വിജയിന്റെ പിന്നിൽ നിന്നത് ചെന്നൈ സൂപ്പർ കിങ്സ് താരം? വൈറലായി അശ്വിന്റെ പോസ്റ്റ്; ചെപ്പോക്കിൽ ‘രാഷ്ട്രീയം’ വേണ്ടെന്ന് സിഎസ്കെ

3 weeks ago 4

ഓൺലൈൻ ഡെസ്‌ക്

Published: May 10, 2026 04:37 PM IST

1 minute Read

 X/@ashwinravi99)
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതി‍ജ്ഞ ചെയ്യുന്നു. പിന്നിൽനിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന് സിഎസ്‌കെ താരം അൻഷുൽ കംബോജിന്റെ മുഖച്ഛായ ഉണ്ടെന്നാണ് ചർച്ച. ( ചിത്രം: X/@ashwinravi99)

ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രി വിജയ് സത്യപ്രതിജഞ്ജ ചെയ്ത ചടങ്ങിൽ പങ്കെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ.അശ്വിൻ. ഞായറാഴ്ച രാവിലെ 10 മണിക്കാണ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഒപ്പം 9 മന്ത്രിമാരും ചുമതലയേറ്റു. ദൈവനാമത്തിലാണ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ജവാഹർലാൽ നെഹ്റു ഇൻഡോ‍ർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ രാഹുൽഗാന്ധിയും പങ്കെടുത്തു.

സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം അശ്വിൻ നടത്തിയ രസകരമായ ഒരു നിരീക്ഷണം സൈബർലോകത്താകെ ചർച്ചയായി. സത്യപ്രതിജ്ഞാ ചടങ്ങിനിടെ, വിജയിന്റെ പിന്നിൽനിന്ന സുരക്ഷാ ഉദ്യോഗസ്ഥന് ഒരു ചെന്നൈ സൂപ്പർ കിങ് താരത്തിന്റെ മുഖച്ഛായ ഉണ്ടെന്നാണ് അശ്വിന്റെ കണ്ടെത്തൽ. സിഎസ്കെ താരം അൻഷുൽ കംബോജിനോടാണ് സുരക്ഷാ ഉദ്യോഗസ്ഥനു സാമ്യം. അവിടെ നിന്നത് അൻഷുൽ കംബോജ് തന്നെയാണെന്ന രീതിയിൽ ഹാസ്യരൂപേണ അശ്വിൻ പങ്കുവച്ച ട്വീറ്റും വൈറലായി.

‘‘ചുമതല എപ്പോഴും ഒന്നാമതാണ്, പക്ഷേ വിജയിക്കേണ്ട ഒരു മത്സര ദിവസം (#CSKVLSG), ഇത് അൽപം കൂടുതലാണ്. ഇതൊരു പകൽ മത്സരമാണ്, ഒരു ടാക്സി വിളിച്ച് എത്രയും വേഗം ചെപ്പോക്കിൽ എത്തൂ, അൻഷുൽ കംബോജ്. പ്രധാന മത്സരാണ്.’’– അശ്വിൻ എക്സിൽ കുറിച്ചു. ചെപ്പോക്ക് സ്റ്റേഡിയത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ഇന്നു ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരം. ഇതു സൂചിപ്പിച്ചാണ് അശ്വിന്റെ ട്വീറ്റ്. ഇതുവരെ 10 മത്സരങ്ങളിൽനിന്ന് 17 വിക്കറ്റ് വീഴ്ത്തിയ അൻഷുൽ കംബോജ് ചെന്നൈയുടെ പ്രധാന ബോളറാണ്. അശ്വിന്, ചെന്നൈ സൂപ്പർ കിങ്സ് മറുപടി നൽകുകയും ചെയ്തു. ‘പേടിക്കേണ്ട, അൻഷുൽ കംബോജ് ഇവിടെയുണ്ട്’ എന്നായിരുന്നു മറുപടി ട്വീറ്റ്.

അതേസമയം, മത്സരത്തിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് ആരാധകരോടു നടത്തിയ അഭ്യർഥനയും ചർച്ചയായി. വിജയ്, തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ ദിവസമാണ് ചെപ്പോക്കിലെ മത്സരം നടക്കുന്നത്. രാഷ്ട്രീയ പരിപാടിയും ഐപിഎൽ മത്സരവും ഒരേ ദിവസം വന്ന സാഹചര്യത്തിൽ, മത്സരസമയത്ത് ശ്രദ്ധ പൂർണമായും ക്രിക്കറ്റിൽ മാത്രം കേന്ദ്രീകരിക്കാൻ ആരാധകരോട് സിഎസ്‌കെ ആവശ്യപ്പെട്ടു. ‘‘ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ വ്യക്തിയുമായോ ബന്ധപ്പെട്ട ബാനറുകൾ, പതാകകൾ അല്ലെങ്കിൽ ഹോർഡിങ്ങുകൾ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും പൂർണമായ ‘യെലോ ലൗ’വോടെ (Yellove) കളി ആസ്വദിക്കണമെന്നും ഞങ്ങളുടെ സൂപ്പർ ആരാധകരോട് അൻപുടൻ (സ്നേഹപൂർവ്വം) അഭ്യർഥിക്കുന്നു.’’– സിഎസ്‌കെ എക്സിൽ എഴുതി.

English Summary:

Tamil Nadu CM oath saw R Ashwin making a humorous reflection astir a information defender resembling Chennai Super Kings subordinate Anshul Kamboj. This witty tweet from the erstwhile Indian cricketer has gone viral, sparking discussions online.

Read Entire Article