Published: January 13, 2026 10:42 AM IST
1 minute Read
ന്യൂഡൽഹി∙ സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ ട്വന്റി20 ലോകകപ്പിന് ഇന്ത്യയിലേക്കു വരാൻ സാധിക്കില്ലെന്ന ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) വാദം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തള്ളിയതായി സൂചന. ഇന്ത്യയിൽ പറയത്തക്ക പ്രശ്നങ്ങളില്ലെന്നും ഈ സാഹചര്യത്തിൽ ബംഗ്ലദേശിന്റെ മത്സരങ്ങൾ മറ്റൊരു വേദിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കേണ്ടതില്ലെന്നും ഐസിസി വ്യക്തമാക്കിയതായാണ് വിവരം. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐപിഎലിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരില്ലെന്നും പകരം മറ്റൊരു വേദി അനുവദിക്കണമെന്നും ബിസിബി ആവശ്യം ഉന്നയിച്ചത്.
ഐസിസിയുടെ സുരക്ഷാ വിദഗ്ധർ നടത്തിയ പരിശോധനയിൽ ഇന്ത്യയിൽ ബംഗ്ലദേശ് ടീമിന് ഭീഷണിയുള്ളതായി വിവരമില്ലെന്ന് ഐസിസി വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ടൂർണമെന്റിന് യാതൊരുവിധ സുരക്ഷാ ഭീഷണിയും നിലവില്ല; ബംഗ്ലദേശ് ടീമിനും സുരക്ഷാ ഭീഷണികളില്ല. ബംഗ്ലദേശിന്റെ ഗ്രൂപ്പ് ഘട്ട മത്സരം നടക്കുന്ന വേദികളായ കൊൽക്കത്ത ഈഡൻ ഗാർഡൻസ്, മുംബൈ വാങ്കഡെ സ്റ്റേഡിയം എന്നിവയ്ക്കു നേരെയും ഭീഷണികളില്ല.
ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) ആവശ്യങ്ങൾ അംഗീകരിച്ചെന്ന കായികമന്ത്രാലയ ഉപദേഷ്ടാവ് ആസിഫ് നസ്രുളിന്റെ അവകാശവാദവും ജയ് ഷാ അധ്യക്ഷനായ ഐസിസി തള്ളി. ‘‘ഇന്ത്യയിലെ സുരക്ഷ സംബന്ധിച്ച് ഐസിസിയും ബിസിബിയും തമ്മിൽ ആശയവിനിമയം നടന്നിട്ടുണ്ട്. എന്നാൽ ആസിഫ് നസ്രുൾ പറഞ്ഞത് പച്ചക്കള്ളമാണ്. മുസ്തഫിസുറിനെ ടീമിലുൾപ്പെടുത്തുന്നത് ഒരു പ്രശ്നമാകുമെന്ന് ഐസിസി പറഞ്ഞിട്ടേയില്ല.
ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആസിഫ് നസ്രുൾ, ബിസിബിയുടെ ആഭ്യർഥന ഐസിസി അംഗീകരിച്ചതായി പറഞ്ഞത്. ‘‘ഐസിസിയുടെ സുരക്ഷാ സംഘവും സുരക്ഷാ ചുമതലയുള്ളവരും ബിസിബിക്ക് ഒരു കത്ത് അയച്ചിട്ടുണ്ട്. ആ കത്തിൽ, മൂന്ന് കാര്യങ്ങൾ ബംഗ്ലദേശ് ടീമിനുള്ള സുരക്ഷാ ഭീഷണി വർധിപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.’’– ധാക്കയിൽ നടന്ന വാർത്താസമ്മേളനത്തിൽ നസ്രുൾ പറഞ്ഞതായി പ്രാദേശിക പത്രമായ ‘ഡെയ്‌ലി സ്റ്റാർ’ റിപ്പോർട്ട് ചെയ്തു.
‘‘ഒന്ന്, മുസ്തഫിസുർ റഹ്മാനെ ബംഗ്ലദേശ് ടീമിൽ ഉൾപ്പെടുത്തുന്നത്. രണ്ട്, ബംഗ്ലദേശ് ടീമിന്റെ ആരാധകർ ബംഗ്ലദേശിന്റെ ദേശീയ ജേഴ്‌സി ധരിച്ച് നടക്കുന്നത്. മൂന്നാമത്തേത്, ബംഗ്ലദേശ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബംഗ്ലദേശ് ടീമിന്റെ സുരക്ഷാ ഭീഷണി വർധിക്കുമെന്നതാണ്.’’– ആസിഫ് നസ്രുൾ പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളെല്ലാം ഐസിസി വൃത്തങ്ങൾ നിഷേധിക്കുകയായിരുന്നു. ഇതിനു പിന്നാലെ ബിസിബിയുടെ കാര്യങ്ങൾ വിശദീകരിച്ചു.
‘‘ട്വന്റി20 ലോകകപ്പിന് മുന്നോടിയായ ബിസിബിയും ഐസിസിയും തമ്മിൽ നടത്തിയ ആഭ്യന്തര ചർച്ചകളെ സംബന്ധിച്ചാണ് ആസിഫ് നസ്രുൾ പറഞ്ഞത്. "ബംഗ്ലദേശിന്റെ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ബിസിബിയുടെ അഭ്യർഥനയ്ക്ക് ഐസിസിയുടെ ഔദ്യോഗിക പ്രതികരണം ഇതല്ല. ഇക്കാര്യത്തിൽ ഐസിസിയുടെ മറുപടിക്കായി കാത്തിരിക്കുകയാണ്.’– ബിസിബി പ്രസ്താവനയിൽ അറിയിച്ചു.
English Summary:








English (US) ·