വിദേശത്ത് ജോലിക്കുപോയപ്പോഴും വിടാത്ത സിനിമാമോഹം;എഴുത്തും സംവിധാനവുമായി ഷാബുവിന്റെ സിനിമായാത്ര തുടരും

6 months ago 7

shabu usman

വിശുദ്ധപുസ്തകം സിനിമയുടെ ലൊക്കേഷനിൽ അഭിനേതാക്കൾക്ക് സീൻ വിവരിച്ചുനൽകുന്ന ഷാബു ഉസ്മാൻ, ഷാബു ഉസ്മാൻ | Photo: Mathrubhumi

പത്തനംതിട്ട: ചെറുപ്പംമുതൽ മനസ്സിൽ കടന്നുകൂടിയ സിനിമയെന്ന സ്വപ്നത്തിലേക്ക് പടിപടിയായി നേട്ടങ്ങൾ ഉണ്ടാക്കി മുന്നേറുകയാണ് ഷാബു. വിശുദ്ധപുസ്തകം (2019), ലൂയിസ് (2020) എന്നീ സിനിമകൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഷാബു ഉസ്മാൻ സ്കൂൾ കാലം മുതൽ കലാരംഗത്ത് സജീവമായിരുന്നു.

കോന്നി മങ്ങാരത്ത് ചിറയ്ക്കൽ വീട്ടിൽ ഉസ്മാൻ സാഹിബിന്റെയും ആമിനാ ബീവിയുടെയും മകനായ ഷാബു സ്കൂൾ പഠനം കോന്നി സർക്കാർ ഹൈസ്കൂളിലായിരുന്നു. പഠനകാലത്ത് സ്വന്തമായി നാടകങ്ങൾ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. മിമിക്രി കലാകാരനുമായിരുന്നു. ഇദ്ദേഹത്തിന് സ്റ്റേജ് വിഷൻ എന്ന പേരിൽ പത്തനംതിട്ടയിൽ മിമിക്രി ട്രൂപ്പ് ഉണ്ടായിരുന്നു. കൂടാതെ കേരളത്തിലെ ഒട്ടേറെ പ്രൊഫഷണൽ ഗ്രൂപ്പുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്.

പ്രായിക്കര പാപ്പാൻ വഴിതുറന്നു

‘പ്രായിക്കര പാപ്പാൻ’ സിനിമയുടെ ഷൂട്ടിങ്‌ കോന്നിയിൽ നടന്നതാണ് ഷാബുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. അതിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സംവിധായകൻ ടി.എസ്. സുരേഷ് ബാബുവിനൊപ്പം സഹകരിക്കാൻ സാധിച്ചു. അദ്ദേഹത്തെയാണ് ഷാബു സിനിമയിൽ ഗുരുസ്ഥാനത്ത് കാണുന്നത്. അന്നുമുതൽ സിനിമാശ്രമങ്ങളുമായി കൂടുതൽ സജീവമായി. തുടർന്ന് രുദ്രതാണ്ഡവം, സീത എന്നീ സീരിയലുകൾക്ക് സഹസംവിധായകനായി.

2007-ൽ വിദേശത്ത് ജോലിക്കായി പോയി. അപ്പോഴും മനസ്സിലെ സിനിമാമോഹം കൈവിടാൻ ഒരുക്കമായിരുന്നില്ല. പത്ത് വർഷത്തിനുശേഷം നാട്ടിലെത്തി. വീണ്ടും സിനിമയ്ക്കായി ശ്രമം തുടർന്നു. 2019-ൽ ‘വിശുദ്ധപുസ്തകം’ സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തു. മലയാളത്തിൽ അറിയപ്പെടുന്ന ഒട്ടേറെ നടീനടന്മാർ അഭിനയിച്ച ചിത്രത്തിന്റെ കുറേഭാഗം ചിത്രീകരിച്ചത് കോന്നിയിലും പരിസരങ്ങളിലുമാണ്. രണ്ടാമത്തെ സിനിമ തുടങ്ങിവെച്ചെങ്കിലും കോവിഡ് കാലത്ത് നിന്നുപോയി. 2020-ലാണ് രചനയും സംവിധാനവുംചെയ്ത ‘ലൂയിസ്’ റിലീസായത്. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രവും കോന്നിയിൽ കുറെ ഭാഗം ചിത്രീകരിച്ചിട്ടുണ്ട്. ഇതേ സിനിമയിലെ ‘ഈ മഞ്ഞിൽ കുളിരലയിൽ...’ എന്ന ഗാനവും രചിച്ചു.

എഴുത്തും സംവിധാനവും തുടരും

സുരേഷ് ബാബു സംവിധാനംചെയ്യാൻ പോകുന്ന ‘കുങ്കിപ്പട’ എന്ന സിനിമയുടെ തിരക്കഥ ജോലികളിലാണിപ്പോൾ. ഇക്കൊല്ലം ഡിസംബറോടെ മൂന്നാമത്തെ സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഭാര്യ ശൈലജയും മക്കളായ അമീഷയും അമാനയും പിന്തുണയുമായി ഒപ്പമുണ്ട്.

Content Highlights: Shabu Usman`s travel from mimicry creator to acclaimed filmmaker

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article