Published: July 17 , 2025 02:23 PM IST
1 minute Read
ലണ്ടൻ∙ ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം ജസ്പ്രീത് ബുമ്രയ്‌ക്കെതിരെ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സും പേസ് ബോളർ ജോഫ്ര ആർച്ചറും തുടർച്ചയായി തുടർച്ചയായി ബൗണ്‍സറുകൾ എറിഞ്ഞത് വിക്കറ്റ് കിട്ടിയില്ലെങ്കിലും പരുക്കേൽക്കട്ടെ എന്ന ചിന്തയോടെയാണെന്ന് ആരോപണം. മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫാണ് ഈ ആരോപണം ഉയർത്തിയത്. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ജസ്പ്രീത് ബുമ്ര പടുത്തുയർത്തിയ കൂട്ടുകെട്ട് ഇംഗ്ലണ്ട് ക്യാംപിൽ ആശങ്ക വിതച്ചു തുടങ്ങിയതോടെയാണ് സ്റ്റോക്സും ആർച്ചറും താരത്തിനെതിരെ തുടർച്ചയായി ബൗൺസറുകൾ വർഷിച്ചത്. ഒടുവിൽ സ്റ്റോക്സിന്റെ ബൗൺസറിനു ബാറ്റു വയ്ക്കാനുള്ള ശ്രമത്തിൽ ബുമ്ര പുറത്താവുകയും ചെയ്തു.
‘‘സ്റ്റോക്സും ആർച്ചറും മനഃപൂർവമാണ് ബുമ്രയ്‌ക്കെതിരെ ബൗൺസറുകൾ എറിഞ്ഞത്. ബുമ്രയെ പുറത്താക്കാനായില്ലെങ്കിലും വിരലിനോ തോളിനോ പരുക്കേൽക്കുകയെങ്കിലും ചെയ്യട്ടെയെന്ന ചിന്തയിലായിരുന്നു ഇത്. സ്വന്തം ടീമിലെ ബാറ്റർമാർക്ക് നേരിടാൻ ബുദ്ധിമുട്ടുള്ള ബോളർമാരെ, അവർ ബാറ്റിങ്ങിന് വരുന്ന സമയത്ത് പരുക്കേൽപ്പിക്കാനുള്ള പ്രവണത ബോളർമാർക്ക് ഉണ്ടാകാറുണ്ട്. എന്തായാലും അവരുടെ കെണിയിൽ വീണ് ഒടുവിൽ ബുമ്ര പുറത്താവുകയും ചെയ്തു’ – കൈഫ് പറഞ്ഞു.
അതേസമയം, ലോഡ്സ് ടെസ്റ്റിൽ ഇന്ത്യൻ താരങ്ങളുടെ ഭാഗത്തുനിന്ന് ചില വീഴ്ചകൾ സംഭവിച്ചതായും അത് ടീമിന്റെ പ്രകടനത്തെ ബാധിച്ചതായും കൈഫ് വിലയിരുത്തി. രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുമ്ര തുടർച്ചയായി മൂന്ന് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയ ഘട്ടത്തിൽ, പന്ത് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിറാജ് രംഗത്തെത്തിയത് അത്തരത്തിലൊന്നാണെന്ന് കൈഫ് ചൂണ്ടിക്കാട്ടി.
‘‘സിറാജ് കളത്തിൽ എപ്പോഴും തന്നെ വൈകാരികമായാണ് പെരുമാറുന്നത്. പന്തു മാറ്റണമെന്ന സിറാജിന്റെ ആവശ്യം ഇന്ത്യൻ ക്യാപ്റ്റൻ അംഗീകരിച്ചത് വലിയ പാളിച്ചയായിപ്പോയി. ആ പന്തു മാറ്റി അംപയർമാർ പുതിയ പന്തു നൽകിയെങ്കിലും, അതിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ ഇന്ത്യയ‌്ക്കായില്ല’ – കൈഫ് പറഞ്ഞു.
മത്സരത്തിന്റെ മൂന്നാം ദിനം സാക് ക്രൗളിയെ പുറത്താക്കിയ ശേഷം പരിധിവിട്ട ആഘോഷത്തിനു പോയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയും കൈഫ് വിമർശിച്ചു.
‘‘മത്സരത്തിന്റെ മൂന്നാം ദിനം ക്രൗളിയെ പുറത്താക്കാൻ സാധിച്ചില്ലെങ്കിലും, നാലാം ദിനം അവസരമുണ്ടായിരുന്നു. ഇത്രയ്ക്ക് ബഹളമുണ്ടാക്കാൻ മാത്രം ഫോമിലുള്ള താരമാണോ ക്രൗളി? ജോ റൂട്ട് വല്ലതുമായിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു. അവിടെ നമുക്ക് വീഴ്ച സംഭവിച്ചു. ഗില്ലിന് നിയന്ത്രണം നഷ്ടമായെന്നു മാത്രമല്ല, സിറാജും അതിനൊപ്പം ചേർന്നു. പിന്നീട് ക്രൗളിയെ പുറത്താക്കിയ നിതീഷ് റെഡ്ഡിയും കാര്യമായിത്തന്നെ ആഘോഷിച്ചു’ – കൈഫ് പറഞ്ഞു.
‘‘കളത്തിൽ ആക്രമണോത്സുകത വേണ്ടെന്നല്ല. അതിന് ഒരു സമയവും കാലവുമുണ്ട്. ഇവിടെ അവർ ആക്രമണോത്സുകത കാട്ടിയ സമയം ശരിയായില്ല എന്നാണ് എനിക്കു തോന്നുന്നത്’ – കൈഫ് പറഞ്ഞു.
English Summary:








English (US) ·