വിക്കറ്റ് നേടിയപ്പോൾ ആഘോഷം അനുകരിച്ച് അബ്രാർ; മറുപടിയിൽ പാക്ക് താരത്തെ ‘നിർത്തി അപമാനിച്ച്’ ഹസരംഗ- വിഡിയോ

3 months ago 4

ഓൺലൈൻ ഡെസ്ക്

Published: September 24, 2025 09:15 AM IST

1 minute Read

 SajjadHussain/AFP
വാനിന്ദു ഹസരംഗയുടേയും അബ്രാർ അഹമ്മദിന്റെയും ആഘോഷപ്രകടനങ്ങൾ. Photo: SajjadHussain/AFP

ദുബായ്∙ ഏഷ്യാകപ്പിലെ ശ്രീലങ്ക– പാക്കിസ്ഥാൻ പോരാട്ടത്തിനിടെ തന്റെ വിക്കറ്റെടുത്തപ്പോൾ, ആഘോഷവും അനുകരിച്ച പാക്ക് താരം അബ്രാർ അഹമ്മദിന് അതേ രീതിയിൽ മറുപടി നൽകി ശ്രീലങ്കൻ താരം വാനിന്ദു ഹസരംഗ. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്കായി 13 പന്തുകളിൽ 15 റൺസാണ് ഹസരംഗ സ്വന്തമാക്കിയത്. രണ്ടു ബൗണ്ടറികൾ കണ്ടെത്തി നിലയുറപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അബ്രാറിന്റെ ഗൂഗ്ലിയിൽ ഹസരംഗ ബോൾഡായത്. വിവാദ ആഘോഷങ്ങളുടെ പേരിൽ പല തവണ വാർത്തകളിൽ നിറഞ്ഞിട്ടുള്ള അബ്രാർ, ശ്രീലങ്കൻ താരത്തിന്റെ ആഘോഷം തന്നെ അനുകരിച്ചാണ് പാക്ക് ആരാധകരെ കയ്യിലെടുത്തത്.

എന്നാൽ പാക്കിസ്ഥാന്റെ ബാറ്റിങ്ങിനിടെ ലങ്കൻ സ്പിന്നർ ഹസരംഗ പാക്ക് താരത്തിനു മറുപടി നൽകി. ഒന്നല്ല, മൂന്നു വട്ടമാണ് അബ്രാറിന്റെ സെലിബ്രേഷൻ ഹസരംഗ ഗ്രൗണ്ടിൽ അനുകരിച്ചത്. കൈകള്‍ കെട്ടിനിന്ന് ‘കയറിപ്പോ’ എന്ന് മുഖം കൊണ്ട് ആംഗ്യം കാണിക്കുന്ന ആഘോഷരീതി അബ്രാർ മുൻപ് ഇന്ത്യൻ താരങ്ങൾക്കെതിരെ അടക്കം ഉപയോഗിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ബാറ്റിങ്ങിനിടെ ഫഖർ സമാനെ പുറത്താക്കാൻ ക്യാച്ചെടുത്തപ്പോഴും, സയിം അയൂബിന്റെയും സൽമാൻ ആഗയുടേയും വിക്കറ്റ് വീഴ്ത്തിയപ്പോഴുമാണ് ഹസരംഗ, അബ്രാർ അഹമ്മദിന്റെ ആഘോഷം അതേപടി പകർത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

രണ്ടാം മത്സരത്തിലും തോറ്റതോടെ ശ്രീലങ്കയുടെ ഫൈനൽ പ്രതീക്ഷകൾ ഏറക്കുറെ അസ്തമിച്ച മട്ടാണ്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 133 റണ്‍സാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 12 പന്തുകൾ ബാക്കി നിൽക്കെ വിജയത്തിലെത്തി. ആദ്യ മത്സരത്തിൽ ഇന്ത്യയോടു തോറ്റ പാക്കിസ്ഥാന്, അടുത്ത കളിയിൽ ബംഗ്ലദേശിനെ തോൽപിച്ചാൽ ഫൈനലിലെത്താം.

English Summary:

Wanindu Hasaranga's effect to Abrar Ahmed's taunt during the Sri Lanka vs. Pakistan Asia Cup lucifer went viral. He imitated Abrar's solemnisation aft taking wickets, adding spice to the aggravated cricket rivalry.

Read Entire Article