മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസ് – വിഘ്നേഷ് പുത്തൂർ മത്സരത്തിനിടെ ഒരേയൊരു ഓവർ മാത്രം നൽകി യുവതാരം വിഘ്നേഷ് പുത്തൂരിനെ പിൻവലിച്ച മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ നീക്കം പാളിയെന്ന് ചൂണ്ടിക്കാട്ടി സൂപ്പർ താരം വിരാട് കോലി രംഗത്ത്. മത്സരത്തിൽ ആർസിബിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ച ഇന്നിങ്സിനുശേഷം സംസാരിക്കുമ്പോഴാണ്, വിഘ്നേഷ് പുത്തൂരിനെ പിൻവലിച്ച പാണ്ഡ്യയുടെ തീരുമാനം കാര്യങ്ങൾ ബെംഗളൂരുവിന് അനുകൂലമാക്കിയതായി കോലി അഭിപ്രായപ്പെട്ടത്.
മുംബൈയ്ക്കായി ഒരേയൊരു അവർ മാത്രം ബോൾ ചെയ്യാൻ അവസരം ലഭിച്ച വിഘ്േനഷ് 10 റൺസ് വഴങ്ങി ദേവ്ദത്ത് പടിക്കലിന്റെ നിർണായക വിക്കറ്റ് വീഴ്ത്തിയിരുന്നു. പിന്നീട് വിഘ്നേഷിന് ബോളിങ്ങിന് അവസരം നൽകാതിരുന്ന പാണ്ഡ്യ, 16–ാം ഓവറിൽ താരത്തെ പിൻവലിച്ച് രോഹിത് ശർമയെ ഇംപാക്ട് സബ്ബായി ഇറക്കുകയും ചെയ്തു. പാണ്ഡ്യയുടെ ഈ തീരുമാനം ഫലത്തിൽ ആർസിബിക്ക് ഗുണകരമായെന്നാണ് കോലിയുടെ വിലയിരുത്തൽ.
‘‘ഇന്നിങ്സിനിടെ മുംബൈയുടെ ഒരു സ്പിന്നറെ അവർ പിൻവലിച്ചിരുന്നു. ഈ നീക്കം കൊണ്ടു മാത്രം ഞങ്ങൾക്ക് 20–25 റൺസ് അധികം ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് അധികം വിക്കറ്റ് നഷ്ടമാകാത്ത സാഹചര്യത്തിൽ, സ്പിന്നറെ പിൻവലിച്ച തീരുമാനം നിർണായകമായി. സ്പിന്നർ പുറത്തുപോയതോടെ, ചെറിയ ബൗണ്ടറികളുള്ള ഇവിടെ പേസ് ബോളർമാരെ കൈകാര്യം ചെയ്യാൻ എളുപ്പമായിരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു’ – കോലി പറഞ്ഞു.
‘‘എന്തായാലും രണ്ടാമത്തെ പന്തിൽത്തന്നെ വിക്കറ്റ് നഷ്ടമായശേഷം ശക്തമായി തിരിച്ചടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ദേവ്ദത്ത് പടിക്കലിന്റെ ഇന്നിങ്സ് നിർണായകമായിരുന്നു. ആ ഇന്നിങ്സാണ് കളി ഞങ്ങൾക്ക് അനുകൂലമാക്കിയത്. എനിക്കും മികച്ച രീതിയിൽ ബാറ്റു ചെയ്യാനായി. നല്ലൊരു ടോട്ടൽ കണ്ടെത്തുന്നതിന് ആ കൂട്ടുകെട്ട് നിർണായകമായിരുന്നു. ഇത്തവണ വ്യത്യസ്തമായ കുറച്ചു ഷോട്ടുകളും മേഖലകളും ഞാൻ പരീക്ഷിച്ചിരുന്നു. ട്വന്റി20 ക്രിക്കറ്റിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കുന്നത് പ്രധാനപ്പെട്ടതാണല്ലോ’ – കോലി പറഞ്ഞു.
‘‘ഈ മത്സരത്തിൽ രജത് ചെയ്തത് അദ്ദേഹം മിക്ക മത്സരങ്ങളിലും ചെയ്യുന്ന കാര്യം തന്നെയാണ്. രജത്, ജിതേഷ് ശർമ എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി. 20–25 റൺസ് ഇവർ നിമിത്തം സ്കോർ ബോർഡിലേക്ക് അധികമായെത്തി’ – കോലി പറഞ്ഞു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് ഇന്നിങ്സിന്റെ ആദ്യ പന്തിൽത്തന്നെ ബൗണ്ടറി നേടിയ ഫിൽ സോൾട്ട് (2 പന്തിൽ 4) നല്ല തുടക്കം നൽകിയെങ്കിലും അടുത്ത പന്തിൽ സോൾട്ടിന്റെ സ്റ്റംപ് തെറിപ്പിച്ച് ട്രെന്റ് ബോൾട്ട് തിരിച്ചടിച്ചു. അതോടെ ബെംഗളൂരു പ്രതിരോധത്തിലാകുമെന്നു തോന്നിച്ചെങ്കിലും രണ്ടാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോലി– ദേവ്ദത്ത് പടിക്കൽ (22 പന്തിൽ 37) സഖ്യം കൗണ്ടർ അറ്റാക്ക് ആരംഭിച്ചതോടെ പവർപ്ലേയിൽ ബെംഗളൂരു സ്കോർ 73ൽ എത്തി.
ദീപക് ചാഹർ എറിഞ്ഞ 6–ാം ഓവറിൽ 2 സിക്സും ഒരു ഫോറുമടക്കം 20 റൺസാണ് കോലി– ദേവ്ദത്ത് സഖ്യം നേടിയത്. ഇതിനിടെ 29 പന്തിൽ കോലി അർധസെഞ്ചറി തികച്ചു. വിഘ്നേഷിന്റെ പന്തിൽ തകർപ്പനൊരു സിക്സറിലൂടെയാണ് കോലി അർധസെഞ്ചറി കടന്നത്. ട്വന്റി20 കരിയറിൽ കോലിയുടെ 99–ാം അർധ സെഞ്ചറിയാണിത്. ഈ കൂട്ടുകെട്ട് മുംബൈയ്ക്ക് ഭീഷണിയാകുമെന്നു തോന്നിച്ച ഘട്ടത്തിലാണ് 9–ാം ഓവർ എറിയാനെത്തിയ മലയാളി താരം വിഘ്നേഷ് പുത്തൂർ ദേവ്ദത്തിനെ വീഴ്ത്തി മുംബൈയ്ക്കു ബ്രേക് ത്രൂ നൽകിയത്. മനോഹരമായ ഒരു ഫ്ലൈറ്റഡ് പന്തിലൂടെ ദേവ്ദത്തിനെ ബൗണ്ടറി ലൈനിൽ വിൽ ജാക്സിന്റെ കൈകളിൽ എത്തിച്ചാണ് വിഘ്നേഷ് കൂട്ടുകെട്ട് പൊളിച്ചത്.
English Summary:








English (US) ·