വിട്ടുനല്‍കിയ 63 എക്‌സ്ട്രാ റണ്‍സിന്റെ വില; ജഡേജയുടെ അമിത പ്രതിരോധവും തിരിച്ചടിച്ചോ?

6 months ago 6

ലോര്‍ഡ്‌സില്‍ ഒരു ടി20 മത്സരത്തേക്കാളേറെ ആവേശം സമ്മാനിച്ച ടെസ്റ്റ് മത്സരമാണ് അവസാനിച്ചത്. അനായാസം ജയിക്കാമെന്ന് കരുതിയ ഇംഗ്ലണ്ടിനു മുന്നില്‍ രവീന്ദ്ര ജഡേജയും ഇന്ത്യന്‍ വാലറ്റവും കാഴ്ചവെച്ച പോരാട്ടവീര്യം എന്നും ക്രിക്കറ്റ് പ്രേമികളുടെ മനസിലുണ്ടാകും. 193 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തോല്‍വി ഭാരം 22 റണ്‍സെങ്കിലുമാക്കി കുറച്ചത് ജഡേജ, വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ പോരാട്ടമാണ്. ഒന്നാം ടെസ്റ്റില്‍ 835 റണ്‍സും രണ്ടാം ടെസ്റ്റില്‍ 1014 റണ്‍സും നേടിയ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ 193 റണ്‍സെടുക്കാന്‍ കഷ്ടപ്പെടേണ്ടിവന്നതിന്റെ കാരണം എന്താണ്. ജഡേജയുടെ ഇന്നിങ്‌സിനെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. താരത്തിന്റെ അമിത പ്രതിരോധം ഇന്ത്യയ്ക്ക് തിരിച്ചടിയായോ. അതോ ടോപ്പ് ഓര്‍ഡര്‍ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യണമായിരുന്നോ. രണ്ട് ഇന്നിങ്‌സിലുമായി ഇന്ത്യ വിട്ടുനല്‍കിയ 63 എക്‌സ്ട്രാ റണ്‍സാണോ തോല്‍വിയിലെ യഥാര്‍ഥ കാരണക്കാരന്‍.

ഉത്തരവാദിത്തം കാണിക്കാതെ ജയ്‌സ്വാളും ഗില്ലും

രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ടോപ് ഓര്‍ഡറിന്റെ മോശം ബാറ്റിങ് തന്നെയാണ് തോല്‍വിയുടെ ഒരു കാരണം. പരമ്പരയില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ടോപ്പ് ഓര്‍ഡറാണ് മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ മോശം നിലയിലേക്ക് പോയത്. ജയ്‌സ്വാളില്‍ നിന്ന് തുടങ്ങുന്നു തകര്‍ച്ച. രാഹുലിനൊപ്പം നാലാം ദിനം അവസാന സെഷന്‍ പിടിച്ചുനില്‍ക്കുന്നതിന് പകരം ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ ആക്രമിച്ച കളിക്കാന്‍ പോയാണ് ജയ്‌സ്വാള്‍ വിക്കറ്റ് കളയുന്നത്. അതും ആ സാഹചര്യത്തില്‍ ഉറപ്പായും വെറുതെ വിടേണ്ട ഒരു പന്തിലാണ് പുള്‍ഷോട്ടിന് ശ്രമിച്ച് താരം വിക്കറ്റ് കളഞ്ഞത്. ജയ്‌സ്വാള്‍ പുറത്തായതോടെ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് ആത്മവിശ്വാസം വര്‍ധിച്ചു. തുടര്‍ന്നെത്തിയ കരുണ്‍ നായര്‍ക്കും രാഹുലിന് പിന്തുണ നല്‍കാനായില്ല. ബ്രൈഡന്‍ കാര്‍സിന്റെ പന്തിന്റെ ഗതിയറിയാതെ കരുണ്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. പരമ്പരയില്‍ ഇതുവരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റന്‍ ഗില്ലിനും ഇംഗ്ലീഷ് ബൗളര്‍മാരുടെ സമ്മര്‍ദം അതിജീവിക്കാനായില്ല. റണ്‍സടിച്ചില്ലെങ്കിലും അവസാന സെഷന്‍ രാഹുലിനൊപ്പം പിടിച്ചുനിന്നിരുന്നെങ്കില്‍ ഗില്ലിന് ഈ ടെസ്റ്റിന്റെ ഫലം മറ്റൊന്നാക്കാന്‍ സാധിച്ചേനേ.

സമ്മര്‍ദം, ജഡേജയുടെ അമിത പ്രതിരോധം

ഒരു വശത്ത് ബാറ്റര്‍മാര്‍ ഒന്നിനു പിറകെ ഒന്നായി മടങ്ങുമ്പോള്‍ ഒരറ്റത്ത് നിലയുറപ്പിച്ചത് രവീന്ദ്ര ജഡേജയായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ചുറി നേട്ടവും 83 ടെസ്റ്റുകളുടെ പരിചയസമ്പത്തുമുള്ള ജഡേജയ്ക്ക് ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതായിരുന്നു. അഞ്ചാം ദിനം ഋഷഭ് പന്ത്, രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെ ജഡേജയും സമ്മര്‍ദത്തിലായി. 153 പന്തില്‍ നിന്നാണ് ജഡേജയുടെ അര്‍ധ സെഞ്ചുറി പിറന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധ സെഞ്ചുറിയായിരുന്നു ഇത്. ഇത്തരത്തില്‍ സ്വയം സമ്മര്‍ദത്തിലാകുന്നതിന് പകരം ജഡേജ തന്റെ ഇന്നിങ്‌സില്‍ റണ്‍സ് നേടാന്‍ കൂടുതല്‍ അവസരങ്ങള്‍ ഉപയോഗിക്കേണ്ടിയിരുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി ചൂണ്ടിക്കാട്ടിയത്. 181 പന്തുകള്‍ കളിച്ച ജഡേജയുടെ ഇന്നിങ്‌സില്‍ നാല് ബൗണ്ടറികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിതീഷ് കുമാര്‍ റെഡ്ഡിക്കൊപ്പം 91 പന്തുകള്‍ നീണ്ട കൂട്ടുകെട്ടില്‍ 38 പന്തുകള്‍ നേരിട്ടത് ജഡേജയായിരുന്നു. അതില്‍ വെറും ഒമ്പത് റണ്‍സ് മാത്രമാണ് താരം നേടിയത്. നിതീഷ് 53 പന്തില്‍ നിന്ന് 13 റണ്‍സും നേടി. ഈ ഘട്ടത്തില്‍ ജഡേജ കൂടുതല്‍ റണ്‍സ് നേടാന്‍ ശ്രമിക്കണമായിരുന്നുവെന്നാണ് വിലയിരുത്തല്‍.

ജാമി സ്മിത്തിന്റെ ക്യാച്ച് കൈവിട്ട രാഹുല്‍

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ ശരിക്കും സമ്മര്‍ദത്തിലാക്കാന്‍ ഇന്ത്യയ്ക്കായിരുന്നു. ബാസ്‌ബോള്‍ യുഗത്തില്‍ സ്വന്തം നാട്ടില്‍ അവര്‍ സമ്മര്‍ദത്തിലാകുന്നത് രണ്ടാം തവണ മാത്രമായിരുന്നു. ഒരു ഘട്ടത്തില്‍ ഏഴിന് 271 റണ്‍സെന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ പിന്നീട് പിടിച്ചുകിട്ടാന്‍ ഇന്ത്യയ്ക്കായില്ല. ജാമി സ്മിത്തിന്റെ ക്യാച്ച് രാഹുല്‍ കൈവിട്ടതും തിരിച്ചടിയായി. സ്മിത്തും കാര്‍സും ചേര്‍ന്ന കൂട്ടുകെട്ടാണ് ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 387-ല്‍ എത്തിച്ചത്. ഒമ്പതാമന്‍ കാര്‍സ് 56 റണ്‍സെടുത്തു.

പന്തിന്റെ റണ്ണൗട്ട്

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ മൂന്നിന് 248 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഇല്ലാത്ത റണ്ണിനായി ഓടി ഋഷഭ് പന്ത് റണ്ണൗട്ടാകുന്നത്. രാഹുലിന്‌ വേഗം സെഞ്ചുറി തികയ്ക്കാന്‍ വേണ്ടിയിരുന്നു ഈ ഓട്ടം. 141 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഒരു പക്ഷേ 50 റണ്‍സ് കൂടിയെങ്കിലും കൂട്ടിച്ചേര്‍ക്കാമായിരുന്ന ഘട്ടത്തിലായിരുന്നു പന്തിന്റെ റണ്ണൗട്ട്. പന്തിന്റെ റണ്ണൗട്ട് തിരിച്ചടിയായെന്ന് മത്സരത്തിനു പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗില്ലും സമ്മതിച്ചു.

കണക്കില്ലാതെ കൊടുത്ത എക്‌സ്ട്രാ റണ്‍സ്

ലോര്‍ഡ്‌സ് ടെസ്റ്റിലെ ഇന്ത്യയുടെ 22 റണ്‍സ് തോല്‍വിയിലെ പ്രധാന കാരണങ്ങളിലൊന്ന് കണക്കില്ലാതെ കൊടുത്ത എക്‌സ്ട്രാ റണ്‍സാണ്. രണ്ട് ഇന്നിങ്‌സിലുമായി 63 റണ്‍സാണ് ഇന്ത്യ വഴങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ 31 അധിക റണ്‍സാണ് ഇന്ത്യ വഴങ്ങിയത്. രണ്ടാം ഇന്നിങ്‌സില്‍ 32 അധിക റണ്‍സും. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഈ അധിക റണ്‍സായിരുന്നു. ജോ റൂട്ടും (40), ബെന്‍ സ്‌റ്റോക്ക്‌സും (33) മാത്രമാണ് അധിക റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ലോര്‍ഡ്‌സ് ഗ്രൗണ്ടിന്റെ ചരിവും പന്തിന്റെ അധിക മൂവ്‌മെന്റും കാരണം വിക്കറ്റിന്‌ പിന്നില്‍ ധ്രുവ് ജുറെല്‍ കഷ്ടപ്പെടുകയായിരുന്നു. ബൈ റണ്ണുകള്‍ നിരവധിയാണ് ഇത്തരത്തില്‍ ഇന്ത്യ വിട്ടുനല്‍കിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് വഴങ്ങിയത് വെറും 12 എക്‌സ്ട്രാ റണ്‍സ് മാത്രമാണ്. രണ്ടാം ഇന്നിങ്‌സില്‍ 18 റണ്‍സും. അങ്ങനെ ആകെ 30 റണ്‍സ്. ഇന്ത്യ വഴങ്ങിയതാകട്ടെ ഇതിന്റെ ഇരട്ടിയിലധികവും.

Content Highlights: Analyzing India`s constrictive decision astatine Lord`s. Was Jadeja`s antiaircraft strategy a setback

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article