Published: November 07, 2025 09:46 AM IST Updated: November 07, 2025 10:26 AM IST
1 minute Read
ഗോൾഡ് കോസ്റ്റ് ∙ ഗ്രൗണ്ടിൽ പൊതുവേ ശാന്തനായി കാണുന്നയാളാണ് ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. സമ്മർദഘട്ടങ്ങളിലും ചിരിച്ചുകൊണ്ട് നിൽകുന്ന നായകനെയാണ് ഫീൽഡിൽ പലപ്പോഴും കാണാറുള്ളത്. സഹതാരങ്ങളോടും സൂര്യകുമാർ അങ്ങനെ തന്നെ. എന്നാൽ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിനിടെ അൽപസമയം സൂര്യകുമാർ യാദവ് ‘ശാന്തത’ കൈവിട്ടു. അതും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച ശിവം ദുബെയോടാണ് സൂര്യകുമാർ ‘കലിപ്പ്’ ആയത്.
ഇഞ്ചോടിഞ്ച് ചേസിനിടെ, ഓസ്‌ട്രേലിയൻ ഇന്നിങ്സിന്റെ 12-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. ഓവറിലെ രണ്ടാം പന്തിൽ തന്നെ സിക്സറിനു തൂക്കിയ ടിം ഡേവിഡിനെ തൊട്ടടുത്ത പന്തിൽ ശിവം ദുബെ പുറത്താക്കിയിരുന്നു. ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസാണ് പിന്നാലെ ക്രീസിലെത്തിയത്. നേരിട്ട ആദ്യ രണ്ടു പന്തുകളിലും സ്റ്റോയിനിസ് റൺസൊന്നും നേടിയില്ല. വിക്കറ്റിനു പിന്നാലെ രണ്ടു ഡോട്ട് ബോളുകളുമായതോടെ ഓസീസ് സമ്മർദത്തിലായി. ഇന്ത്യയ്ക്ക് അൽപം മേൽക്കെ ലഭിക്കുകയും ചെയ്തു.
എന്നാൽ ഓവറിലെ അവസാന പന്ത് സ്റ്റോയിനിസ്, ബൗണ്ടറി കടത്തുകയായിരുന്നു. ഇതോടെയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ‘പൊട്ടിത്തെറിച്ചത്’. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഷോർട്ട് ബോളിലാണ് ദുബെയെ ബാക്ക്‌വേർഡ് പോയിന്റിന് മുകളിലൂടെ സ്റ്റോയിനിസ് പ്രഹരിച്ചത്. ഇത്തരത്തിൽ ലൂസ് ഡെലിവറി എറിഞ്ഞതിനാണ് ദുബെയോട് സൂര്യകുമാർ ദേഷ്യപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സ്ക്രീനിൽ മിന്നിമറയുകയും ചെയ്തു.
മത്സരത്തിൽ 48 റൺസിനാണ് ഓസീസിനെ ഇന്ത്യ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 167 റൺസിൽ പിടിച്ചുകെട്ടിയ ആതിഥേയരെ 119 റൺസിൽ ഓൾഔട്ടാക്കിയാണ് ഇന്ത്യൻ ബോളർമാർ തിരിച്ചടിച്ചത്. ജയത്തോടെ 5 മത്സര പരമ്പരയിൽ ഇന്ത്യ 2–1 ലീഡ് നേടി. ഓപ്പണർമാരായ മിച്ചൽ മാർഷും (30) മാത്യു ഷോർടും (25) മികച്ച തുടക്കം നൽകിയതോടെ എത്തിപ്പിടിക്കാവുന്ന വിജയലക്ഷ്യത്തിലേക്ക് അനായാസം മുന്നേറുകയായിരുന്നു ഓസ്ട്രേലിയ. ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് നേടി നിൽക്കെ 9–ാം ഓവറിലെ അവസാന പന്തിൽ അക്ഷർ പട്ടേൽ, ജോഷ് ഇംഗ്ലിസിനെ (12) പുറത്താക്കിയതായിരുന്നു ടേണിങ് പോയിന്റ്.
കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയ മീഡിയം പേസർ ശിവം ദുബെയെ അടുത്ത ഓവറിൽ പന്തേൽപിച്ച ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ തന്ത്രവും ഫലിച്ചു. രണ്ടാം പന്തിൽ ക്യാപ്റ്റൻ മിച്ചൽ മാർഷിന്റെ ബിഗ് വിക്കറ്റ് നേടിയ ദുബെ, തന്റെ അടുത്ത ഓവറിൽ അപകടകാരിയായ ടിം ഡേവിഡിനെയും (14) പുറത്താക്കി. മൂന്നാം ട്വന്റി20യിൽ ബാറ്റുകൊണ്ട് ഇന്ത്യയുടെ വിജയശിൽപിയായ വാഷിങ്ടൻ സുന്ദർ ഇന്നലെ ബോളിങ്ങിലും മികവുകാട്ടി. 8 പന്തുകൾക്കിടെ 3 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടന്റെ പ്രഹരത്തിൽ ഓസീസിന്റെ അവസാന പ്രതിരോധവും കടപുഴകി. 52 റൺസിനിടെയാണ് ഓസ്ട്രേലിയയ്ക്ക് അവസാന 9 വിക്കറ്റുകൾ നഷ്ടമായത്. പന്തെറിഞ്ഞ 6 ഇന്ത്യൻ ബോളർമാരും വിക്കറ്റ് നേടി.
English Summary:








English (US) ·