Published: April 03 , 2025 09:36 AM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ 22–ാം വിജയവുമായി രണ്ടാം സ്ഥാനക്കാരായ ആർസനലുമായുള്ള പോയിന്റ് വ്യത്യാസം വീണ്ടും 12 ആക്കി ഉയർത്തി ലിവർപൂളിന്റെ കുതിപ്പ്. ഡിയേഗോ ജോട്ട 57–ാം മിനിറ്റിൽ നേടിയ ഏക ഗോളിൽ എവർട്ടനെ തകർത്താണ് ലിവർപൂളിന്റെ വിജയക്കുതിപ്പ്. ഈ സീസണിൽ പ്രിമിയർ ലീഗിൽ ജോട്ടയുടെ ആറാം ഗോളാണിത്. ഇതോടെ, ലിവർപൂൾ കിരീടനേട്ടത്തിന്റെ ഒരു പടി കൂടി അടുത്തെത്തി.
ലെസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനം നിലനിർത്തി. ജാക്ക് ഗ്രീലിഷ് (രണ്ടാം മിനിറ്റ്), ഒമർ മർമോഷ് (29–ാം മിനിറ്റ്) എന്നിവരാണ് മാഞ്ചസ്റ്റർ സിറ്റിക്കായി ഗോൾ നേടിയത്.
മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റിയെയും (2–0), ആസ്റ്റൺ വില്ല ബ്രൈട്ടണെയും (3–0), ഇപ്സ്‌വിച്ച് ടൗൺ ബോൺമൗത്തിനെയും (2–1), ന്യൂകാസിൽ യുണൈറ്റഡ് ബ്രെന്റ്ഫോഡിനെയും (2–1) തോൽപ്പിച്ചു. സതാംപ്ടണും ക്രിസ്റ്റൽ പാലസും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.
അതേസമയം, ഇന്നലെ നടന്ന മത്സരത്തിൽ നോട്ടിങ്ങാം ഫോറസ്റ്റിനോട് 1–0ന്റെ തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് ടേബിളിൽ 13–ാം സ്ഥാനത്തേക്കു വീണു. നോട്ടിങ്ങാമിന്റെ സ്വന്തം മൈതാനമായ സിറ്റി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 5–ാം മിനിറ്റിൽ സ്വീഡിഷ് താരം ആന്റണി ഇലങ്ക നേടിയ ഗോളിലാണ് യുണൈറ്റഡിനെ ആതിഥേയർ വീഴ്ത്തിയത്. ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ വൂൾവ്സ് 1–0ന് വെസ്റ്റ്ഹാമിനെയും ആർസനൽ 2–1 ഫുൾഹാമിനെയും തോൽപിച്ചു.
English Summary:








English (US) ·