
ന്യൂഡൽഹി എന്ന ചിത്രത്തിൽ മമ്മൂട്ടി | സ്ക്രീൻഗ്രാബ്
തിരുവനന്തപുരം: ‘തിഹാർ ജയിലിൽനിന്ന് നാലുപുള്ളികൾ തടവുചാടി’- 1987-ൽ ന്യൂഡൽഹി ഡെയറി എന്ന പത്രത്തിനുമാത്രം കിട്ടിയ എക്സ്‌ക്ലൂസീവ് വാർത്ത. അതും രാത്രിയിൽനടന്ന ജയിൽചാട്ടം രാവിലെ ഇറങ്ങിയ പത്രത്തിൽ അടിച്ചുവന്നു. പക്ഷേ ചാടാനായി കയറിയ മതിൽ ഇങ്ങ് പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു. ചാടി കാലുകുത്തിയത് തിഹാർ ജയിലിനു പുറത്തും! മമ്മൂട്ടിയുടെ കരിയർതന്നെ മാറ്റിമറിച്ച, മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ‘ന്യൂഡൽഹി’ സിനിമയാണിത്. മേക്കിങ് കൊണ്ട് ഹരംകൊള്ളിച്ച, പൂർണമായും ഡൽഹിയിൽ നടക്കുന്ന കഥ. പക്ഷേ പല രംഗങ്ങൾക്കും ‘വേഷം മാറിയെത്തിയ’ ലൊക്കേഷനായത് തിരുവനന്തപുരമായിരുന്നു.
വിഐപികൾ കൊല്ലപ്പെട്ട മാസ്‌കറ്റ് ഹോട്ടൽ ഇടനാഴി
ഡൽഹി എന്ന മഹാനഗരത്തെ മലയാളി പ്രേക്ഷകർ നിറഞ്ഞുകണ്ട ആദ്യചിത്രമായിരുന്നു ജോഷി-ഡെന്നീസ് ജോസഫ് സൃഷ്ടിയായ ന്യൂഡൽഹി. രാജ്യതലസ്ഥാനത്ത് ചിത്രീകരിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തത് നിർമാതാവ് ജൂബിലി ജോയി തോമസ് ആയിരുന്നു. ‘‘അക്കാലത്ത് രണ്ടു സിനിമകൾ ചെയ്യാവുന്ന പണം മുടക്കിയാണ് ന്യൂഡൽഹി ഞങ്ങൾ പൂർത്തിയാക്കിയത്.’’- ജൂബിലി ജോയ് പറഞ്ഞു.
കഥ നടക്കുന്നത് ഡൽഹിയിൽത്തന്നെയാകണമെന്ന് നിർബന്ധമെന്താണെന്ന് അദ്ദേഹം ചോദിച്ചപ്പോൾ ഡെന്നീസ് കാരണങ്ങൾ നിരത്തി: ‘‘തന്റെ മീഡിയ ശ്രദ്ധിക്കപ്പെടാൻവേണ്ടി വാർത്ത സൃഷ്ടിക്കുന്ന ഒരു ക്രിമിനൽ ജീനിയസിന്റെ കഥയാണ്. കേരളത്തിൽ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് പ്രേക്ഷകർ സംശയിക്കും. എന്തും നടക്കുന്ന നഗരം എന്നൊരു ഇമേജ് ഡൽഹിക്കുണ്ട്. ഡൽഹിയുടെ പശ്ചാത്തലത്തിൽ ഒരു അവിശ്വസനീയകഥ പറഞ്ഞാൽ വിശ്വസനീയത താനേ വരും’’.
എന്നിട്ടും പല രംഗങ്ങളും തിരുവനന്തപുരത്താണ് ചിത്രീകരിക്കേണ്ടിവന്നത്. കഥയുടെ ആദ്യപകുതിയിൽ ഏറെയും മമ്മൂട്ടിയുടെ നായക കഥാപാത്രമായ കൃഷ്ണമൂർത്തി എന്ന ജി.കെ. തിഹാർജയിലിലാണ്. പക്ഷേ തിഹാർ ജയിലിനുള്ളിൽ സിനിമാ ചിത്രീകരണം അനുവദിക്കില്ല.
ഒടുവിൽ ജയിലിനുള്ളിലെ രംഗങ്ങളെല്ലാം പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ ഷൂട്ട് ചെയ്തു. ഉത്തരേന്ത്യൻ തടവുകാരായി നമ്മുടെ ജൂനിയർ ആർട്ടിസ്റ്റുകൾ ജയിൽ നിറച്ചു. ജയിലിനു പുറത്തെ രംഗങ്ങൾ തിഹാറിലും ചിത്രീകരിച്ചു.
രണ്ടാം പകുതിയിൽ ജഗന്നാഥവർമ്മയുടെ വില്ലൻ കഥാപാത്രം നൈനിറ്റാളിലേക്ക് ഒറ്റയ്ക്കു യാത്ര പോകുന്നുണ്ട്. ജി.കെ.യുടെ ടീം അവിടെയെത്തി അയാളെ കൊലപ്പെടുത്തുന്ന രംഗത്തിന് തിയേറ്ററിൽ വൻ കൈയ്യടിയായിരുന്നു. പക്ഷേ കൊലപാതകം നടക്കുന്ന നൈനിറ്റാളിലെ ഗസ്റ്റ്ഹൗസിലെ മുറി ഇങ്ങ് തിരുവനന്തപുരത്തായിരുന്നു. ശ്രീകാര്യത്തിനടുത്തുള്ള ഒരു വീടിന്റെ മുറിയിലാണ് ആ കൊലപാതകം ചിത്രീകരിച്ചത്. പുറത്തെ ദൃശ്യങ്ങൾ നൈനിറ്റാളിലും!
ജി.കെ. ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കൊലപാതകങ്ങളെല്ലാം രാത്രിയുടെ ഇരുട്ടിലായിരുന്നു. ‘ഡൽഹിയെ നടുക്കിയ’, വിദേശരാജ്യത്തെ രാജാവു മുതൽ ജഡ്ജിവരെയുള്ള ആ വിഐപികൾ മരിച്ചുവീണത് പക്ഷേ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിന്റെ ഇരുണ്ട ഇടനാഴികളിലും പിൻവശത്തുമൊക്കെയായിരുന്നു. ത്യാഗരാജന്റെ കഥാപാത്രം വെടിയേറ്റുവീഴുന്ന പ്രധാന രംഗവും മാസ്‌കറ്റ് ഹോട്ടലിലെ നീന്തൽക്കുളത്തിലാണ് ചിത്രീകരിച്ചത്.
സർഫ്‌പൊടിവെച്ച് പോസ്റ്റർ; പത്രത്തിൽനിന്ന് ക്ലൈമാക്‌സ്
‘‘പണംതന്ന് ആൾക്കാർ നമ്മുടെ പത്രം വാങ്ങണമെങ്കിൽ നമുക്കെന്തെങ്കിലും പ്രത്യേകതയുണ്ടാക്കാൻ കഴിയണം. മറ്റു പത്രങ്ങളിലില്ലാത്ത എന്തെങ്കിലും പ്രത്യേകത!’’-സിനിമയിൽ ജി.കെ. എന്ന കഥാപാത്രം പറഞ്ഞതു തന്നെയായിരുന്നു തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റെയും നിലപാട്.
പ്രത്യേകതയുള്ളൊരു ക്ലൈമാക്‌സ് കണ്ടെത്താനാകാതെ തലപുകഞ്ഞ് ഇരിക്കുമ്പോഴാണ് അവർ താമസിച്ചിരുന്ന കേരള ഹൗസിൽ രാവിലെവന്ന ഇംഗ്ലീഷ് പത്രത്തിൽ ഒരു വാർത്ത കാണുന്നത്.
പ്രിന്റിങ് പ്രസിലെ ജോലിക്കിടെ ഒരു പ്രിന്ററുടെ കൈ അറ്റുപോയ വാർത്ത. ചതഞ്ഞരഞ്ഞ അയാളുടെ രക്തം പടർന്ന് രണ്ടുപേജ് അച്ചടിച്ചുവന്നു-അതായിരുന്നു വാർത്ത. അപ്പോൾ തന്നെ ഡെന്നീസ് ജോസഫ് ക്ലൈമാക്‌സ് ഉറപ്പിച്ചു- വില്ലന്റെ ചോരകൊണ്ടുതന്നെ അയാൾ മരിച്ചു എന്ന വാർത്ത അടിച്ചുവരുന്ന ക്ലൈമാക്‌സ്.
സ്റ്റർ ഡിസൈനിങ്ങിലും ഈ സിനിമ വ്യത്യസ്തത കൊണ്ടുവന്നു. ജനുവരിയിലെ മഞ്ഞുള്ള ഡൽഹിയാണല്ലോ പശ്ചാത്തലം. ഗ്രാഫിക് ഡിസൈനൊന്നും ഇല്ലാത്ത കാലത്ത്, സർഫ് സോപ്പുപൊടി കൊണ്ട് ഡിസൈനർ ഗായത്രി അശോകൻ ‘ന്യൂഡൽഹി’ എന്നെഴുതി ഫോട്ടോ എടുക്കുകയായിരുന്നു. മഞ്ഞു പൊടിഞ്ഞു നിൽക്കുന്നപോലുള്ള ടൈറ്റിൽ പിറന്നത് അങ്ങനെയാണ്.
റിപ്പബ്ലിക് ദിന പരേഡിനിടയിൽ സിനിമാ ഷൂട്ടിങ്
എന്തുകാര്യവും ചെയ്തുതരാമെന്ന ഡൽഹിയിലെ മലയാളി അസോസിയേഷന്റെ ഉറപ്പിലാണ് ഡൽഹിയിലേക്ക് ഷൂട്ടിങ് സംഘം തിരിച്ചതെന്ന് സിനിമയുടെ പ്രൊഡക്ഷൻ മാനേജരായിരുന്ന മണക്കാട് രാമചന്ദ്രൻ ഓർക്കുന്നു. ഉപ്പും മുളകും വെളിച്ചെണ്ണയുമടക്കം പാചക സാധനങ്ങളുമായി പാലാക്കാരൻ ജോസഫിന്റെ മെസും വിമാനം കയറി. പ്രൗഢഗംഭീരമായ റിപ്പബ്ലിക്ദിന പരേഡിന്റെ ചിത്രം പകർത്തുന്ന മമ്മൂട്ടിയുടെ ദീർഘമായ രംഗം ചിത്രത്തിലുണ്ട്. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ഓഫീസിൽനിന്ന് പ്രത്യേക അനുമതി വാങ്ങി യഥാർഥ പരേഡ് ഷൂട്ട് ചെയ്യുകയായിരുന്നു.
Content Highlights: New Delhi: The Making of a Malayalam Cinema Classic – From Trivandrum to the Capital
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·