Published: May 07 , 2025 05:06 PM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിനു പിന്നാലെ ഹിമാചൽ പ്രദേശിലെ ധരംശാലയിൽനിന്ന് ഐപിഎൽ മത്സരങ്ങൾ മാറ്റുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നു. വ്യാഴാഴ്ചത്തെ പഞ്ചാബ് കിങ്സ്– ഡൽഹി ക്യാപിറ്റൽസ് മത്സരവും അടുത്ത ഞായറാഴ്ചയുള്ള പഞ്ചാബ്–മുംബൈ പോരാട്ടവും ധരംശാലയിൽ നടത്താനാണു നേരത്തേ തീരുമാനിച്ചത്. എന്നാൽ ഇന്ത്യ– പാക്കിസ്ഥാൻ ബന്ധം വഷളായതിനു പിന്നാലെ ധരംശാലയിലെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.
മത്സരം മാറ്റുന്ന കാര്യത്തിൽ ബിസിസിഐ അന്തിമ തീരുമാനമെടുത്തിട്ടില്ല. കേന്ദ്രസർക്കാരിന്റെ നിർദേശം അനുസരിച്ചായിരിക്കും തീരുമാനം. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയതിനു പിന്നാലെയാണ് ധരംശാല വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചത്. ഇതോടെ ധരംശാലയിലേക്ക് എങ്ങനെ യാത്ര ചെയ്യുമെന്ന ആശങ്കയും ഫ്രാഞ്ചൈസികൾക്കുണ്ട്.
ഐപിഎലിൽ പഞ്ചാബ് കിങ്സിന്റെ രണ്ടാം ഹോം ഗ്രൗണ്ടാണ് ധരംശാല സ്റ്റേഡിയം. നിലവിൽ ഡൽഹിയിലുള്ള ഡൽഹി ക്യാപിറ്റൽസ് താരങ്ങളെ ബസിൽ ധരംശാലയിൽ എത്തിച്ചാലും ബ്രോഡ്കാസ്റ്റിങ് അംഗങ്ങളുടെ യാത്രയടക്കം വെല്ലുവിളിയാകും. ഈ സാഹചര്യത്തിലാണ് മത്സരങ്ങൾ മറ്റേതെങ്കിലും വേദിയിലേക്കു മാറുന്ന കാര്യം പരിഗണിക്കുന്നത്.
English Summary:








English (US) ·