വാഷിങ്ടൻ എന്തു ചെയ്താലും അവഗണന, ഇന്ത്യയിൽ മറ്റൊരു താരത്തിനുമില്ലാത്ത ദുർഗതി: സിലക്ടർമാർക്കെതിരെ തുറന്നടിച്ച് പിതാവ് സുന്ദർ

5 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: July 29 , 2025 12:57 PM IST

1 minute Read

വാഷിങ്ടൻ സുന്ദർ (X/BCCI), വാഷിങ്ടൻ പിതാവ് സുന്ദറിനൊപ്പം (X/@Sundarwashi5)
വാഷിങ്ടൻ സുന്ദർ (X/BCCI), വാഷിങ്ടൻ പിതാവ് സുന്ദറിനൊപ്പം (X/@Sundarwashi5)

ചെന്നൈ∙ ആഭ്യന്തര ക്രിക്കറ്റിലും രാജ്യാന്തര ക്രിക്കറ്റിലും സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ചവച്ചിട്ടും വാഷിങ്ടൻ സുന്ദർ നേരിടുന്നത് തികഞ്ഞ അവഗണനയാണെന്ന വിമർശനവുമായി താരത്തിന്റെ പിതാവ് സുന്ദർ രംഗത്ത്. ഇന്ത്യൻ ക്രിക്കറ്റിൽ മറ്റൊരു താരവും നേരിടാത്ത തരം അവഗണനയാണ് വാഷിങ്ടൻ സുന്ദർ നേരിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മികച്ച പ്രകടനം കാഴ്ചവച്ചാലും ഒന്നോ രണ്ടോ മത്സരങ്ങളിൽ തിളങ്ങിയില്ലെങ്കിൽ വാഷിങ്ടനിനെ പുറത്തിരുത്താനുള്ള പ്രവണത ശക്തമാണ്. സിലക്ടർമാർ ദയവുചെയ്ത് മകന്റെ പ്രകടനം വേണ്ടവിധം കാണണമെന്നും സുന്ദർ ആവശ്യപ്പെട്ടു. മാഞ്ചസ്റ്റർ ടെസ്റ്റിൽ വാഷിങ്ടൻ സുന്ദർ കന്നി സെഞ്ചറി കുറിച്ച് ടീമിന് സമനില സമ്മാനിച്ചതിനു പിന്നാലെയാണ് പിതാവിന്റെ പ്രതികരണം.

വർഷങ്ങളായി സ്ഥിരതയോടെ കളിക്കുന്ന താരമാണ് വാഷിങ്ടൻ. എന്നിട്ടും ആളുകൾ അവനെ അവഗണിക്കുകയും പലപ്പോഴും മറക്കുകയും ചെയ്യുന്നു. മറ്റു കളിക്കാർക്ക് സ്ഥിരമായി അവസരം ലഭിക്കുമ്പോൾത്തന്നെ, എന്റെ മകൻ അവഗണിക്കപ്പെടുന്നു. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലേതുപോലെ വാഷിങ്ടന‍െ സ്ഥിരമായി അഞ്ചാം നമ്പറിൽ ഇറക്കണം. അങ്ങനെ സ്ഥിരമായി അഞ്ച് മുതൽ 10 വരെ ടെസ്റ്റുകളിൽ അവസരം നൽകി നോക്കൂ. ഇംഗ്ലണ്ടിലെത്തിയ ശേഷം ആദ്യ മത്സരത്തിൽ അവന് അവസരം ലഭിക്കാതിരുന്നത് എനിക്ക് അദ്ഭുതകരമായി തോന്നി. സിലക്ടർമാർ ദയവു ചെയ്ത് അവന്റെ പ്രകടനം കാണണം’ – സുന്ദർ പറഞ്ഞു.

ലോഡ്സ് ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ വാഷിങ്ടൻ സുന്ദർ നാലു വിക്കറ്റും വീഴ്ത്തിയിരുന്നു. ഒന്നോ രണ്ടോ മത്സരങ്ങളിൽ പരാജയപ്പെടുമ്പോഴേക്കും വാഷിങ്ടൻ സുന്ദറിനെ പുറത്തിരുത്താനുള്ള പ്രവണത ശക്തമാണെന്നും സുന്ദർ ആരോപിച്ചു. മറ്റു താരങ്ങളുടെ കാര്യത്തിൽ ഇത്ര തീക്ഷ്ണത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

‘‘ഒന്നോ രണ്ടോ മത്സരത്തിൽ തിളങ്ങാനാകാതെ പോകുമ്പോൾത്തന്നെ അവനെ ഒഴിവാക്കാൻ ശ്രമിക്കുകയാണ്. അതു ശരിയല്ല. 2021ൽ ചെന്നൈയിൽവച്ച് ഇംഗ്ലണ്ടിനെതിരെ വാഷിങ്ടൻ 85 റൺസെടുത്തിരുന്നു. അതേ വർഷം ഇംഗ്ലണ്ടിനെതിരെ തന്നെ അഹമ്മദാബാദിൽ പുറത്താകാതെ 96 റൺസെടുത്തു. ആ രണ്ട് തവണയും അവൻ സെഞ്ചറി നേടിയാൽപ്പോലും അവനെ ഒഴിവാക്കുമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ മറ്റേതെങ്കിലും താരത്തോട് ഇതേ സമീപനമുണ്ടോ? ഇത്രയൊക്കെ തിരിച്ചടികൾ നേരിട്ടിട്ടും അവൻ കരുത്തോടെ തിരിച്ചുവന്നു. അതിന്റെ ഫലമാണ് ഇപ്പോൾ നാം കാണുന്ന ഈ പ്രകടനങ്ങൾ’ – സുന്ദർ പറഞ്ഞു.

ഐപിഎലിൽ വാഷിങ്ടനിന്റെ ടീമായ ഗുജറാത്ത് ടൈറ്റൻസും താരത്തിന് സ്ഥിരമായി അവസരം നൽകാൻ തയാറായില്ലെന്ന് സുന്ദർ ചൂണ്ടിക്കാട്ടി. ‘‘ഐപിഎൽ ഗുജറാത്ത് ടൈറ്റൻസ് പോലും അവന് സ്ഥിരമായി അവസരം നൽകിയില്ല. എന്നിട്ടും മുംബൈ ഇന്ത്യൻസിനെതിരായ എലിമിനേറ്റർ പോരാട്ടത്തിൽ 24 പന്തിൽ 48 റൺസെടുത്ത് അവൻ കഴിവു തെളിയിച്ചു.’ – സുന്ദർ പറഞ്ഞു.

‘‘രാജസ്ഥാൻ റോയൽസിൽ യശസ്വി ജയ്‌സ്വളിനു ലഭിക്കുന്ന പിന്തുണ നോക്കൂ. ആഭ്യന്തര ക്രിക്കറ്റിൽ പോലും വാഷ്ങിടന് സ്ഥിരമായി അവസരം നൽകാൻ ടീമുകൾ തയാറായിട്ടില്ല’ – സുന്ദർ പറഞ്ഞു.

English Summary:

Washington Sundar's Father Alleges Unparalleled Neglect by Indian Selectors

Read Entire Article