
വിജയ്, ശിവകാർത്തികേയൻ | ഫോട്ടോ: PTI, www.instagram.com/sivakarthikeyan/
തമിഴ് സൂപ്പർതാരം വിജയ് സിനിമയിൽനിന്ന് വിരമിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആരാധകരെ താൻ ആകർഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി ശിവ കാർത്തികേയൻ. ആർക്കും മറ്റൊരു താരത്തിന്റെ ആരാധകരെ ആകർഷിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്രാസി എന്ന പുതിയ ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എ.ആർ. മുരുദഗോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ദളപതി വിജയുടെ ആരാധകരെ താൻ ആകർഷിക്കാൻ ശ്രമിക്കുന്നുവെന്ന് പലരും പറയുന്നുണ്ടെന്ന് ശിവകാർത്തികേയൻ ചൂണ്ടിക്കാട്ടി. അങ്ങനെ ആർക്കും അത് ചെയ്യാൻ കഴിയില്ല. ആരാധകർ എന്നാൽ യഥാർത്ഥ ശക്തിയാണ്. തൻ്റെ അവസാന സിനിമ കഴിഞ്ഞ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന് വിജയ് സർ പറഞ്ഞപ്പോൾ, അദ്ദേഹത്തിൻ്റെ ഓരോ ആരാധകനും അദ്ദേഹത്തെ പഴയതുപോലെതന്നെ പിന്തുടർന്നു. വർഷങ്ങൾക്ക് മുൻപ് അജിത് സർ തൻ്റെ ഫാൻ ക്ലബ്ബുകൾ പിരിച്ചുവിട്ടപ്പോഴും, ആരാധകർ ഒരു മടിയും കൂടാതെ അദ്ദേഹത്തെ സ്നേഹിക്കുന്നത് തുടർന്നു. വർഷങ്ങളായി താൻ സ്വന്തമായി ആരാധകരെ നേടിയെടുത്തിട്ടുണ്ടെന്നും ശിവകാർത്തികേയൻ പറഞ്ഞു.
"ഇന്ത്യയിലെ മറ്റേതൊരു കലാകാരനിൽ നിന്നും വ്യത്യസ്തനായ കമൽ സാറിനൊപ്പം ഇപ്പോഴും ആരാധകർ നിലകൊള്ളുന്നു. കൂടാതെ, രജനി സർ 50 വർഷമായി സൂപ്പർസ്റ്റാറായി നിലനിൽക്കുന്നതും അദ്ദേഹത്തിൻ്റെ ആരാധകർ കാരണമാണ്. ആർക്കും മറ്റൊരാളുടെ ആരാധകരെ കൊണ്ടുപോകാൻ കഴിയില്ല. നമ്മുടെ കഠിനാധ്വാനത്തിലൂടെയാണ് ആരാധകരെ നേടേണ്ടത്. എൻ്റെ കഴിവിനനുസരിച്ച്, 13 വർഷത്തെ അഭിനയ ജീവിതത്തിൽ, കുറച്ചുപേരെയെങ്കിലും എൻ്റെ ആരാധകരാക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്." താരം കൂട്ടിച്ചേർത്തു.
എ. ആർ. മുരുഗദോസ് രചനയും സംവിധാനവും നിർവഹിക്കുന്ന 'മദ്രാസി' ഒരു സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ്. രുക്മിണി വസന്ത് ആണ് നായിക. വിദ്യുത് ജംവാൾ, ബിജു മേനോൻ, വിക്രാന്ത്, ഷബീർ കല്ലറയ്ക്കൽ, പ്രേം കുമാർ, സഞ്ജയ്, സചന നമിദാസ് എന്നിവരും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്ന ചിത്രം സെപ്റ്റംബർ 5-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ഇതിന് പുറമെ, പരാശക്തി എന്ന് പേരിട്ടിരിക്കുന്ന ഒരു പൊളിറ്റിക്കൽ പിരീഡ് ഡ്രാമയിലും ശിവകാർത്തികേയൻ അഭിനയിക്കുന്നുണ്ട്. രവി മോഹൻ, അഥർവ, ശ്രീലീല, അബ്ബാസ്, ദേവ് രാംനാഥ്, ഗുരു സോമസുന്ദരം, ബേസിൽ ജോസഫ്, പപ്രി ഘോഷ്, റാണ ദഗ്ഗുബാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സൂററൈ പോട്ര് എന്ന സിനിമയ്ക്കുശേഷം സുധ കൊങ്കര സംവിധാനംചെയ്യുന്ന ചിത്രം 2026-ൽ റിലീസ് ചെയ്യും.
Content Highlights: Sivakarthikeyan Denies 'Stealing' Vijay's Fans: 'We Earn Our Own'
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·