Published: July 12 , 2025 03:54 PM IST
1 minute Read
ഗയാന∙ സമപ്രായക്കാരെല്ലാം കളി നിർത്തി കളി പഠിപ്പിക്കുന്നവരും കമന്ററി പറയുന്നവരുമായെങ്കിലും, പഴയ അതേ ഊർജത്തോടെ 46–ാം വയസിന്റെ ചെറുപ്പത്തിലും കളത്തിൽ തുടരുകയാണ് ദക്ഷിണാഫ്രിക്കയുടെ മുൻ താരം ഇമ്രാൻ താഹിർ. ഇപ്പോൾ ഇതാ, ഗ്ലോബൽ സൂപ്പർ ലീഗിൽ ഗയാന ആമസോൺ വാരിയേഴ്സിന്റെ നായകനായെത്തി, തകർപ്പൻ ബോളിങ് പ്രകടനവുമായി വാർത്തകളിൽ ഇടംപിടിക്കുകയാണ് ഇമ്രാൻ താഹിർ. നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത താഹിറിന്റെ മികവിൽ, സെൻട്രൽ ഡിസ്ട്രിക്ട്സിനെ ഗയാന ആമസോൺ വാരിയേഴ്സ് തകർത്തത് 66 റൺസിന്. സീസണിലെ ആദ്യ ജയം കുറിച്ച ഗയാന ഇതോടെ പോയിന്റ് പട്ടികയിലും ഒന്നാമൻമാരായി.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗയാന ആമസോൺ വാരിയേഴ്സ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 158 റൺസ്. മറുപടി ബാറ്റിങ്ങിൽ ഇമ്രാൻ താഹിറും ഡ്വെയിൻ പ്രിട്ടോറിയസും ഡേവിഡ് വീസും തിളങ്ങിയതോടെ സെൻട്രൽ ഡിസ്ട്രിക്ട്സ് വെറും 92 റൺസിന് എല്ലാവരും പുറത്തായി.
മൂന്നു പേർ മാത്രം രണ്ടക്കം കടന്ന സെൻട്രൽ ഡിസ്ട്രിക്ട്സ് നിരയിൽ ജോഷ് ക്ലാർക്‌സൺ (0), ആൻഗസ് ഷാ (9 പന്തിൽ 11), അജാസ് പട്ടേൽ (0), വില്യം ക്ലാർക് (ആറു പന്തിൽ രണ്ട്) എന്നിവരാണ് താഹിറിനു മുന്നിൽ വീണത്. താഹിർ പുറത്താക്കിയ ആൻഗസ് ഷായ്ക്കു പുറമേ ന്യൂസീലൻഡ് ദേശീയ ടീം താരം കൂടിയായ ഓപ്പണർ വിൽ യങ് (29 പന്തിൽ 26), മാത്യു ഫോർഡ് (1 പന്തിൽ 24) എന്നിവരാണ് രണ്ടക്കത്തിലെത്തിയ സെൻട്രൽ ഡിസ്ട്രിക്ട്സ് താരങ്ങൾ. നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങിയാണ് താഹിർ നാലു വിക്കറ്റെടുത്തത്. ഡ്വെയിൻ പ്രിട്ടോറിയസ് നാല് ഓവറിൽ 18 റൺസ് വഴങ്ങി മൂന്നും ഡേവിഡ് വീസ് 2.2 ഓവറിൽ 13 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി.
നേരത്തെ, ഓപ്പണർ റഹ്മാനുല്ല ഗുർബാസിന്റെ അർധസെഞ്ചറിയാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. 47 പന്തുകൾ നേരിട്ട ഗുർബാസ് മൂന്നു ഫോറും രണ്ടു സിക്സും സഹിതം 58 റൺസെടുത്തു. ജുവൽ ആൻഡ്രൂ (29 പന്തിൽ 45), ഷെർഫെയ്ൻ റുഥർഫോഡ് (15 പന്തിൽ പുറത്താകാതെ 16) എന്നിവരും തിളങ്ങി.
Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X/@cricketangon എന്ന സമൂഹമാധ്യമ പേജിൽനിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
English Summary:








English (US) ·