താന്‍ സാധിക്കുന്നതെന്ന സ്ഥിതി വന്നു.
ബുദ്ധിപൂര്‍വം കളിച്ച് ഇംഗ്ലണ്ട്
ആകെയുള്ള സെഷനില്‍ ഏഴിലും ഇന്ത്യ മുന്‍തൂക്കം നേടിയിട്ടും പതറാതിരുന്ന ഇംഗ്ലണ്ട് അര്‍ഹിച്ച വിജയമായിരുന്നു ലീഡ്‌സിലേത്. ഇന്ത്യന്‍ മുന്‍നിക റണ്‍സടിച്ചുകൂട്ടിയിട്ടും ഇംഗ്ലണ്ട് ഒരിക്കലും ആത്മവിശ്വാസം കൈവിട്ടില്ല. പിച്ച് ബാറ്റിങ്ങിനെ തുണയ്ക്കുന്നതാണെന്ന് മനസിലാക്കി വളരെ ശ്രദ്ധയോടെയായിരുന്നു ഇംഗ്ലണ്ടിന്റെ മുന്നേറ്റം. തികച്ചും ശാന്തത നിറഞ്ഞ സമീപനമാണ് ഇംഗ്ലീഷ് താരങ്ങള്‍ പുറത്തെടുത്തത്. കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് അവര്‍ കളിച്ചത്. നിര്‍ഭയമായി ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ട അവര്‍ യാതൊരു തിടുക്കവും കാണിച്ചില്ല. അഞ്ചാം ദിനം 350 റണ്‍സടിക്കണമായിരുന്നിട്ടും കൃത്യമായ കണക്കുകൂട്ടലുകളോടെ തികഞ്ഞ ശ്രദ്ധയോടെയായിരുന്നു അവരുടെ ബാറ്റിങ്. എന്നാല്‍ അമിത ജാഗ്രത പുലര്‍ത്തിയതുമില്ല. വേണ്ടപ്പോള്‍ ഇന്നിങ്‌സ് വേഗം കൂട്ടി, എപ്പോള്‍ ആക്രമിക്കണം എന്ന് മുന്‍കൂട്ടി കണ്ടായിരുന്നു അഞ്ചാം ദിനം ഇംഗ്ലണ്ടിന്റെ ബാറ്റിങ്.
ഇതൊക്കെയാണെങ്കിലും ഇംഗ്ലീഷ് മണ്ണില്‍ അഞ്ചു സെഞ്ചുറികള്‍ കുറിച്ച ബാറ്റര്‍മാരുടെ പ്രകടനം ഇന്ത്യയ്ക്ക് പ്രതീക്ഷ തന്നെയാണ്. പ്രത്യേകിച്ചും വ്യത്യസ്ത ബാറ്റര്‍മാര്‍ തിളങ്ങുന്ന സാഹചര്യത്തില്‍. ബൗളിങ് കോമ്പിനേഷന്‍ കൂടി മികച്ചതായാണ് ഈ പരമ്പരയില്‍ ഇന്ത്യയ്ക്ക് തിരിച്ചുവരാന്‍ സാധിക്കും.
Content Highlights: India mislaid the archetypal Test contempt scoring 835 runs & 5 centuries. Bowling and fielding errors








English (US) ·