വിഖ്യാത അംപയർ ഡിക്കി ബേഡ് അന്തരിച്ചു, സുനിൽ ഗാവസ്കറുടെ മുടി വെട്ടിയ അംപയർ

3 months ago 5

മനോരമ ലേഖകൻ

Published: September 24, 2025 11:00 AM IST

1 minute Read

ഡിക്കി ബേഡ്
ഡിക്കി ബേഡ്

ലണ്ടൻ∙ ക്രിക്കറ്റ് ലോകത്തെ അതികായനായ അംപയർ ഹരോൾഡ് ഡിക്കി ബേഡ് (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ലണ്ടനിലെ വീട്ടിൽ ചികിത്സയിലായിരുന്ന ബേഡിന്റെ മരണവാർത്ത യോർക്‌ഷർ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബാണ് സ്ഥിരീകരിച്ചത്.

23 വർഷം നീണ്ട അംപയറിങ് കരിയറിൽ 66 ടെസ്റ്റ് മത്സരങ്ങളും 69 ഏകദിന മത്സരങ്ങളും ബേഡ് നിയന്ത്രിച്ചിട്ടുണ്ട്. 1996ൽ ബേഡ് നിയന്ത്രിച്ച അവസാന ടെസ്റ്റ് മത്സരത്തിലാണ് മുൻ ഇന്ത്യൻ താരങ്ങളായ സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും അരങ്ങേറ്റം കുറിച്ചത്.

1956ൽ യോർക്‌ഷർ ക്ലബ്ബിലൂടെ ബാറ്ററായി ക്രിക്കറ്റ് കരിയർ ആരംഭിച്ച ബേഡ് 1964ലാണ് വിരമിക്കുന്നത്. ക്ലബ്ബിനായി 93 മത്സരങ്ങളിൽ നിന്ന് 2 സെഞ്ചറിയടക്കം 3314 റൺസ് നേടി. പിന്നാലെ 1973ൽ അംപയറിങ്ങിലേക്ക് തിരിഞ്ഞു.

കളിക്കളത്തിലെ കൃത്യനിഷ്ഠയും തീരുമാനങ്ങളിലെ കൃത്യതയും ബേഡിനെ കാണികൾക്കും താരങ്ങൾക്കും ഒരുപോലെ പ്രിയങ്കരനാക്കി. മെംബർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ, ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അംപയറിങ്ങിൽ നിന്നു വിരമിച്ച ശേഷം ക്വിസ് മാസ്റ്ററായും ടെലിവിഷൻ ചാറ്റ് ഷോകളിൽ പങ്കെടുത്തും ബേഡ് ശ്രദ്ധേയനായി.

ഗാവസ്കറുടെ മുടി വെട്ടിയ ബേഡ്ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് മുടിവെട്ടിയ ഒരേയൊരു താരമേ ലോകത്തുള്ളൂ; അത് ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്കറാണ്. എന്നാൽ ഗാവസ്കർക്കു മുടിവെട്ടിക്കൊടുത്ത് ചരിത്രത്തിൽ ഇടംപിടിച്ച മറ്റൊരാളുണ്ട്– ഡിക്കി ബേഡ്. 1974ലെ ഇന്ത്യ– ഇംഗ്ലണ്ട് ഓൾഡ് ട്രാഫഡ് ടെസ്റ്റിലായിരുന്നു സംഭവം. ബാറ്റിങ്ങിനിടെ തന്റെ മുടി അടിക്കടി കണ്ണിലേക്കു വീഴുന്നതു മൂലം വലഞ്ഞ ഗാവസ്കർ, അംപയർ ഡിക്കി ബേഡിനോട് സഹായം അഭ്യർഥിച്ചു. പന്തിന്റെ തുന്നലും മറ്റും ഇളകിക്കഴിഞ്ഞാൽ അതു മുറിക്കാൻ കയ്യിൽ കരുതിയ കത്രിക ഉപയോഗിച്ച് ബേഡ് ഗാവസ്കറുടെ മുടി വെട്ടിക്കൊടുത്തു. 

English Summary:

Farewell to a Legend: Dickie Bird, Renowned Umpire, Dies Aged 92

Read Entire Article