27 May 2025, 10:45 AM IST

പ്രതീകാത്മക ചിത്രം
ലണ്ടന്‍: 427 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തി വെറും രണ്ട് റണ്‍സിന് ഓള്‍ഔട്ടാവുക. അതില്‍ത്തന്നെ ഒരു റണ്‍ വൈഡ് വഴി ലഭിക്കുക. അങ്ങനെ എതിര്‍ടീം 424 റണ്‍സിന്റെ വിജയം സ്വന്തമാക്കുക. അസംഭവ്യമാണെന്ന് തോന്നുന്നുവെങ്കില്‍ തെറ്റി. ഇംഗ്ലണ്ടിലെ ക്ലബ്ബ് ക്രിക്കറ്റില്‍ അങ്ങനെയൊന്ന് സംഭവിച്ചു. ഇംഗ്ലണ്ടിലെ മിഡില്‍സെക്‌സ് കൗണ്ടി ലീഗില്‍ റിച്ച്മണ്ട് ക്രിക്കറ്റ് ക്ലബ്ബായ ഫോര്‍ത്ത് ഇലവനും നോര്‍ത്ത് ലണ്ടന്‍ ക്രിക്കറ്റ് ക്ലബ്ബായ തേഡ് ഇലവനും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.
ടോസ് നേടിയ ഫോര്‍ത്ത് ഇലവന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തത് പിഴച്ച തീരുമാനമായിപ്പോയെന്ന് ആദ്യ ഓവറുകളില്‍ത്തന്നെ മനസ്സിലായി. 45 ഓവര്‍ മത്സരത്തില്‍ നോര്‍ത്ത് ലണ്ടന്‍ ഓപ്പണര്‍ ഡാന്‍ സിമ്മന്‍സ് 140 റണ്‍സ് നേടി ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു. കൂടാതെ 63 വൈഡുകള്‍ ഉള്‍പ്പെടെ 92 എക്‌സ്ട്രാ റണ്‍സുംകൂടി നല്‍കിയതോടെ തേഡ് ഇലവന് മികച്ച ടോട്ടല്‍ നേടാനായി. നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 426 റണ്‍സാണ് നോര്‍ത്ത് ലണ്ടന്‍ ക്ലബ് നേടിയത്. ജാക്ക് ലെവിത്ത് (42), നബില്‍ എബ്രഹാം (43) എന്നിവരും ക്ലബ്ബിനായി തിളങ്ങി.
മറുപടി ബാറ്റിങ്ങില്‍ പക്ഷേ, ദുരന്തപൂര്‍ണമായിരുന്നു റിച്ച്മണ്ട് ക്രിക്കറ്റ് ക്ലബ്ബിന്റെ പ്രകടനം. വെറും 34 പന്തുകളില്‍ അഥവാ 5.4 ഓവറില്‍ ക്ലബ്ബിന്റെ എല്ലാ താരങ്ങളും ഒന്നിനു പിറകെ ഒന്നെന്നപോലെ പവലിയനിലേക്ക് മടങ്ങി. എട്ട് ബാറ്റര്‍മാര്‍ ഡക്കായി പുറത്തായി. നാലാം നമ്പര്‍ ബാറ്റര്‍ എടുത്ത സിംഗിളും ഒരു വൈഡും മാത്രമാണ് ടീമിന് തുണയായത്. ഫോര്‍ത്ത് ഇലവനുവേണ്ടി സ്പാവ്ടണ്‍ രണ്ട് റണ്‍സ് വിട്ടുനല്‍കി. മാറ്റ് റോസര്‍ ഒരു റണ്‍പോലും നല്‍കാതെ അഞ്ചും വിക്കറ്റുകള്‍ വീഴ്ത്തി. ഒരു റണ്ണൗട്ടുമുണ്ടായിരുന്നു.
ഫോര്‍ത്ത് ക്ലബ് ആദ്യം ബാറ്റുചെയ്തിരുന്നെങ്കില്‍ വേഗം കളിതീര്‍ത്ത് വീട്ടില്‍പ്പോവാമായിരുന്നു എന്നടക്കം പരിഹാസ കമന്റുകളുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ ടീം സ്‌കോറാണിത്. 1810-ല്‍ ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ ആറ് റണ്‍സിന് പുറത്തായ 'ദി ബി'സിന്റെ പേരിലായിരുന്നു ഉതുവരെയുണ്ടായിരുന്ന കുറഞ്ഞ സ്‌കോര്‍ - 6 റണ്‍സ്. ഇതാണ് തിരുത്തിക്കുറിക്കപ്പെട്ടത്.
Content Highlights: English Cricket Team Bowled Out For Two After Conceding 426








English (US) ·