01 May 2025, 12:36 PM IST

വിഘ്‌നേഷ് പുത്തൂരിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ |ഫോട്ടോ:PTI
മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിന് ഐപിഎല്‍ 2025 സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. വിഘ്‌നേഷിന് പകരം രഘു ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തിയതായി മുംബൈ ഇന്ത്യന്‍സ് അറിയിച്ചു. കാലിലെ പരിക്കാണ് വിഘ്‌നേഷിന് വിനയായത്. അരങ്ങേറ്റ മത്സരത്തില്‍ ഏറെ ശ്രദ്ധനേടിയ വിഘ്‌നേഷിന് പ്രതീക്ഷയര്‍പ്പിച്ച സീസണ്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനെയും പോണ്ടിച്ചേരിയെയും പ്രതിനിധീകരിച്ചിട്ടുള്ള രഘു ശര്‍മ, ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടവും മൂന്ന് തവണ പത്ത് വിക്കറ്റ് നേട്ടവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.
അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനായി 9 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ വീഴ്ത്തി രഘു തിളങ്ങിയിരുന്നു.
വിഘ്‌നേഷ് മുംബൈ ഇന്ത്യന്‍സിനായി അഞ്ച് മത്സരങ്ങള്‍ കളിച്ച് ആറ് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈയ്‌ക്കെതിരെ മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
പരിക്കില്‍നിന്ന് മുക്തിനേടുന്നതിനായി വിഘ്‌നേഷ് മുംബൈ ഇന്ത്യന്‍സ് മെഡിക്കല്‍, എസ്&സി ടീമിനൊപ്പം തുടരും. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുംബൈ ഇന്ത്യന്‍ പ്രസ്താവനയില്‍ അറിയിച്ചു.
Content Highlights: Raghu Sharma replaces injured Vignesh Puthur successful Mumbai Indians squad
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·