വിദേശ ബോക്‌സ് ഓഫീസില്‍ 100 കോടി പിന്നിട്ട് 'ലോക', രണ്ടാമത്തെ മലയാള ചിത്രം; കുതിപ്പ് തുടരുന്നു

4 months ago 4

ദുല്‍ഖര്‍ സല്‍മാന്റെ വേയ്‌ഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാം ചിത്രമായ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര' വിദേശ ബോക്‌സ് ഓഫീസില്‍ കൊതിപ്പിക്കുന്ന കുതിപ്പ് തുടരുന്നു. വിദേശത്തുനിന്ന് 100 കോടിയിലധികം കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് 'ലോക'. 200 കോടി ആഗോള കളക്ഷന്‍ പിന്നിട്ട ലോക മലയാളത്തില്‍നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രവുമായിരിക്കുകയാണ്.

റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ടാണ് 'ലോക' നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് മുന്നേറുന്നത്. കല്യാണി പ്രിയദര്‍ശന്‍, നസ്‌ലിന്‍ എന്നിവര്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ച ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്.

റിലീസായി ഏഴുദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയില്‍ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ ആണ് 'ലോക' നേടിയത്. പാന്‍ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിനുപുറത്തും വമ്പന്‍ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുകിയ ചിത്രത്തില്‍ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്. അതോടൊപ്പം യൂണിവേഴ്‌സിലെ ഇനി വരാനുള്ള ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട 'മൂത്തോന്‍' എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും അദ്ദേഹത്തിന്റെ ജന്മദിനത്തിനു ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു.

അഞ്ചുഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തില്‍ വേയ്‌ഫെറര്‍ ഫിലിംസ് ആണ് ചിത്രം എത്തിച്ചത്.

ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റര്‍: ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ: ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബംഗ്ലാന്‍, കലാസംവിധായകന്‍: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, അമല്‍ കെ. സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍: യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്.

Content Highlights: 'Lokah' surpasses ₹100 crore overseas, 2nd highest-grossing Malayalam movie internationally

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article