'വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാം'; ഫെയ്‌സ്ബുക്കില്‍ പരസ്പരം ഏറ്റുമുട്ടി സാന്ദ്രയും വിജയും

5 months ago 5

Sandra Thomas and Vijay Babu

Photo: Facebook/Sandra Thomas, Vijay Babu

കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പരസ്പരം പോരടിച്ച് സിനിമ നിര്‍മാതാക്കളായ സാന്ദ്ര തോമസും വിജയ് ബാബുവും. കഴിഞ്ഞ ദിവസം സാന്ദ്ര തോമസിനെ വിമര്‍ശിച്ച് വിജയ് ബാബു പങ്കുവെച്ച കുറിപ്പിനാണ് സാന്ദ്ര തോമസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ മറുപടി നല്‍കിയിരിക്കുന്നത്.

വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും എന്നാല്‍, പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുമോയെന്നതിലേയുള്ളൂ പേടിയെന്നാണ് സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം സാന്ദ്രയ്ക്ക് താക്കീത് നല്‍കിയുള്ള ഒരു കുറിപ്പ് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. നന്ദി സാന്ദ്ര, എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ്. അവര്‍ മനുഷ്യരെക്കാള്‍ വിശ്വസ്തരാണെന്ന വാക്കുകളോടാണ് ഈ കുറിപ്പ് അവസാനിപ്പിച്ചത്.

ഇതിനോടുള്ള പ്രതികരണമായാണ് സാന്ദ്ര തോമസിന്റെ ഇന്നത്തെ കുറിപ്പ്. എന്നാല്‍, സാന്ദ്രയുടെ പോസ്റ്റിന് തൊട്ടുപിന്നാലെ തന്നെ വിജയ് ബാബുവിന്റെ പ്രതികരണവും എത്തി. പങ്കാളിത്തം അവസാനിച്ചപ്പോള്‍ ഞാന്‍ നിനക്ക് പകരം ഒരാളെ ദത്തെടുത്തു. അതെ സാന്ദ്ര നീ പറഞ്ഞത് ശരിയാണ്. അത് നിന്നേക്കാള്‍ വിശ്വാസ്യതയുള്ളതാണ് എന്നായിരുന്നു ഒരു നായയുടെ ചിത്രം പങ്കുവെച്ച് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സാന്ദ്രയുടെ പട്ടി ഷോയ്ക്ക് ഉത്തരം പറയാന്‍ സമയമില്ലെന്നും വിജയ് പോസ്റ്റില്‍ പറയുന്നു.

അതേസമയം, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍മാതാവ് സാന്ദ്രാ തോമസിന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു. എറണാകുളം സബ് കോടതിയാണ് സാന്ദ്രയുടെ ഹര്‍ജി തള്ളിയത്. വരണാധികാരിയെ മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. മൂന്ന് ഹര്‍ജികളുമായാണ് സാന്ദ്രാ തോമസ് കോടതിയെ സമീപിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തരുത്, വരണാധികാരിയെ മാറ്റണം, അഡ്വക്കേറ്റ് കമ്മിഷനെ നിയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണം എന്നീ ആവശ്യങ്ങളായിരുന്നു സാന്ദ്ര ഉന്നയിച്ചത്.

വിധി അപ്രതീക്ഷിതവും നിരാശാജനകമാണെന്നും സാന്ദ്രാ തോമസ് ഫെയ്സ്ബുക്കില്‍ പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് ഭാവി നടപടികള്‍ സ്വീകരിക്കുമെന്നും സാന്ദ്ര വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ എക്സിക്യൂട്ടീവ് പദവികളിലേക്ക് മത്സരിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് സാന്ദ്ര കോടതിയില്‍ വാദിച്ചിരുന്നു. തിരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിയമവിരുദ്ധമായാണ് തന്റെ പത്രിക തള്ളിയതെന്നായിരുന്നു സാന്ദ്രയുടെ ആരോപണം.

Content Highlights: Producers Vijay Babu and Sandra Thomas clash online implicit Kerala Film Producers Association election

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article