26 May 2025, 10:18 AM IST

വിരാട് കോലിക്കും രോഹിത് ശർമയ്ക്കുമൊപ്പം ശുഭ്മാൻ ഗിൽ | Photo: ANI
മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ശുഭ്മാന്‍ ഗില്‍. ഇന്ത്യന്‍ ടീമിന് വിദേശ മണ്ണില്‍ ടെസ്റ്റ് മത്സരങ്ങള്‍ ജയിക്കാന്‍വേണ്ട 'ബ്ലൂപ്രിന്റ്' നല്‍കിയത് വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും വ്യത്യസ്തമായ ക്യാപ്റ്റന്‍സി ശൈലികളാണെന്ന് ശുഭ്മാന്‍ ഗില്‍. ഇവര്‍ക്കൊപ്പം ആര്‍ അശ്വിന്റെ സംഭാവനയും വിസ്മരിക്കാനാവാത്തതാണെന്ന് ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ ഗില്‍ പറയുന്നു.
'രോഹിത് ഭായ്. വിരാട് ഭായ്, അശ്വിന്‍ ഭായ് എന്നിവരാണ് ഇന്ത്യക്ക് വിദേശത്ത് വിജയിക്കാന്‍ വേണ്ട ബ്ലൂപ്രിന്റുണ്ടാക്കിയതെന്ന് പറയാം. അങ്ങനെയൊരു രൂപരേഖ നമ്മുടെ കൈയിലുണ്ടെങ്കില്‍ വിദേശത്തെ മത്സരങ്ങള്‍ നേരിടാന്‍ എളുപ്പമാണല്ലോ. ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ രോഹിതിനും വിരാടിനും വ്യത്യസ്ത സമീപനമായിരുന്നെങ്കിലും കളിശൈലിയില്‍ ഇരുവരും ഒരുപോലെയായിരുന്നു. രണ്ട് പേരുടേയും ലക്ഷ്യം ഒന്ന് തന്നെയായിരുന്നല്ലോ'-അഭിമുഖത്തില്‍ ഗില്‍ പറയുന്നു.
കുട്ടിക്കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളായിരുന്നു തന്റെ പ്രചോദനമെന്നും അവരില്‍ കുറച്ച് പേര്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നതെന്നും ഗില്‍ വ്യക്തമാക്കി. കോലി എപ്പോഴും അഗ്രസീവ് ആയ ക്യാപ്റ്റനായിരുന്നുവെന്നും എന്നാല്‍ രോഹിത് ശര്‍മയെ എപ്പോഴും ശാന്തനായി മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂവെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മത്സരത്തോട് അടുക്കുമ്പോള്‍ രോഹിതും അഗ്രസീവായി മാറുമെന്നും ഗില്‍ പറയുന്നു. സഹകളിക്കാരുമായി സംസാരിക്കുകയും അവരോട് അഭിപ്രായങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന രോഹിതിന്റെ ശൈലി മാതൃകയാക്കാവുന്നതാണെന്നും ഗില്‍ വ്യക്തമാക്കി. ക്യാപ്റ്റന്‍സിയുടെ ഉത്തരവാദിത്തങ്ങള്‍ ബാറ്റിങ്ങിനെ ബാധിക്കുന്നത് സാധാരണമാണ്. ഇവ രണ്ടിനേയും രണ്ടായി കാണാനാണ് ഞാന്‍ ശ്രമിക്കുകയെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: shubhman gill talks astir brohit sharma and virat kohlis captaincy








English (US) ·