
വിജയ്, ശിവ കാർത്തികേയൻ | ഫോട്ടോ: PTI, www.facebook.com/Sivakarthikeyan.D
മദ്രാസി എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ നടൻ വിജയ്‌യെക്കുറിച്ച് ശിവ കാർത്തികേയൻ പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് ഇരുവരുടേയും ആരാധകർ. തന്നെ അടുത്ത വിജയ് എന്ന് വിളിക്കുന്നതിനെക്കുറിച്ചും ശിവ കാർത്തികേയൻ സംസാരിച്ചു. വിജയ് തനിക്ക് മൂത്ത സഹോദരനെപ്പോലെയാണെന്ന് ശിവ പറഞ്ഞു. തന്നെ കുട്ടി ദളപതിയെന്നും ധിടീർ ദളപതിയെന്നും വിളിക്കരുതെന്നും താരം വേദിയിൽ അഭ്യർത്ഥിച്ചു. എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ കൊതിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നെന്നും ശിവ കാർത്തികേയൻ ഓർത്തെടുത്തു.
ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ ചില താരങ്ങളുടെ പൈതൃകം രൂപപ്പെടുത്തുന്നതിൽ ആരാധകർ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് ശിവകാർത്തികേയൻ ചടങ്ങിൽ പറഞ്ഞു. ജനനായകൻ എന്ന ചിത്രത്തിന് ശേഷം വിജയ് സർ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചപ്പോൾ പോലും, അദ്ദേഹത്തിൻ്റെ ആരാധകർ ഉടൻ തന്നെ രാഷ്ട്രീയ പ്രവർത്തകരായി മാറി അദ്ദേഹത്തോടൊപ്പം നിന്നുവെന്ന് താരം ചൂണ്ടിക്കാട്ടി. മറുവശത്ത്, അജിത് സർ ഒരു കാർ റേസിന് പോകുമ്പോൾ പോലും വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നു. വർഷങ്ങൾക്ക് മുൻപ് സ്വന്തം ഫാൻ ക്ലബ് പിരിച്ചുവിട്ടിട്ടും ഇതാണ് അവസ്ഥ. സകലകലാവല്ലഭനായ കമൽ ഹാസന്, ജയത്തിലും തോൽവിയിലും കൂടെ നിൽക്കുന്ന ആരാധകരുണ്ട്. സൂപ്പർസ്റ്റാർ രജനീകാന്ത് 50 വർഷമായി തൻ്റെ താരപദവി നിലനിർത്തുന്നത് അദ്ദേഹത്തിൻ്റെ ശക്തമായ ആരാധകവൃന്ദം ഉള്ളതുകൊണ്ടാണെന്നും ശിവ കാർത്തികേയൻ പറഞ്ഞു.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ഗോട്ട് എന്ന ചിത്രത്തിൽ വിജയ്‌ക്കൊപ്പം ശിവ കാർത്തികേയൻ പ്രത്യക്ഷപ്പെട്ട ഒരു രംഗം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിൽ വിജയ് ശിവ കാർത്തികേയന് തന്റെ കയ്യിലുള്ള ഒരു തോക്ക് നൽകുന്നുണ്ട്. ശിവ കാർത്തികേയനാണ് തന്റെ പിൻഗാമിയെന്ന് വിജയ് പരോക്ഷമായി പറയുന്നു എന്ന രീതിയിൽ ഈ രംഗം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ചും ശിവകാർത്തികേയൻ മനസ്സുതുറന്നു.
“ഗോട്ട് എന്ന ചിത്രത്തിൽ വിജയ് സർ എനിക്ക് തോക്ക് തന്ന രംഗത്തെ ഒരുപാട് പേർ പ്രശംസിക്കുന്നുണ്ട്. അതേസമയം, അത് ട്രോളുകൾക്കും ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. എന്നെ 'അടുത്ത ദളപതി', 'കുട്ടി ദളപതി', 'ധിടീർ ദളപതി' എന്നൊക്കെ ചിത്രീകരിക്കുന്നു എന്ന് ചിലർ വിമർശിച്ചു. പക്ഷേ ഞാൻ അങ്ങനെയൊന്നും ചെയ്യാൻ ശ്രമിച്ചിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം എപ്പോഴും 'അണ്ണൻ' മാത്രമാണ്, ഞാൻ എപ്പോഴും അദ്ദേഹത്തിൻ്റെ 'തമ്പിയും' ആണ്. ആ നിമിഷം എനിക്കൊരു നല്ല അനുഭവം എന്നതിലുപരി മറ്റൊന്നുമല്ല.”
എ.ആർ. മുരുഗദോസിനൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ചും ശിവകാർത്തികേയൻ പറഞ്ഞു, “എ.ആർ. മുരുഗദോസ് സർ നിർമ്മിച്ച 'മാൻ കരാട്ടെ'യിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിൻ്റെ ഓഡിയോ ലോഞ്ചിൽ മുരുഗദോസ് സാറും ശങ്കർ സാറും മുഖ്യാതിഥികളായി ഉണ്ടായിരുന്നു. അന്നൊരു ദിവസം ഞാൻ അവരുടെ സംവിധാനത്തിൽ അഭിനയിക്കുമെന്നും, അത് സംഭവിക്കുന്നതുവരെ കഠിനാധ്വാനം ചെയ്ത് വളരുമെന്നും ഞാൻ പറഞ്ഞു. അന്ന് അതൊരു പ്രതീക്ഷ മാത്രമായിരുന്നു. എൻ്റെ ഒന്നോ രണ്ടോ സിനിമകൾ ഹിറ്റായപ്പോൾ, മുരുഗദോസ് സാറിൻ്റെ സിനിമ എപ്പോഴാണ് സംഭവിക്കുക എന്ന് ചോദിച്ച് ആളുകൾ എന്നെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്തു. പക്ഷേ നിങ്ങളുടെ കൈയ്യടികൾ ഇന്ധനമാക്കിക്കൊണ്ട് ഞാൻ ഓട്ടം തുടർന്നു. ഇന്ന്, ഞാൻ ആഗ്രഹിച്ചതുപോലെ, മുരുഗദോസ് സാറിൻ്റെ സംവിധാനത്തിൽ 'മദ്രാസി' എന്ന ചിത്രത്തിലെ നായകനായി ഞാനിവിടെ നിൽക്കുന്നു.” ശിവ കാർത്തികേയൻ കൂട്ടിച്ചേർത്തു.
Content Highlights: Sivakarthikeyan discusses instrumentality loyalty of Vijay, Ajith, Rajini, the `gun-passing` country with Vijay





English (US) ·