Published: December 18, 2025 09:15 AM IST Updated: December 18, 2025 11:46 AM IST
1 minute Read
തൃശൂർ ∙ ഇരുപതു പേരും അറുപതു സ്വഭാവവുമുള്ള ചെറുപ്പക്കാരുടെ സംഘത്തെ ഒത്തിണക്കമേറിയ സ്ക്വാഡ് ആക്കി മാറ്റാൻ പരിശീലകർ അനുഭവിക്കുന്ന കഷ്ടപ്പാട് ജോപോൾ അഞ്ചേരിയെ എന്നും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. കളിക്കാരനെന്ന നിലയിലെ രാജ്യാന്തര കരിയർ അവസാനിപ്പിച്ച സമയത്തു കോച്ചിങ്ങിലേക്കില്ലെന്നു തീരുമാനിച്ചതും അതുകൊണ്ടാണ്.
പക്ഷേ, 20 വർഷം പിന്നിടുമ്പോൾ അഞ്ചേരി ഇതാ സൂപ്പർലീഗ് കേരളയുടെ രണ്ടു സീസണിലും ഫൈനലിൽ ഇടംപിടിച്ച സൂപ്പർ കോച്ച് ആയി മാറിയിരിക്കുന്നു. കഴിഞ്ഞ സീസണിൽ ഫോഴ്സ കൊച്ചിയും ഈ സീസണിൽ തൃശൂർ മാജിക് എഫ്സിയും ഫൈനലിസ്റ്റ് ആയപ്പോൾ അഞ്ചേരി അസിസ്റ്റന്റ് കോച്ച് ആയി കൂടെയുണ്ട്. ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻസി അടക്കം രാജ്യാന്തര കരിയറിലെ തിളക്കമേറിയ നേട്ടങ്ങൾ സ്വന്തമാക്കിയ ജോപോൾ അഞ്ചേരി 2005 സീസണിനൊടുവിലാണു വിരമിച്ചത്. ഇനിയെന്ത് എന്ന ചോദ്യത്തിനു കോച്ചിങ് എന്ന ഉത്തരം നൽകാൻ ഒരിക്കലും ആലോചിച്ചിരുന്നില്ല. പിന്നീടെന്തു സംഭവിച്ചുവെന്ന് അഞ്ചേരി തന്നെ പറയും.
'മോഹൻ ബഗാനിൽ നിന്നു വിരമിക്കുന്ന കാലത്ത് പരിശീലകനാകാനൊന്നും തീരുമാനിച്ചിട്ടില്ല. പരിശീലകരുടെ ബുദ്ധിമുട്ട് ഒക്കെ അടുത്തു നിന്നു കണ്ടിട്ടുള്ളതാണല്ലോ. പി.കെ.ബാനർജിയും സയ്യിദ് നയിമുദീനുമൊക്കെ പെട്ടിരുന്ന പാടറിയാം. ടീമിനെ കൊണ്ടുനടക്കൽ തീരെ എളുപ്പമല്ല. പക്ഷേ, 2008ൽ തൃശൂരിൽ പരിശീലകൻ ഗബ്രിയേൽ സർ സി ലൈസൻസ് കോച്ചിങ്ങിനു വേണ്ട പരിശീലന ക്യാംപിലേക്ക് എന്നെയും ഐ.എം.വിജയനെയും വിളിച്ചു വരുത്തി. സി ലൈസൻസ് നേടിക്കഴിഞ്ഞ് ഞങ്ങൾ ബി ലൈസൻസും ഒന്നിച്ചെടുത്തു. വിജയൻ ആ വഴിക്കു തിരിഞ്ഞില്ലെങ്കിലും ഞാൻ മുന്നോട്ടുപോകാൻ തീരുമാനിച്ചു’– അഞ്ചേരി പറയുന്നു.
ഈഗിൾ എഫ്സി കോച്ചായി തിരഞ്ഞെടുക്കപ്പെട്ടതോടെ അഞ്ചേരിയുടെ കരിയർ വഴിത്തിരിവിലെത്തി. അണ്ടർ 13,14 ഇന്ത്യൻ ടീമുകളുടെ അസി.കോച്ച് ആയും തിരഞ്ഞെടുക്കപ്പെട്ടു. മോഹൻ ബഗാൻ അക്കാദമിയിലേക്കു വിളിവന്നത് 2015ൽ. കോവിഡ് കാലം വരെ അതു തുടർന്നു. കോവിഡ് കാലത്തെ ഇടവേളയിലാണ് എ ലൈസൻസ് എടുക്കാൻ തീരുമാനിച്ചത്. ലൈസൻസ് നേടിക്കഴിഞ്ഞപ്പോൾ ഫോഴ്സ കൊച്ചിയിലേക്കു വിളി വന്നു.
പോർച്ചുഗീസ് കോച്ച് മാരിയോ ലിമോസിനു കീഴിലായിരുന്നു ആദ്യ അവസരം. പ്രഫഷനൽ മികവാർജിക്കാൻ അദ്ദേഹത്തിനൊപ്പമുള്ള ഒരുവർഷം തുണയായി. ടീം ഫൈനലിൽ എത്തിയതിനു പിന്നാലെ തൃശൂർ മാജിക് എഫ്സിയിലേക്കു വിളിവന്നു. ഹെഡ് കോച്ച് ആന്ദ്രേ ചെർണിഷോവിനൊപ്പം ടീമിനെ ഒരുക്കി. കളിക്കാരനായിരുന്ന സമയത്തെ അനുഭവസമ്പത്ത് പരിശീലനത്തിൽ തുണയായി. ഓരോരുത്തരുടെയും കരുത്തും ദൗർബല്യവും തിരിച്ചറിഞ്ഞു പാകപ്പെടുത്തി. കളിച്ചിരുന്ന കാലത്തെ അതേ അഗ്രസീവ് ശൈലി പരിശീലകനായപ്പോഴും തുടരാൻ കഴിഞ്ഞത് അഞ്ചേരിയെ വിജയദാഹിയായ പരിശീലകനാക്കി മാറ്റുന്നു.
English Summary:









English (US) ·