Published: December 13, 2025 03:41 PM IST
1 minute Read
കോഴിക്കോട്∙ സൂപ്പർലീഗ് കേരളയുടെ രണ്ടാംസീസണിൽ തരംഗം സൃഷ്ടിച്ച് മലയാളി യുവതാരങ്ങൾ. ആദ്യ സീസണിൽ 96 മലയാളി താരങ്ങളാണ് ബൂട്ടു കെട്ടിയതെങ്കിൽ രണ്ടാം സീസണിൽ 109 മലയാളി താരങ്ങളാണ് കളത്തിലിറങ്ങിയത്. ആദ്യ സീസണിൽ 42 പേർ അണ്ടർ 23 കാറ്റഗറിയിൽപെട്ട യുവതാരങ്ങളായിരുന്നുവെങ്കിൽ ഇത്തവണ അണ്ടർ 23 കാറ്റഗറിയിൽപെട്ട 51 പേരുണ്ട്.
തായ്‌ലൻഡിനെതിരായ ഇന്ത്യ അണ്ടർ 23 ടീമിന്റെ ഗോളിയായി തിരഞ്ഞെടുക്കപ്പെട്ട എ.കെ.കമാലുദീൻ തൃശൂർ മാജിക് എഫ്സിയുടെ ഗോൾകീപ്പറാണ്. സൂപ്പർ ലീഗിൽനിന്ന് ദേശീയ ടീമിലെത്തിയ ആദ്യതാരമാണ് കമാലുദീൻ. ഏഴുകളിയിൽനിന്ന് 21 സേവുകളാണ് 21 വയസ്സുകാരനായ കമാലുദീൻ നടത്തിയത്.
സൂപ്പർലീഗിലെ വിദേശകളിക്കാരേക്കാൾ മിന്നുന്ന പ്രകടനം നടത്തിയത് മലയാളി യുവതാരങ്ങളാണ്. കാലിക്കറ്റ് എഫ്സിയുടെ 22 വയസ്സുകാരനായ മുന്നേറ്റനിരതാരം മുഹമ്മദ് അജ്സൽ പത്തു കളിയിൽനിന്ന് ഏഴു ഗോളുകളുമായി ഗോൾവേട്ടയിൽ മുന്നിലുണ്ട്. 9 കളിയിൽനിന്ന് 8 ഗോൾ നേടിയ മലപ്പുറത്തിന്റെ ബ്രസീലിയൻതാരം ജോൺ കെന്നഡിയാണ് പട്ടികയിലെ ഒന്നാമൻ. കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ റണ്ണറപ്പായ കേരളത്തിനുവേണ്ടി എട്ടുഗോളടിച്ച താരമാണ് അജ്സൽ.
ബ്ലാസ്റ്റേഴ്സിൽനിന്ന് വായ്പ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി അജ്സൽ കാലിക്കറ്റ് എഫ്സിയിലെത്തിയത്. ഫോഴ്സ കൊച്ചിയുടെ പ്രതിരോധനിരയിലെ താരമായ കണ്ണൂർ പയ്യന്നൂരുകാരൻ മുഹമ്മദ് മുഷാറഫ് എട്ടു കളികളിൽ 379 പാസാണ് നടത്തിയത്. മുഷാറഫും കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ പ്രതിരോധനിര താരമായിരുന്നു. കണ്ണൂർ വോറിയേഴ്സിന്റെ വിങ്ങറായ 21കാരൻ മുഹമ്മദ് സിനാനും മലപ്പുറത്തിന്റെ പ്രതിരോധനിരക്കാരൻ ജിതിൻ പ്രകാശുമടക്കമുള്ളവർ ഈ നിരയിലെ ശ്രദ്ധേയരാണ്.
ആദ്യ സീസണിൽ ആറു ക്ലബ്ബുകളും നാലു സ്റ്റേഡിയങ്ങളുമായാണ് മത്സരം നടന്നത്. എന്നാൽ രണ്ടാംസീസണിൽ രണ്ടു കോർപറേഷൻ സ്റ്റേഡിയങ്ങൾ നവീകരിച്ചു. ഇനി നടക്കാനുള്ളത് രണ്ട് സെമിഫൈനലുകളും ഫൈനൽ മത്സരവുമാണ്. ലീഗ് റൗണ്ടിൽ 30 കളികൾ പൂർത്തിയായപ്പോൾ 3,49,850 പേരാണ് ഗാലറികളിൽ കളികാണാനെത്തിയത്. കാലിക്കറ്റ് എഫ്സി–മലപ്പുറം എഫ്സി മത്സരം കാണാൻ 34,000 ൽ അധികം പേർ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെത്തിയതും ചരിത്രമാണ്.
English Summary:








English (US) ·