'വിപിന്‍ കുമാറിന്റെ പരാതി ഗൂഢാലോചനയുടെ ഭാഗം'; മുന്‍കൂര്‍ ജാമ്യം തേടി ഉണ്ണി മുകുന്ദന്‍ കോടതിയില്‍

7 months ago 7

27 May 2025, 06:37 PM IST

vipin kumar unni mukundan

വിപിൻ കുമാർ ഉണ്ണി മുകുന്ദനൊപ്പം | Photo: Instagram/ Vipin Kumar V

കൊച്ചി: മര്‍ദിച്ചുവെന്ന മുന്‍മാനേജരുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദന്‍. പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉണ്ണി മുകുന്ദന്‍ ഹര്‍ജിയില്‍ ആരോപിച്ചു. എറണാകുളം സെഷന്‍സ് കോടതി ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.

മുന്‍മാനേജരായ വിപിന്‍ കുമാറിന്റെ പരാതിയില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഉണ്ണി മുകുന്ദനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ വിശദമായ അന്വേഷണമുണ്ടാവുമെന്ന് ഇന്‍ഫോപാര്‍ക്ക് പോലീസ് അറിയിച്ചു. വിപിനെ ഉണ്ണി മുകുന്ദന്‍ കരണത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസിന്റെ പ്രഥമവിവരറിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞദിവസമാണ് ഉണ്ണി മുകുന്ദനെതിരെ കോട്ടയം ചങ്ങനാശ്ശേരി സ്വദേശി വിപിന്‍ കുമാര്‍ പോലീസില്‍ പരാതിയുമായെത്തിയത്. താന്‍ താമസിക്കുന്ന കാക്കനാട്ടെ ഫ്‌ളാറ്റിലെ പാര്‍ക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചുവെന്നായിരുന്നു പരാതി. തനിക്ക് മറ്റൊരു താരം സമ്മാനിച്ച കൂളിങ് ഗ്ലാസ് ഉണ്ണി മുകുന്ദന്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു. താടിയിലാണ് ആദ്യം മര്‍ദിച്ചത്. കൈകള്‍ ചേര്‍ത്തുപിടിച്ച് മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ കുതറിയോടി. പക്ഷേ, ഉണ്ണി മുകുന്ദന്‍ പിറകെ ഓടിയെത്തി മര്‍ദിക്കാന്‍ ശ്രമിച്ചു. അതുവഴിവന്ന ഫ്‌ളാറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റിയത്. ഇനി കണ്‍മുന്നില്‍ വന്നാല്‍ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിപിന്‍ പരാതിയില്‍ പറഞ്ഞു. തന്റെ ജീവനും സ്വത്തിനും പോലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോള്‍ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം, വിപിന്‍ കുമാറിനെ ശാരീരികമായി മര്‍ദിച്ചിട്ടില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. വിപിന്‍ തന്റെ പേഴ്‌സണല്‍ മാനേജര്‍ അല്ല. അയാളുമായി നേരത്തേ പ്രശ്‌നങ്ങളുണ്ട്. വിപിന്‍ കാരണം തനിക്ക് ജോലിയില്‍ പല ബുദ്ധിമുട്ടുകളുമുണ്ടായി. ആരോപണങ്ങള്‍ അസത്യമാണ്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണണെന്നും ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: Actor Unni Mukundan has filed for anticipatory bail aft a constabulary ailment of assault

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article