
വിഷ്ണു മോഹൻ | ഫോട്ടോ: ജെയ് വിൻ ടി. സേവ്യർ | മാതൃഭൂമി
നടൻ ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന മാനേജർ വിപിന്റെ ആരോപണത്തിൽ പ്രതികരണവുമായി ഇരുവരുടെയും പൊതുസുഹൃത്തും 'മേപ്പടിയാൻ' സിനിമയുടെ സംവിധായകനുമായ വിഷ്ണു മോഹൻ. ഉണ്ണി മുകുന്ദനെതിരേ പ്രചാരണം നടത്തിയെന്ന പേരിൽ വിപിൻ തന്നോട് ഒരുതരത്തിലുമുള്ള കുറ്റസമ്മതവും നടത്തിയിട്ടില്ലെന്ന് വിഷ്ണു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
നേരത്തേ, തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്ന രീതിയിൽ പ്രവർത്തിച്ചതിന് വിപിൻ പൊതുസുഹൃത്തായ വിഷ്ണു മോഹനോട് കുറ്റസമ്മതം നടത്തിയെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിപിനെ മർദിച്ചിട്ടില്ലെന്നും കണ്ണട പൊട്ടിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഉണ്ണി മുകുന്ദന്റെ വാദം. അതേസമയം, സംഭവമുണ്ടായ വിപിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിഷ്ണു മോഹന്റെ പ്രതികരണം. വിഷ്ണുവിന്റെ വാക്കുകൾ:
ഉണ്ണിയും വിപിനും രണ്ട് പേരും എനിക്ക് വേണ്ടപ്പെട്ടവരാണ്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരസ്പരം പറഞ്ഞു തീർക്കണമെന്ന് തന്നെയാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ഇത്രയേറെ പ്രശ്നത്തിലേക്ക് ഇതെല്ലാം പോകുമെന്ന് ഞാൻ കരുതിയില്ല. ഉണ്ണി മറ്റൊരു മാധ്യമത്തോട് പറഞ്ഞതു പോലെ വിപിൻ എന്നോട് കുറ്റസമ്മതമൊന്നും നടത്തിയിട്ടില്ല. എന്നോട് കുറ്റസമ്മതം നടത്തേണ്ട ആവശ്യമെന്താണ്. അക്കാര്യം ഞാൻ ഉണ്ണിയെ വിളിച്ച് ചോദിക്കാനിരിക്കുകയാണ്.
ഇത് ഇന്നലെ ഒരു ദിവസം ഉണ്ടായ പ്രശ്നം അല്ലല്ലോ. പല ദിവസങ്ങളിലുണ്ടായ വിഷയങ്ങൾ വലുതായതല്ലേ. വിപിനെ മർദിച്ചു എന്ന് പറയുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന വിഷ്ണു ഞാനല്ല. അത് ഉണ്ണിയുടെ മറ്റൊരു സുഹൃത്തായ വിഷ്ണു ഉണ്ണിത്താനാണ്. അദ്ദേഹം കാക്കനാടുള്ള ആ ഫ്ലാറ്റിലാണ് താമസിക്കുന്നത്. അന്നത്തെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധനയ്ക്ക് കൊണ്ടുപോയിട്ടുണ്ടെന്നാണ് അറിയാൻ സാധിച്ചത്. ഈ കാര്യത്തെക്കുറിച്ച് കൂടുതൽ പറയാൻ എനിക്ക് സാധിക്കില്ല. കാരണം ഞാനവിടെ ഉണ്ടായിരുന്നില്ല.
വിപിനോട് ഞാൻ സംസാരിച്ചിരുന്നു, ബ്രോ നിങ്ങൾക്കല്ലല്ലോ വേദനിച്ചത് എനിക്കല്ലേ എന്നായിരുന്നു വിപിന്റെ പ്രതികരണം. വിപിനോട് മോശമായി ഉണ്ണി സംസാരിച്ചുവെന്നും പറയുന്നു. അത് വിപിന്റെ വേർഷൻ. അതുപോലെ ഉണ്ണിക്കും പറയാൻ ഉണ്ടാകും. അതിൽ എനിക്കൊന്നും പ്രതികരണം നടത്താനാകില്ല. ഉണ്ണിയുടെ കരിയറിലെ ഒരു രണ്ടാം ഘട്ടത്തിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചയാളാണ് വിപിൻ. ആ വസ്തുത തള്ളിക്കളയാനുമാവില്ല. വിഷ്ണു പറഞ്ഞു.
Content Highlights: Director Vishnu Mohan, a communal person of Unni Mukundan and Vipin, clarifies the battle allegations
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·