വിനായകന്റെ പരാമർശങ്ങളിൽ 'അമ്മ'യ്ക്ക് അമർഷം; മെമ്മറി കാർഡ് വിവാദം അന്വേഷിക്കാൻ അഞ്ചം​ഗ സമിതി

5 months ago 6

21 August 2025, 09:11 PM IST

vinayakan shwetha menon kukku parameshwaran

വിനായകൻ, ശ്വേതാ മേനോൻ, കുക്കൂ പരമേശ്വരൻ | Photo: Facebook/ Vinayakan, Screen grab/ AMMA OFFICIAL

തിരഞ്ഞെടുപ്പ് കാലത്ത് സംഘടനയില്‍ പൊട്ടിത്തെറികള്‍ക്ക് കാരണമായ മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണം നടത്താന്‍ 'അമ്മ'. ഇതിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു. 60 ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന പുതിയ ഭരണസമിതിയുടെ ആദ്യ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

എന്നാല്‍, യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളെക്കണ്ട പ്രസിഡന്റ് ശ്വേതാ മേനോന്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിരുന്നില്ല. മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണം ഉണ്ടാവുമെന്ന് മാത്രമായിരുന്നു അറിയിച്ചത്. കമ്മിറ്റി രൂപവത്കരിച്ച കാര്യമോ, ആരൊക്കെയാണ് അംഗങ്ങളെന്നോ, അന്വേഷണ കാലാവധിയോ തുറന്നുപറയാന്‍ ശ്വേത തയ്യാറായിരുന്നില്ല. അന്വേഷണം വേണമെന്ന് ആദ്യ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചിട്ടുണ്ടെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നുമായിരുന്നു ശ്വേത അറിയിച്ചത്‌.

അതേസമയം, അടൂര്‍ ഗോപാലകൃഷ്ണനേയും യേശുദാസിനേയും അധിക്ഷേപിച്ചുള്ള പരാമര്‍ശങ്ങളില്‍ നടന്‍ വിനായകനെ 'അമ്മ' തള്ളി. നടന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ ആദ്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അമര്‍ഷം രേഖപ്പെടുത്തി. മലയാള സിനിമയുടെ യശ്ശസ്സ് അന്തര്‍ദേശീയ തലത്തില്‍ ഉയര്‍ത്തിയ പത്മവിഭൂഷണ്‍ ജേതാക്കളായ അടൂരിനേയും യേശുദാസിനേയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് വിനായകന്റെ പരാമര്‍ശങ്ങളെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

സംഘടനാ തിരഞ്ഞെടുപ്പ് കാലത്ത് മെമ്മറി കാര്‍ഡ് വിവാദം 'അമ്മ'യെ പിടിച്ചുകുലുക്കിയിരുന്നു. 'അമ്മ'യിലെ വനിതാ അംഗങ്ങള്‍ തങ്ങള്‍ക്ക് സിനിമാ മേഖലയില്‍നിന്ന് ഉണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞത് ചിത്രീകരിച്ച മെമ്മറി കാര്‍ഡിന് എന്തുസംഭവിച്ചു എന്നതിനെച്ചൊല്ലിയായിരുന്നു വിവാദം. സംഭവത്തില്‍ നിലവിലെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെതിരേ നടിമാരായ ഉഷാ ഹസീനയും പൊന്നമ്മ ബാബുവും രംഗത്തെത്തിയിരുന്നു.

Content Highlights: AMMA Investigates Memory Card Controversy

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article