
നൊവാക് ജോക്കോവിച്ച്, കാർലോസ് അൽക്കരാസ് | AP
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ക്ലബ്ബിൽ വീണ്ടും റാക്കറ്റുകളുടെ മുഴക്കം തുടങ്ങുന്നു. ഈവർഷത്തെ വിംബിൾഡൺ ടെന്നീസ് ടൂർണമെന്റിന് തിങ്കളാഴ്ച തുടക്കം. പുരുഷവിഭാഗത്തിൽ, നിലവിലെ ജേതാവും ലോക റാങ്കിങ്ങിൽ രണ്ടാംസ്ഥാനക്കാരനുമായ സ്പെയിനിന്റെ കാർലോസ് അൽക്കരാസ്, ജർമനിയുടെ അലക്സാണ്ടർ സ്വരേവ്, വനിതാ വിഭാഗത്തിൽ ഒന്നാം റാങ്കുകാരിയായ ബെലറൂസ് താരം ആര്യാന സബലേങ്ക തുടങ്ങിയവർ ആദ്യദിനം മത്സരിക്കാനിറങ്ങും.
ടൂർണമെന്റിൽ ഏഴുകിരീടങ്ങൾക്ക് ഉടമയായ സെർബ് താരം നൊവാക് ജോക്കോവിച്ച് ആദ്യ മത്സരത്തിൽ ചൊവ്വാഴ്ച ഫ്രാൻസിന്റെ അലക്സാൻഡ്രെ മ്യൂളറെ നേരിടും. 25-ാം ഗ്രാൻസ്ലാം ലക്ഷ്യമിടുന്ന ജോക്കോവിച്ചിന് ഇവിടെ അതിനുള്ള നല്ല അവസരമാണെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞവർഷവും ഈവർഷം നടന്ന ആദ്യ രണ്ടു ഗ്രാൻസ്ലാമുകളിലും ജോക്കോയ്ക്ക് കിരീടം നേടാനായിട്ടില്ല.
വിംബിൾഡണിലെ 138-ാമത് എഡിഷനാണിത്. ചരിത്രത്തിൽ ആദ്യമായി ലൈൻ ജഡ്ജായി മനുഷ്യർ ഇല്ലാതെയാണ് ഇക്കുറി മത്സരം. ഇതിന് ഇലക്ട്രോണിക് സംവിധാനം വരും. പുരുഷ-വനിതാ വിഭാഗങ്ങളിലെ ജേതാക്കൾക്ക് 30 കോടിയോളം രൂപ സമ്മാനത്തുകയുണ്ട്. കഴിഞ്ഞവർഷത്തേക്കാൾ 11 ശതമാനം അധികമാണിത്. എല്ലാ സമ്മാനത്തുകയിലും വർധനയുണ്ട്.
കഴിഞ്ഞ രണ്ടുതവണയും കിരീടം നേടിയ കാർലോസ് അൽക്കരാസ്, ഹാട്രിക് കിരീടലക്ഷ്യവുമായാണ് ഇക്കുറി ഇറങ്ങുന്നത്. അങ്ങനെയെങ്കിൽ റോജർ ഫെഡറർക്കുശേഷം വിംബിൾഡണിൽ തുടർച്ചയായി മൂന്നുകിരീടം നേടുന്ന ആദ്യത്തെയാളാകും. അൽക്കരാസ് ആദ്യറൗണ്ടിൽ ഇറ്റലിയുടെ ഫാബിയോ ഫോഗിനിയെ നേരിടും. ഇന്ത്യൻസമയം തിങ്കളാഴ്ച വൈകീട്ട് ആറിനാണ് മത്സരം. പുരുഷവിഭാഗത്തിൽ ഒന്നാംസീഡുകാരനായ ഇറ്റലിയുടെ യാനിക് സിന്നർ ചൊവ്വാഴ്ച ആദ്യറൗണ്ടിൽ സ്വന്തം നാട്ടുകാരനായ ലൂക്ക നാർഡിയെ നേരിടും.
വനിതാ വിഭാഗത്തിൽ, നിലവിലെ ജേതാവായ ചെക് റിപ്പബ്ലിക് താരം ബാർബോറ ക്രെജിക്കോവ ആദ്യറൗണ്ടിൽ ഫിലിപ്പീൻസിന്റെ അലെക്സാൻഡ്ര ഇയാലയെ നേരിടും. ഒന്നാം സീഡുകാരിയായ ആര്യാന സബലേങ്ക കാനഡയുടെ കാർസൺ ബ്രാൻസ്റ്റീനെ നേരിടും.
Content Highlights: wimbledon tennis 2025








English (US) ·