30 June 2025, 08:30 PM IST

ഡാനിൽ മെദ്‌വദേവ് | AFP
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വന്‍ അട്ടിമറി. ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ട് മുന്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ ഡാനില്‍ മെദ്‌വദേവ് പുറത്തായി. ഫ്രഞ്ച് താരം ബെഞ്ചമിന്‍ ബോണ്‍സിയാണ് താരത്തെ അട്ടിമറിച്ചത്. നാലുസെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുക്കമാണ് ബെഞ്ചമിന്‍ മെദ്‌വദേവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ - 7-6(7-2), 3-6, 7-6(7-3), 6-2
ആദ്യ സെറ്റില്‍ തന്നെ മെദ്‌വദേവിനെ ഞെട്ടിച്ചാണ് ബോണ്‍സി തുടങ്ങിയത്. കടുത്ത പോരാട്ടത്തിനൊടുക്കം ടൈബ്രേക്കറിലേക്കാണ് ബോണ്‍സി ആദ്യ സെറ്റ് സ്വന്തമാക്കുന്നത്. എന്നാല്‍ രണ്ടാം സെറ്റില്‍ മെദ്‌വദേവ് തിരിച്ചുവന്നു. 6-3 എന്ന സ്‌കോറിനാണ് സെറ്റ് സ്വന്തമാക്കിയത്. മൂന്നാം സെറ്റിലും ടൈബ്രേക്കറില്‍ മുന്നേറിയ ഫ്രഞ്ച് താരം വീണ്ടും മുന്നിലെത്തി. നാലാം സെറ്റിലും മികവോടെ റാക്കറ്റേന്തിയ ബോണ്‍സി മുന്‍ യുഎസ് ഓപ്പണ്‍ ജേതാവിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. 6-2 എന്ന സ്‌കോറിന് സെറ്റും മത്സരവും താരം സ്വന്തമാക്കി.
വിംബിൾഡണിലെ 138-ാമത് എഡിഷനാണിത്. ചരിത്രത്തിൽ ആദ്യമായി ലൈൻ ജഡ്ജായി മനുഷ്യർ ഇല്ലാതെയാണ് ഇക്കുറി മത്സരം. ഇതിന് ഇലക്ട്രോണിക് സംവിധാനം വരും. പുരുഷ-വനിതാ വിഭാഗങ്ങളിലെ ജേതാക്കൾക്ക് 30 കോടിയോളം രൂപ സമ്മാനത്തുകയുണ്ട്. കഴിഞ്ഞവർഷത്തേക്കാൾ 11 ശതമാനം അധികമാണിത്. എല്ലാ സമ്മാനത്തുകയിലും വർധനയുണ്ട്.
കഴിഞ്ഞ രണ്ടുതവണയും കിരീടം നേടിയ കാർലോസ് അൽക്കരാസ്, ഹാട്രിക് കിരീടലക്ഷ്യവുമായാണ് ഇക്കുറി ഇറങ്ങുന്നത്. അങ്ങനെയെങ്കിൽ റോജർ ഫെഡറർക്കുശേഷം വിംബിൾഡണിൽ തുടർച്ചയായി മൂന്നുകിരീടം നേടുന്ന ആദ്യത്തെയാളാകും. അൽക്കരാസ് ആദ്യറൗണ്ടിൽ ഇറ്റലിയുടെ ഫാബിയോ ഫോഗിനിയെ നേരിടും. ടൂർണമെന്റിൽ ഏഴുകിരീടങ്ങൾക്ക് ഉടമയായ സെർബ് താരം നൊവാക് ജോക്കോവിച്ച് ആദ്യ മത്സരത്തിൽ ചൊവ്വാഴ്ച ഫ്രാൻസിന്റെ അലക്സാൻഡ്രെ മ്യൂളറെ നേരിടും.
Content Highlights: Bonzi stuns Medvedev wimbledon tennis 2025








English (US) ·