അറുപതുകളുടെ അവസാനമാണ് സംവിധായകന്‍ എം കൃഷ്ണന്‍ നായര്‍ ആ പുതുമുഖനടിയെ ത്യാഗരാജന് പരിചയപ്പെടുത്തിയത്. 'നല്ല കഴിവുള്ള കുട്ടിയാണ്. നമ്മുടെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.' സോണി പിക്‌ച്ചേഴ്‌സിന്റെ 'അഞ്ചു സുന്ദരികള്‍' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന മദിരാശിയിലെ സത്യാ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു കൃഷ്ണന്‍ നായരുടെ ആ പരിചയപ്പെടുത്തല്‍. കൊച്ചി സ്വദേശിയായ ചന്ദ്രന്റെയും കാന്തിമതിയുടെയും മകള്‍ റാണിചന്ദ്രയെ ത്യാഗരാജന്‍ പരിചയപ്പെടുന്നത് അവിടെവെച്ചാണ്. കേരളത്തില്‍ നടന്ന ആദ്യത്തെ സൗന്ദര്യറാണി മത്സരത്തില്‍ മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട റാണിചന്ദ്ര മികച്ച നര്‍ത്തകികൂടിയായിരുന്നു. സത്യന്‍ നായകനായ 'പാവപ്പെട്ടവള്‍' എന്ന ചിത്രത്തിലൂടെ യായിരുന്നു റാണിയുടെ തുടക്കം. ടൈറ്റില്‍ കാര്‍ഡില്‍ റാണിചന്ദ്ര എന്ന പേരിന് പകരം 'മിസ് കേരള' എന്നായിരുന്നു പ്രത്യക്ഷപ്പെട്ടത്.
രണ്ടാമത്തെ ചിത്രമായിരുന്നു പ്രേംനസീറും ജയഭാരതിയും നായികാനായകന്മാരായ അഞ്ചുസുന്ദരികള്‍. ഇതില്‍ റാണിചന്ദ്രയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. ചെറിയ വേഷങ്ങളായിരുന്നു തുടക്കക്കാലത്ത് ലഭിച്ചിരുന്നത്. ഏതുവേഷവും ഭംഗിയായി അവതരിപ്പിക്കാനുള്ള കഴിവും സൗന്ദര്യവുമുണ്ടായിട്ടും സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ ഒട്ടേറെ അഗ്‌നി പരീക്ഷണങ്ങളെ അതിജീവിക്കേണ്ടതായിവന്നു റാണിചന്ദ്രയ്ക്ക്. സിനിമയിലെ കള്ളത്തരങ്ങളും ചതിക്കുഴികളുമൊക്കെ തിരിച്ചറിയാന്‍ റാണിയ്ക്ക് കഴിഞ്ഞിരുന്നില്ല. അത്രയേറെ നിഷ്‌കളങ്കയായിരുന്നു അവരെന്ന് ത്യാഗരാജന്‍ ഓര്‍ക്കുന്നു. അഥവാ അത്തരം ചതിക്കുഴി കളെപറ്റിയോ, കാപട്യം നിറഞ്ഞ മുഖങ്ങളെ ക്കുറിച്ചോ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാന്‍ പറ്റുന്ന വിധത്തില്‍ ഒരു രക്ഷകനും റാണിക്ക് സിനിമയില്‍ ഇല്ലാതെപോയി. ഒഴുക്കിനെതിരെ നീന്താനാവാതെ, സിനിമയിലെ കളികളെല്ലാം സ്വയം തിരിച്ചറിഞ്ഞ് ഒടുവില്‍, ഒഴുക്കിനൊപ്പം നീന്താന്‍ റാണിചന്ദ്ര തീരുമാനിച്ചു. അതവരുടെ കരിയറിനെ പെട്ടന്നാണ് മാറ്റിമറിച്ചത്.
പ്രേംനസീര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര നായകന്മാരുടെ സിനിമകളില്‍ പ്രധാന വേഷങ്ങള്‍ തന്നെ റാണിചന്ദ്രയ്ക്ക് ലഭിച്ചു തുടങ്ങി. പണം പ്രശസ്തി ആരാധകര്‍ എല്ലാം വന്നുചേര്‍ന്നു. സിനിമാഭിനയതിനൊപ്പം ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ നൃത്തപരിപാടികള്‍. തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് അവര്‍ തെറിച്ചുവീണുകൊണ്ടിരുന്നു. 'മതിയാവോളം ഉറങ്ങാന്‍ പോലും സമയം കിട്ടുന്നില്ല മാസ്റ്റര്‍. ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. അച്ഛനെയും, അമ്മയെയും നന്നായി നോക്കണം. സഹോദരങ്ങളെ നല്ലനിലയിലെത്തിക്കണം. അതിനപ്പുറം ഞാന്‍ മറ്റൊന്നും ആഗ്രഹിച്ചിട്ടില്ല മാസ്റ്റര്‍.' 'ഉല്ലാസയാത്ര'യുടെ ഷൂട്ടിംഗ് കാലത്ത് ത്യാഗരാജനോട് റാണിചന്ദ്ര പറഞ്ഞു. ആ വാക്കുകളിലെവിടെയൊക്കയോ കടന്നുവന്നവഴികളിലെ ദുരിതങ്ങളും കണ്ണീരും ത്യാഗരാജന് കാണാന്‍ കഴിഞ്ഞു. ഷീലയും ശാരദയും ജയഭാരതിയും വിജയശ്രീയുമൊക്കെ തിരശീല നിറഞ്ഞുനില്‍ക്കുന്ന കാലത്താണ് റാണിചന്ദ്രയും നായിക നിരയിലേക്കുയര്‍ന്നത്. അവര്‍ക്കിടയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുതന്നെ റാണിചന്ദ്ര എന്ന അഭിനേത്രി നിറഞ്ഞുനിന്നു. മറ്റു പല നായികമാരെയും പോലെ ത്യാഗരാജനൊരുക്കിയ ചില ആക്ഷന്‍ സീനുകളില്‍ പലപ്പോഴും റാണിചന്ദ്രയ്ക്കും അഭിനയിക്കേണ്ടതായി വന്നിട്ടുണ്ട്. നൃത്തത്തില്‍ അവര്‍ക്കുണ്ടായ മെയ്വഴക്കം കൊണ്ടുതന്നെ അത്തരം രംഗങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യാനും റാണിയ്ക്ക് കഴിഞ്ഞു.

'ഭദ്രകാളി'സിനിമയുടെ പോസ്റ്റർ
രാമു കാര്യാട്ട്, എ വിന്‍സെന്റ്, പി സുബ്രഹ്‌മണ്യം, കുഞ്ചാക്കോ, തോപ്പില്‍ഭാസി, എബി രാജ്, പിഎന്‍ മേനോന്‍, ജേസി, ഹരിഹരന്‍, ഐവി ശശി, തുടങ്ങി പ്രഗത്ഭരായ പലസംവിധായകരുടെയും ചിത്രങ്ങളില്‍ റാണി വേഷമിട്ടു. അക്കാലത്തുതന്നെ തമിഴ് ചിത്രങ്ങളിലും ശ്രദ്ധേയയായി. ഐവി ശശിയുടെ 'ഉത്സവം' 'അയല്‍ക്കാരി ', 'അഭിനന്ദനം','അനുമോദനം'തുടങ്ങിയ സിനിമകളിലൊക്കെ മികച്ച വേഷങ്ങളാണ് റാണിയ്ക്ക് ലഭിച്ചത്. മലയാളത്തിലെ മുന്‍ നിരനായികയെന്ന നിലയില്‍ പ്രശസ്തി ലഭിച്ചുകൊണ്ടിരിക്കുമ്പോഴാണ് കെ ജി ജോര്‍ജ് എന്ന പ്രതിഭാധനനായ സംവിധായകന്റെ പ്രഥമ ചലച്ചിത്രമായ 'സ്വപ്നാടനം' റാണിയുടെ കരിയറില്‍ ഒരു വഴിത്തിരിവായി മാറുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ മികച്ചനടിക്കുള്ള അവാര്‍ഡ് ആ ചിത്രം അവര്‍ക്ക് നേടിക്കൊടുത്തു. ഏറെ സന്തോഷവതിയായിരു ന്ന ആ നാളുകളില്‍ റാണി ത്യാഗരാജനോട് പറഞ്ഞു: 'മാസ്റ്റര്‍ക്ക് ഞാനൊരു സമ്മാനം തരുന്നുണ്ട്?' 'എന്തു സമ്മാനം?' ത്യാഗരാജന്‍ ചോദിച്ചു. 'അതൊന്നും പറയില്ല. ഞാന്‍ ഗള്‍ഫില്‍ പോയിവരുമ്പോള്‍ കൊണ്ടുവരും.' സിനിമയിലെത്തും മുന്‍പേ സ്വന്തമായി തുടങ്ങിയ ഡാന്‍സ് ട്രൂപ്പ് തിരക്കിനിടയിലും റാണി നന്നായി നടത്തിയിരുന്നു. റാണിയുടെ സഹോദരിമാരും അതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുപോന്നു. അതിന്റെ ഭാഗമായുള്ള ഡാന്‍സ് പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് റാണിയും സംഘവും ഗള്‍ഫിലേക്ക് പോകുന്നത്. യാത്രയ്ക്ക് രണ്ടുനാള്‍ മുന്‍പ് റാണിയുടെ മേക്കപ്പ്മാന്‍ ത്യാഗരാജനോട് ചോദിച്ചു. 'മാസ്റ്ററുടെ ഷര്‍ട്ടിന്റെ അളവ് എത്രയാണ്?'
'എന്തിനാണ്?'
'റാണി മാഡം ചോദിക്കാന്‍ പറഞ്ഞു.'
അളവ് പറഞ്ഞുകൊടുക്കും മുന്‍പേ ത്യാഗരാജന്‍ ഊഹിച്ചു, റാണി പറഞ്ഞ സമ്മാനം എന്തായിരിക്കുമെന്ന്.
ഒരാഴ്ചയോളം നീണ്ട ഗള്‍ഫ് പ്രോഗ്രാം കഴിഞാണ് റാണിയും കുടുംബവും ബോംബെയിലെത്തി യത്. കൈനിറയെ ചിത്രങ്ങള്‍, നിരവധി നൃത്തപരിപാടികള്‍. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച സന്തോഷം. ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം കഷ്ടപ്പാടുകള്‍ ഇല്ലാതായകാലം. ആഹ്ലാദഭരിതമായ മനസ്സോടെ അമ്മയ്ക്കും മൂന്ന് സഹോദരിമാര്‍ക്കും പക്കമേളക്കാര്‍ക്കുമൊപ്പം സാന്താക്രൂസ് വിമാനത്താവളത്തില്‍ നിന്നും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലേക്ക് റാണി കയറി. രാത്രി കൃത്യം 1.30ന് മദിരാശി യിലേക്കുള്ള ഫ്‌ളൈറ്റ് പറന്നുയര്‍ന്നു. പെട്ടന്നാണ് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചത്. 89 യാത്രക്കാരും ആറ് ജീവനക്കാരുമുള്‍പ്പെടെ 95 പേര്‍ ആകാശത്ത് ഒരു തീഗോളമായി ഭൂമിയിലേക്ക് പതിച്ചതും നിമിഷങ്ങള്‍ക്കുള്ളില്‍. വിമാനദുരന്തത്തില്‍ പ്രശസ്ത ചലച്ചിത്രനടി റാണിചന്ദ്രയും കുടുംബവുമുണ്ടെന്ന വാര്‍ത്ത കേട്ട് ദക്ഷിണേന്ത്യന്‍ സിനിമാലോകം അമ്പരന്നു. അക്കാലത്ത് റാണി നായികയായി അഭിനയിക്കുന്ന എസി ത്രിലോക് ചന്ദറിന്റെ 'ഭദ്രകാളി'യുടെ ചിത്രീകരണം നടന്നുവരികയായിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹങ്ങളില്‍ നിന്ന് റാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞ് മദിരാശിയിലേക്ക് കൊണ്ടുവരാന്‍ സിനിമാ വ്യവസായത്തിലെ രണ്ടുപേരെ മലയാള ചലച്ചിത്ര പരിഷത്ത് ബോംബെയിലേക്ക് അയച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മദിരാശിയിലേക്കെത്തിയത് റാണിയുടെതെന്ന് വിശ്വസിക്കാനാവാത്ത വിധം കരിഞ്ഞുപോയ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമായിരുന്നു. അതിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ത്യാഗരാജന്റെ കാതുകളില്‍ ആ ശബ്ദം വീണ്ടും മുഴങ്ങി കൊണ്ടിരുന്നു. 'ഞാന്‍ ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ മാസ്റ്റര്‍ക്ക് ഒരു സമ്മാനം കൊണ്ടുവരുന്നുണ്ട്.' ഒരുപക്ഷേ റാണിയുടെ ശരീരത്തിനൊപ്പം കരിഞ്ഞു പോയത് ആ സ്‌നേഹസമ്മാനം കൂടിയാവാം.
Content Highlights: Remembering Rani Chandra, a Malayalam movie histrion who tragically died successful a level crash
ABOUT THE AUTHOR
എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·