വിജയത്തിന്റെ 'റോന്ത്' ചുറ്റി വീണ്ടും ഷാഹി കബീർ; മലയാളത്തിൽ ഹിറ്റ് തുടക്കവുമായി ഫെസ്റ്റിവല്‍ സിനിമാസ്

7 months ago 6

14 June 2025, 05:04 PM IST

ronth-malayalam-movie

റോന്ത്

തിയേറ്ററുകളില്‍ വീണ്ടും ഷാഹി കബീര്‍ പടത്തിന് നിറഞ്ഞ സദസ്സും കൈയ്യടിയും. ദിലീഷ് പോത്തന്റേയും റോഷന്‍ മാത്യുവിന്റേയും പ്രകടനത്തെ അത്ഭുതത്തോടെയാണ് ആരാധകര്‍ കണ്ടത്. മികച്ച കളക്ഷനും അഭിപ്രായും നേടി ഷാഹി കബീര്‍ ചിത്രം റോന്ത് തിയേറ്ററുകളില്‍ കുതിക്കുമ്പോള്‍ മലയാള സിനിമക്ക് ലഭിച്ചത് പുതിയൊരു നിര്‍മ്മാണ കമ്പനിയെക്കൂടിയാണ്. ഫെസ്റ്റിവല്‍ സിനിമാസ് എന്ന നിര്‍മ്മാണ കമ്പനി ജംഗ്ലീ പിക്‌ചേഴ്‌സുമായി കൈകോര്‍ത്താണ് റോന്ത് നിര്‍മ്മിച്ചത്. ആദ്യ ചിത്രത്തില്‍ തന്നെ വിജയം കൈവരിക്കുക എന്ന അപൂര്‍വ്വ ഭാഗ്യം നേടാന്‍ ഫെസ്റ്റിവല്‍ സിനിമാസിന് കഴിഞ്ഞു.

റിലീസ് ദിവസം തന്നെ മികച്ച അഭിപ്രായമാണ് 'റോന്തി'ന് ലഭിച്ചത്. ദിലീഷിന്റേയും റോഷന്റേയും പോലീസ് വേഷങ്ങള്‍ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റി. യോഹന്നാനും ദിന്‍നാഥും അതിഭാവുകത്വങ്ങളില്ലാത്ത സാധാരണക്കാരായ പോലീസുകരാണ്. എന്താണ് പോലീസുകാരന്റെ വ്യക്തി-ഔദ്യോഗിക ജീവിതം എന്ന് കൃത്യമായി വരച്ചുകാണിക്കുന്ന ഷാഹിയുടെ തിരക്കഥയ്ക്കും സംവിധാന പാടവത്തിനും എല്ലാ ഭാഗത്തുനിന്നും കൈയ്യടിയാണ് ലഭിക്കുന്നത്.

പരിചയസമ്പന്നനായ സംവിധായകന്‍ രതീഷ് അമ്പാട്ട്, വിതരണ, തിയേറ്റര്‍ രംഗത്തെ പരിചയ സമ്പന്നനായ രഞ്ജിത്ത് ഇവിഎം, തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് ജോജോ ജോസ് എന്നിവരാണ് ഫെസ്റ്റിവല്‍ സിനിമാസിന്റെ അമരക്കാര്‍. ഇവരുടെ ഈ മേഖലയിലുള്ള അറിവ് സിനിമയുടെ എല്ലാ ഘട്ടത്തിലും അണിയറപ്രവര്‍ത്തകര്‍ക്ക് വന്‍ പിന്തുണയാണ് നല്‍കിയത്. അതോടൊപ്പം ടൈംസ് ഗ്രൂപ്പിന്റെ സിനിമ നിര്‍മ്മാണ കമ്പനിയായ ജംഗ്ലീ പിക്‌ചേഴ്‌സ് കൂടി കൈകോര്‍ത്തപ്പോള്‍ സിനിമ ദേശീയ ശ്രദ്ധയും നേടി.

ഷാഹി കബീര്‍ സിനിമകള്‍ക്ക് പൊതുവേ ലഭിക്കുന്ന വലിയ സ്വീകാര്യത സോഷ്യല്‍ മീഡിയാ റിവ്യൂകളില്‍ കാണുന്നുണ്ട്. അതോടൊപ്പം ദിലീഷ് പോത്തന്റേയും റോഷന്‍ മാത്യുവിന്റേയും പ്രകടനവും സിനിമ പ്രേമികള്‍ ഏറ്റെടുത്തതോടെ ചിത്രത്തിന് വലിയ ബുക്കിങ് ആണ് ഉള്ളത്. കനത്ത മഴയില്‍ പോലും നിറഞ്ഞുകവിയുന്ന തിയേറ്ററുകള്‍ സിനിമ ജനങ്ങള്‍ ഏറ്റെടുത്തു എന്നതിന്റെ തെളിവാണ്. കേരളത്തിനു പുറത്തും വിദേശ രാജ്യങ്ങളിലും ചിത്രത്തിന് വലിയ ബുക്കിങ്ങാണ് ലഭിക്കുന്നതെന്ന് ഫെസ്റ്റിവല്‍ സിനിമാസ് പാര്‍ട്ണര്‍ രഞ്ജിത്ത് ഇവിഎം പറഞ്ഞു. കൂടുതല്‍ തിയേറ്ററുകളില്‍ നിന്നും സിനിമ ചോദിച്ച് കോളുകള്‍ വരുന്നതായും ഇദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ കേരളത്തിലെ നൂറ്റിയമ്പതോളം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

Content Highlights: Ronth movie success

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article