വിജയചിത്രങ്ങള്‍ സാക്ഷി, 75-ാം വര്‍ഷത്തില്‍ സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ്; ഗ്ലോബല്‍ റിലീസായി 'ആസാദി'

8 months ago 10

മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള പേരുകളിലൊന്നായ സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സിന് 75 വയസ്സ്. ചലച്ചിത്ര വിതരണ- നിര്‍മാണരംഗത്ത് 1950-ല്‍ തുടങ്ങിയ യാത്ര ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ഏറെ പ്രതീക്ഷയോടെ മലയാളി കാത്തുനില്‍ക്കുന്ന 'ആസാദി'യിലും. ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിലുള്ള പ്രിവ്യൂ സ്‌ക്രീനിങ്ങിന് പിന്നാലെ 'ആസാദി' സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് വിതരണത്തിന് എടുക്കുകയായിരുന്നു. ഇന്‍ഡസ്ട്രിക്ക് അകത്തും പുറത്തും ഏറെ പ്രതീക്ഷ ഉയര്‍ന്ന ചിത്രത്തിന് വിപുലമായ ഗ്ലോബല്‍ റിലീസാണ് സെന്‍ട്രല്‍ ഒരുക്കുന്നത്.

1950-ല്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ നായകനായി, വി.എസ്. രാഘവന്‍ സംവിധാനം ചെയ്ത 'ചന്ദ്രിക' എന്ന സിനിമയിലാണ് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ചരിത്രയാത്ര തുടങ്ങിയത്. അതിനുശേഷം 'നീലക്കുയി'ലും 'ചട്ടക്കാരി'യും 'തീക്കന'ലും അടക്കം ക്ലാസിക് സിനിമകള്‍ കാഴ്ചക്കാരുടെ മുന്നിലെത്തിച്ചു. 'കൂടെവിടെ', 'ഈ ശബ്ദം ഇന്നത്തെ ശബ്ദം', 'ഇവിടെ തുടങ്ങുന്നു', 'ചക്കര ഉമ്മ', 'കുടുംബപുരാണം', 'കളിക്കളം', 'ഒരു ഇന്ത്യന്‍ പ്രണയ കഥ', 'നരന്‍', 'രസതന്ത്രം', 'ഉസ്താദ് ഹോട്ടല്‍', 'ഹൗ ഓള്‍ഡ് ആര്‍ യു', 'എന്ന് നിന്റെ മൊയ്തീന്‍' തുടങ്ങിയ ചിത്രങ്ങളുടെ നിര കണ്ടാലറിയാം സെന്‍ട്രലിന്റെ സിനിമകളുടെ മികവ്.

'മുംബൈ പൊലീസ്', 'അഞ്ചാംപാതിര', വലിയ വിജയങ്ങളായ 'അയ്യപ്പനും കോശിയും', 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍', 'രോമാഞ്ചം', 'തല്ലുമാല' എന്നീ ചിത്രങ്ങള്‍ പിന്നാലെയെത്തി. ഏറ്റവുമൊടുവിലായി നസ്ലിന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം 'ആലപ്പുഴ ജിംഖാന' തീയേറ്ററിലെത്തിച്ചതും സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് തന്നെ. ആ നിരയിലേക്കാണ് 'ആസാദി'യുടെ വരവ്.

വന്‍ ഹിറ്റായ 'അഞ്ചാംപാതിര'യ്ക്കുശേഷം സെന്‍ട്രല്‍ വിതരണത്തിനെടുത്ത വേറിട്ട ത്രില്ലറാണ് 'ആസാദി'. ഒരു ജയില്‍ ബ്രേക്ക് കഥപറയുന്ന ചിത്രം പ്രേക്ഷകരെ പൂര്‍ണമായും ത്രില്ലടിപ്പിക്കും എന്നതുതന്നെയാണ് അണിയറക്കാര്‍ തരുന്ന ഉറപ്പ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്കുന്ന തടവുകാരിയായ യുവതിയെയും കുഞ്ഞിനേയും അവിടെനിന്നും കടത്തിക്കൊണ്ടുപോകുകയെന്ന അസാധ്യമായ ദൗത്യം ഏറ്റെടുക്കുന്ന സാധാരണക്കാരുടെ കഥയാണ് സിനിമ. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ചിത്രം ഏറ്റെടുത്തതിന് പിന്നാലെ 'ആസാദി'യുടെ ഒടിടി- സാറ്റലൈറ്റ് അവകാശങ്ങള്‍ അതിവേഗം വിറ്റുപോയി. തമിഴ്, തെലുങ്ക്, ഹിന്ദി അവകാശങ്ങള്‍ക്കും ആവശ്യക്കാരേറെ.

ശ്രീനാഥ് ഭാസിയും ലാലും പ്രധാന വേഷത്തിലെത്തുന്ന 'ആസാദി' മേയ് 23-നാണ് തീയേറ്ററുകളിലെത്തുക. നവാഗതനായ ജോ ജോര്‍ജാണ് സംവിധായകന്‍. സീറ്റ് എഡ്ജ് ത്രില്ലര്‍ എന്ന അവകാശവാദത്തോടെ എത്തുന്ന ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മിക്കുന്നത്. സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രവീണ, വാണി വിശ്വനാഥ്, സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ, അഭിറാം, അബിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി. രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹനിര്‍മാതാക്കളായ 'ആസാദി'യുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി: സനീഷ് സ്റ്റാന്‍ലി, സംഗീതം: വരുണ്‍ ഉണ്ണി, റീ റിക്കോഡിംഗ് മിക്സിംഗ്: ഫസല്‍ എ. ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സഹാസ് ബാല, സൗണ്ട് ഡിസൈന്‍: സൗണ്ട് ഐഡിയാസ്, എക്സികുട്ടീവ് പ്രൊഡ്യൂസര്‍: അബ്ദുള്‍ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: റെയ്സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍: സ്റ്റീഫന്‍ വല്ലിയറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റണി എലൂര്‍, കോസ്റ്റ്യൂം: വിപിന്‍ ദാസ്, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിഐ: തപ്സി മോഷന്‍ പിക്ച്ചേഴ്സ്, കളറിസ്റ്റ്: അലക്സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍: അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അനൂപ് കക്കയങ്ങാട്, പിആര്‍ഒ: പ്രതീഷ് ശേഖര്‍, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്: ഷിജിന്‍ പി. രാജ്, വിഗ്നേഷ് പ്രദീപ്, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച്, ട്രെയിലര്‍ കട്ട്: ബെല്‍സ് തോമസ്, ഡിസൈന്‍: 10 പോയിന്റസ്, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: മെയിന്‍ലൈന്‍ മീഡിയ.

Content Highlights: Central Pictures, a sanction synonymous with Malayalam cinema, celebrates 75 years

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article