വിജയരാഘവനെ അറിയാത്ത മലയാളികളില്ല, അതിലും വലിയ അം​ഗീകാരമെന്താണ് ?

5 months ago 5

 Mathrubhumi

വിജയരാഘവൻ, ഉർവശി | Photo : Mathrubhumi

ദേശീയ പുരസ്കാര വേദിയിൽ തിളങ്ങി നിൽക്കുകയാണ് മലയാള സിനിമ. മികച്ച സഹനടൻ, സഹനടി, മികച്ച മലയാള ചിത്രം എന്നീ വിഭാ​ഗങ്ങളിലുൾപ്പടെ ആറ് പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. പൂക്കാലം എന്ന ചിത്രത്തിലെ നൂറ് വയസുകാരൻ ഇട്ടൂപ്പായി വിസ്മയിപ്പിച്ച വിജയരാഘവനാണ് മികച്ച സഹനടൻ. ഉള്ളൊഴുക്കിലെ ലീലാമ്മയായി പകർന്നാട്ടം നടത്തി ഉർവശി മികച്ച സഹനടിയുമായി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് തന്നെയാണ് മികച്ച മലയാള ചിത്രവും. ഇതിന് പുറമേ 2018 എന്ന ചിത്രത്തിന് മോഹൻദാസ് മികച്ച പ്രൊഡക്ഷൻ ഡിസൈനറും. പൂക്കാലത്തിലൂടെ മിഥുൻ മുരളി മികച്ച എഡിറ്ററുമായി തിരഞ്ഞെടുക്കപ്പെട്ടു..

നാൽപത് വർഷമായി സിനിമ കൊണ്ട് മാത്രം ജീവിക്കുന്ന മനുഷ്യനാണ് ഞാൻ - വിജയരാഘവൻ

‌നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 2023ലാണ് ആദ്യമായി വിജയരാഘവനെ തേടി ഒരു സംസ്ഥാന പുരസ്കാരം എത്തുന്നത്. അതും പൂക്കാലം എന്ന സിനിമയ്ക്കായി തന്നെ. അതിന് പിന്നാലെയാണ് ഇരട്ടി മധുരമെന്നോെണം ഇപ്പോൾ ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.

സുദീർഘമായ ഈ യാത്രയിൽ വേണ്ടത്ര അം​ഗീകാരങ്ങൾ ലഭിച്ചില്ലെന്ന് എപ്പോഴെങ്കിലും നിരാശ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി സിനിമയെ, അഭിനയത്തെ ആത്മാർഥമായി സ്നേഹിക്കുന്ന, അത്യാ​ഗ്രഹങ്ങളില്ലാത്ത കറകളഞ്ഞ ഒരു കലാകാരന്റെ ഉള്ളിൽ നിന്നും വന്ന വാക്കുകളെന്ന് മലയാളികൾ അം​ഗീകരിച്ചതാണ്... നാൽപത് വർഷമായി സിനിമ കൊണ്ട് മാത്രം ജീവിക്കുന്ന മനുഷ്യനാണ് താനെന്ന് പറയുന്നതിനൊപ്പം തന്നെ വെറുതേ ജീവിക്കുകയല്ല, സുഖമായി ജീവിക്കുകയാണെന്ന് കൂട്ടിച്ചേർക്കുമ്പോൾ തന്നെ ലഭിച്ച ജീവിതത്തിൽ, സൗഭാ​ഗ്യങ്ങളിൽ തൃപ്തനായ, അതിൽ സന്തോഷിക്കുന്ന വിജയരാഘവനെന്ന വ്യക്തിയെ കൂടി അടുത്തറിയാനാവും.

ഞാനെന്തെങ്കിലും ആ​ഗ്രഹിച്ചിട്ടുണ്ടെങ്കിൽ അല്ലേ നിരാശപ്പെടേണ്ടതുള്ളൂ. എന്റെ പ്രായം പലർക്കും ഊഹിക്കാൻ സാധിക്കാറില്ല. എങ്ങനെയാണ് ഈ പ്രായത്തിലും ഇങ്ങനെ ഇരിക്കാൻ സാധിക്കുന്നത് എന്ന് പലരും അത്ഭുതത്തോടെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. അതിന് കാരണം നേരത്തെ പറഞ്ഞത് പോലുള്ള ആ​ഗ്രഹങ്ങൾ എനിക്ക് ഇല്ലാത്തതുകൊണ്ടാണ്. നാൽപത് വർഷമായി സിനിമ കൊണ്ട് മാത്രം സുഖമായി ജീവിക്കുന്ന മനുഷ്യനാണ് ഞാൻ. നല്ലൊരു വീട്, സഞ്ചരിക്കാൻ എസി കാർ, കുഴപ്പമില്ലാത്ത ഭക്ഷണം.. ഇതൊക്കെ പോരെ ഒരു മനുഷ്യന് സുഖമായി ജീവിക്കാൻ. വിജയരാഘവനെ അറിയാത്ത മലയാളികളില്ല, ലോകത്ത് എവിടെ പോയാലും മലയാളികൾ എന്നെ തിരിച്ചറിയും. ഇതിൽ കൂടുതൽ എന്ത് കിട്ടാനാണ്... ഇന്നേ വരെ സിനിമയിൽ ഒരാളോടും എനിക്ക് ചാൻസ് ചോദിക്കേണ്ടി വന്നിട്ടില്ല. അഭിനയം,എന്റെ ആത്മസുഖത്തിന് വേണ്ടി ഞാൻ കളിക്കുന്ന ഒരു കളിയാണ്. അത് ഞാൻ ആസ്വദിക്കുന്നു. പ്രേക്ഷകരുടെ അം​ഗീകാരം ലഭിക്കുന്നു. പിന്നെ അവാർഡുകളുടെ കാര്യം. മൂന്നാല് പേർ കൂടിയിരുന്ന് ഇന്ന ആൾക്ക് ഇന്ന അവാർഡ് എന്ന് പറഞ്ഞ് തരുന്ന ഒന്നല്ലേ, അത് കിട്ടാത്തതിൽ നിരാശനാകേണ്ട കാര്യമെന്താണ്. ആ നാല് പേരുടെ അഭിപ്രായമാണ് ഇന്ന ആൾ കൊള്ളാം ഇന്ന ആൾ കൊള്ളില്ല എന്നത്. അതിനേക്കാൾ കൂടുതൽ കൊള്ളാമെന്ന് അഭിപ്രായം ഉള്ളതുകൊണ്ടാണ് ഞാനിന്നും നിലനിൽക്കുന്നത്...എന്നെ കണ്ട് തിരിച്ചറിഞ്ഞ് ഒരു കൊച്ചുകുഞ്ഞ് എന്റെ അടുത്ത് വന്ന് സംസാരിക്കുന്നത് പോലും എനിക്ക് വലിയ അം​ഗീകാരമാണ്.. വിജയരാഘവന്റെ വാക്കുകൾ..

ഒരിടത്തരം കുടുംബത്തിലെ നൂറു വയസ്സുള്ള ദമ്പതിമാരായ ഇട്ടൂപ്പിൻറേയും - കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ മക്കളുടേയും മരുമക്കളുടേയും കൊച്ചുമക്കളുടേയും കഥയാണ് ​ഗണേഷ് രാജ് രചനയും സംവിധാനവും നിർവഹിച്ച പൂക്കാലം പറയുന്നത്. വിജയ രാഘവൻ ഇട്ടൂപ്പായെത്തിയപ്പോൾ കെ.പി.എ.സി ലീല കൊച്ചു ത്രേസ്യയായി. ‌

ഉള്ളൊഴുക്ക് എനിക്ക് മാനസികമായി വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയ സിനിമ - ഉർവശി

തനിക്കേറെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയ സിനിമയാണ് ഉള്ളൊഴുക്കെന്നാണ് ഉർവശി ചിത്രത്തെക്കുറിച്ച് മുമ്പ് മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഏതാണ്ട് നാല് വർഷത്തോളം സംവിധായകനായ ക്രിസ്റ്റോ ടോമി തനിക്ക് വേണ്ടി ഈ സിനിമയുമായി കാത്തിരുന്നെന്നും ഉർവശിയുടെ വാക്കുകൾ..

എനിക്ക് 'ഡാർക്ക്' സിനിമ ചെയ്യാൻ താത്പര്യമില്ല, എനിക്ക് സന്തോഷമുള്ള ചിത്രം ചെയ്താൽ മതി എന്നെ ഒഴിവാക്കണം... സോറി എന്ന് പറഞ്ഞ് നാല് വർഷത്തോളം നീട്ടി വച്ച ചിത്രമാണ് ഉള്ളൊഴുക്ക്. അത്ര വർഷവും ക്രിസ്റ്റോ കാത്തിരുന്നു. ഓരോ വർഷവും ചേച്ചീ സിനിമ തുടങ്ങിയില്ല കേട്ടോ എന്നും പറഞ്ഞ് ക്രിസ്റ്റോ വരും. ഇതിനുമുൻപ് ഒരാളേ എനിക്ക് വേണ്ടി ഇതുപോലെ കാത്തിരുന്നിട്ടുള്ളൂ. കഴകം എന്ന സിനിമയുടെ സംവിധായകൻ സുകുമാരൻ നായർ. അതുപോലെ ചെയ്ത ചിത്രമാണ് ഉള്ളൊഴുക്ക്. ചെയ്തു തീർന്നപ്പോൾ ഈ സിനിമ സ്വീകരിച്ചില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായേനേ എന്നെനിക്ക് തോന്നി. ഡാർക്ക് സിനിമയാണ് ഉള്ളൊഴുക്ക് എന്ന് ആദ്യമേ പറഞ്ഞല്ലോ, അതിൽ നിന്ന് പുറത്ത് വരണമെങ്കിൽ പുറത്ത് കുറച്ച് ചിരിയും തമാശയുമൊക്കെ വേണം. ഞാൻ സിനിമകളിൽ വളരെ കുറച്ച് മാത്രമേ ഗ്ലിസറിൻ ഉപയോഗിച്ചിട്ടുള്ളൂ. യഥാർഥ ഇമോഷൻ ഉള്ള സിനിമയാണെങ്കിൽ ഗ്ലിസറിന്റെ ആവശ്യം വരുന്നില്ല. ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത സിനിമാറ്റിക് ആയിട്ടുള്ള സീൻ എഴുതി വച്ചാൽ ഗ്ലിസറിൻ ആവശ്യമായി വരും. ഉള്ളൊഴുക്ക് എനിക്ക് മാനസികമായി വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയ സിനിമയാണ്..

വെള്ളമാണ് സിനിമയിലെ മറ്റൊരു കഥാപാത്രം. മുട്ടറ്റം വെള്ളമുണ്ടായിരുന്നു പല സീനിലും. ദിവസവും മണിക്കൂറുകൾ വെള്ളത്തിൽ നിന്ന് കാലിന്റെ നിറം മാറി. മുടി ഉണക്കുന്ന ഡ്രയർ വെച്ച് കൂടെ സഹായത്തിനുണ്ടായിരുന്ന സ്ത്രീ കാലു ചൂടാക്കി ബ്ലാങ്കറ്റിൽ പൊതിഞ്ഞു വെക്കും. എന്റെ അവസ്ഥ കണ്ട് നാൽപതാമത്തെ ദിവസമാണ് പാർവതി പറയുന്നത് ചേച്ചി ബൂട്ട് ഇട്ട് അഭിനയിക്കൂ എന്ന്. ബാക്കിയുള്ള മൂന്ന് ദിവസവും ബൂട്ട് ഇട്ടാണ് അഭിനയിച്ചത്... ഉർവശി പറയുന്നു.

കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിൽ മരണപ്പെട്ട അച്ചാച്ചന്റെ മൃതദേഹവുമായി വെള്ളമിറങ്ങാൻ കാത്തിരുന്ന ദിനങ്ങളാണ് ഉള്ളൊഴുക്കിന്റെ കഥാതന്തു - ക്രിസ്റ്റോ ടോമി

2018-ൽ ആമിർ ഖാൻ, രാജ് കുമാർ ഹിറാനി എന്നിവർ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ നടന്ന 'സിനിസ്ഥാൻ ഇന്ത്യ' തിരക്കഥ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തിരക്കഥ. എഴുതിയത് ഒരു മലയാളി. ആറുവർഷങ്ങൾക്കുശേഷം ആ തിരക്കഥയാണ് 'ഉള്ളൊഴുക്ക്' എന്ന പേരിൽ ക്രിസ്റ്റോ ടോമി വെള്ളിത്തിരയിലെത്തിച്ചത്. തന്റെ ജീവിതത്തിലെ ഒരേടാണ് ക്രിസ്റ്റോ ഉള്ളൊഴുക്കിന് കഥാതന്തുവാക്കിയത്. കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് മരണപ്പെട്ട തന്റെ അച്ചാച്ചന്റെ മൃതദേഹവുമായി എട്ടൊൻപത് ദിവസത്തോളം വെള്ളമിറങ്ങുന്നതും കാത്തിരുന്ന കാലം ക്രിസ്റ്റോ പലപ്പോഴും ഓർത്തെടുത്തിട്ടുണ്ട്.

Content Highlights: nationalist movie awards 2023 vijayaraghavan and urvashi interrogation astir pookkaalam and ullozhukku

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article