Published: July 04 , 2025 09:14 AM IST
1 minute Read
ലണ്ടൻ ∙ വിമ്പിൾഡൻ മത്സരവേദിയായ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിൽ ആഞ്ഞുവീശുന്ന അട്ടിമറിക്കാറ്റിൽ വീഴാതെ വനിതകളിലെ ഒന്നാം സീഡ് അരീന സബലേങ്ക. ചെക്ക് റിപ്പബ്ലിക്കിന്റെ മരിയ ബൗസ്ക്കോവയെ 7-6, 6-4ന് തോൽപിച്ച് സബലേങ്ക മൂന്നാം റൗണ്ടിലേക്ക് മുന്നേറി. എന്നാൽ കിരീടപ്പോരാട്ടത്തിൽ ബെലാറൂസ് താരത്തിനു വെല്ലുവിളിയുയർത്തുമെന്നു കരുതിയ മറ്റുള്ളവർ നിലംപൊത്തി. നാലാം സീഡും കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുമായ ഇറ്റലിയുടെ ജാസ്മിൻ പവോലീനിയെ റഷ്യയുടെ കമീല റഹിമോവ (4-6, 6-4, 6-4) അട്ടിമറിച്ചു.
ഇതോടെ വനിതാ സിംഗിൾസിലെ ആദ്യ 5 സീഡുകാരിൽ അവശേഷിക്കുന്നത് സബലേങ്ക മാത്രം. രണ്ടാം സീഡ് കൊക്കോ ഗോഫ്, മൂന്നാം സീഡ് ജെസീക്ക പെഗുല, അഞ്ചാം സീഡ് ഷെങ് ക്വിൻവെൻ എന്നിവർ ആദ്യ റൗണ്ടിലേ പുറത്തായിരുന്നു. നിലവിലെ ചാംപ്യൻ ബാർബോറ ക്രേജിക്കോവ, അഞ്ച് ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടിയിട്ടുള്ള ഇഗ സ്യാംതെക്, മുൻ ലോക ഒന്നാം നമ്പർ ജപ്പാന്റെ നവോമി ഒസാക്ക, യുഎസ് ഓപ്പൺ മുൻ ചാംപ്യൻ എമ്മ റഡുകാനു, ഏഴാം സീഡ് മിറ ആൻഡ്രീവ, 10–ാം സീഡ‍് എമ്മ നവാരോ എന്നിവർ വനിതാ സിംഗിൾസിൽ മൂന്നാം റൗണ്ടിലേക്കു മുന്നേറി.
പുരുഷ സിംഗിൾസിൽ ബ്രിട്ടന്റെ ഡാനിയേൽ ഇവാൻസിനെതിരെ അനായാസ ജയത്തോടെ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് പുരുഷ സിംഗിൾസ് മൂന്നാം റൗണ്ടിലെത്തി (6–3, 6–2, 6–0). കരിയറിലെ ഇരുപതാം വിമ്പിൾഡൻ ടൂർണമെന്റ് കളിക്കുന്ന ജോക്കോ 19–ാം തവണയാണ് മൂന്നാം റൗണ്ടിലെത്തുന്നത്. 12–ാം സീഡ‍് യുഎസിന്റെ ഫ്രാൻസെസ് ടിയഫോയെ അട്ടിമറിച്ച് ബ്രിട്ടന്റെ കാമറൂൺ നോറിയും മൂന്നാം റൗണ്ടിലെത്തി.
ഒന്നാം സീഡായ ഇറ്റാലിയൻ താരം യാനിക് സിന്നർ ഓസ്ട്രേലിയൻ താരം അലക്സാണ്ടർ വുക്കിച്ചിനെ വീഴ്ത്തി മൂന്നാം റൗണ്ടിൽ കടന്നു. 6-1, 6-1, 6-3 എന്ന സ്കോറിനാണ് സിന്നറിന്റെ വിജയം. രണ്ടാം സീഡ് കാർലോസ് അൽകാരസ്, അഞ്ചാം സീഡ‍് ടെയ്‌ലർ ഫ്രിറ്റ്സ് എന്നിവർ നേരത്തേ മൂന്നാം റൗണ്ടിൽ സ്ഥാനമുറപ്പിച്ചിരുന്നു.
അതേസമയം, ബ്രിട്ടിഷ് താരം ജാക്ക് ഡ്രേപ്പർ മുൻ വിമ്പിൾഡൻ ഫൈനലിസ്റ്റ് കൂടിയായ മുപ്പത്താറുകാരൻ മാർട്ടിൻ സിലിച്ചിനോട് തോറ്റ് പുറത്തായി. 6-4, 6-3, 1-6, 6-4 എന്ന സ്കോറിനാണ് ക്രൊയേഷ്യൻ താരമായ സിലിച്ചിന്റെ വിജയം.
English Summary:








English (US) ·