23 September 2025, 09:29 AM IST

വിജയ്, എം.കെ. സ്റ്റാലിൻ | ഫോട്ടോ: പിടിഐ
ചെന്നൈ: തമിഴക വെട്രി കഴകം നേതാവും തമിഴ് സൂപ്പര്‍താരവുമായ വിജയ്‌യുടെ പേരുപറഞ്ഞുവിമര്‍ശിക്കരുതെന്ന് ഡിഎംകെ നേതാക്കള്‍ക്ക് നിര്‍ദേശം. മന്ത്രിമാരടക്കമുള്ള രണ്ടാംനിര നേതാക്കള്‍ക്കാണ് ഡിഎംകെ നേതൃത്വം നിര്‍ദേശം നല്‍കിയത്. വിജയ്‌യെക്കുറിച്ചും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തെക്കുറിച്ചും പരാമര്‍ശിക്കരുതെന്നായിരുന്നു ഒരിനിയല്‍ തമിഴ്‌നാട് എന്ന പേരില്‍ നടത്തിയ പൊതുസമ്മേളനങ്ങള്‍ക്ക് മുന്നോടിയായി നിര്‍ദേശം.
മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടി നേതൃത്വം വാട്‌സാപ്പ് വഴിയാണ് നേതാക്കള്‍ക്ക് നിര്‍ദേശം കൈമാറിയത്. പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശനിയാഴ്ചയും ഞായറാഴ്ചയുമായിരുന്നു പൊതുയോഗങ്ങള്‍. ടിവികെയെ പേരെടുത്ത് പരാമര്‍ശിക്കുന്നതിനുള്ള വിലക്ക് മന്ത്രിമാരടക്കം പൊതുയോഗങ്ങളില്‍തന്നെ പരസ്യമാക്കി.
'അവരെക്കുറിച്ച് ഒന്നും പറയരുതെന്ന് നിര്‍ദേശമുണ്ട്. അവര്‍ നമ്മളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും മറുപടി പറയരുതെന്നാണ് നിര്‍ദേശം', കാഞ്ചീപുരം സൗത്ത് ജില്ലയില്‍ നടന്ന പരിപാടിയില്‍ മന്ത്രി ആര്‍. ഗാന്ധി പറഞ്ഞു. 'വാ മൂടിയാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്', എന്നായിരുന്നു തിരുവാരൂരിലെ പരിപാടിയില്‍ ഡിഎംകെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എന്‍. നെഹ്‌റു പറഞ്ഞത്.
വിജയ്‌യെക്കുറിച്ചും ടിവികെയെക്കുറിച്ചും പരാമര്‍ശിക്കുന്നതിന് വിലക്കുള്ള കാര്യം ഡിഎംകെ സംഘടനാ സെക്രട്ടറി ആര്‍.എസ്. ഭാരതി പരോക്ഷമായി സ്ഥിരീകരിച്ചു. 'സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും കേന്ദ്രത്തിന്റെ നിയന്ത്രണങ്ങളെക്കുറിച്ചും പറയുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ഉദ്ദേശം. മറ്റ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഇക്കാര്യങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കും. അതിനാല്‍ വിഷയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടിയിരുന്നു', എന്നായിരുന്നു ആര്‍.എസ്. ഭാരതിയുടെ വാക്കുകള്‍.
Content Highlights: DMK leaders, including ministers, are banned from criticizing histrion Vijay and his party
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·