ലിസ്ബൻ ∙ പോർച്ചുഗൽ ദേശീയ ഫുട്ബോൾ ടീമിലെ തന്റെ ദിനങ്ങൾ അവസാനിച്ചിട്ടില്ലെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. നേഷൻസ് ലീഗ് മത്സരങ്ങൾക്കിടെ പോർച്ചുഗീസ് ദേശീയ ടീം ക്യാംപ് വിട്ടതിന്റെ കാരണങ്ങൾ വെളിപ്പെടുത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ്, താൻ വിരമിക്കില്ലെന്ന് ക്രിസ്റ്റ്യാനോ വ്യക്തമാക്കിയത്. പരിശീലകൻ ഹോർഹെ ജിസ്യൂസിനെതിരെ ആഞ്ഞടിച്ച താരം, ഹോർഹെ തന്നോട് കള്ളം പറഞ്ഞതായും അദ്ദേഹവും പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനും തനിക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്നും ആരോപിച്ചു. ടീം ക്യാംപിൽനിന്ന് ഇറങ്ങിപ്പോയെങ്കിലും, രാജ്യത്തിന് വേണ്ടി കളിക്കാനുള്ള തന്റെ ആഗ്രഹം ശക്തമാണ്. ഫെഡറേഷൻ നൽകുന്ന ശിക്ഷ സ്വീകരിക്കും. ടീമംഗങ്ങളോടും രാജ്യത്തോടും മാപ്പ് ചോദിക്കുന്നതായും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. വിഷയത്തിൽ കൂടുതലൊന്നും പറയാനില്ലെന്നും പോർച്ചുഗൽ ടീമിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും പരിശീലകൻ ഹോർഹെ ജിസ്യൂസ് പ്രതികരിച്ചു.
വിവാദങ്ങളുടെ നാൾവഴി
സെപ്റ്റംബർ 8
യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള പോർച്ചുഗീസ് സ്‌ക്വാഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ.
23 വെയിൽസിനെതിരായ മത്സരത്തിന് മുന്നോടിയായി ഹോർഹെ ജിസ്യൂസും ക്രിസ്റ്റ്യാനോയും ചേർന്നുള്ള മാധ്യമ സമ്മേളനം. പോർച്ചുഗൽ ടീമിന് തന്നെ ആവശ്യമില്ലെന്ന് തോന്നിയാൽ ടീം വിടുമെന്ന് ക്രിസ്റ്റ്യാനോയുടെ പ്രഖ്യാപനം.
24 വെയിൽസിനെതിരായ മത്സരത്തിന്റെ ആദ്യ ഇലവനിൽ ക്രിസ്റ്റ്യാനോ. 64–ാം മിനിറ്റിൽ ഗോൾ നേടിയെങ്കിലും വിഎആർ പരിശോധനയിൽ അസാധുവായി. 67–ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയ്ക്ക് പകരക്കാരനായി ഗോൺസാലോ റാമോസ് കളത്തിൽ. 1–0ന് പോർച്ചുഗൽ ജയം.
27 പ്രശ്നങ്ങളുടെ തുടക്കം. നോർവേയ്ക്കെതിരായ മത്സരത്തിന്റെ ആദ്യ ഇലവനിൽ ക്രിസ്റ്റ്യാനോ ഇല്ല.
വാംഅപ് നടത്തിയെങ്കിലും ക്രിസ്റ്റ്യാനോയ്ക്ക് മത്സരത്തിൽ അവസരം ലഭിച്ചില്ല. 2–1ന് പോർച്ചുഗൽ ജയം. ഗോൾ നേടിയത് ടീമിലെ ക്രിസ്റ്റ്യാനോയുടെ പകരക്കാരൻ ഗോൺസാലോ റാമോസ്. മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാതെ ക്രിസ്റ്റ്യാനോ സ്റ്റേഡിയം വിട്ടു.
29 ഹോർഹെയും ക്രിസ്റ്റ്യാനോയും രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന് വിവരം. പരിശീലനത്തിൽ പങ്കെടുക്കാതെ ക്രിസ്റ്റ്യാനോ.
30 ക്രിസ്റ്റ്യാനോയെ കളിപ്പിക്കാതിരുന്നത് തന്റെ തീരുമാനമാണെന്ന് പ്രഖ്യാപിച്ച് ഹോർഹെയുടെ പത്രസമ്മേളനം. എനിക്ക് നിങ്ങളെ ആവശ്യമില്ലെങ്കിൽ നിങ്ങൾ കളിക്കില്ലെന്നും ഹോർഹെ.
പത്രസമ്മേളനം നടക്കുന്നതിനിടെ സ്വകാര്യ വിമാനത്തിൽ ക്രിസ്റ്റ്യാനോ ടീം ക്യാംപ് വിട്ടു.
ഒക്ടോബർ 4
ക്രിസ്റ്റ്യാനോ പോർച്ചുഗൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണെന്ന് ഹോർഹെ ജിസ്യൂസ്. പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷനും ഹോർഹെയും ക്രിസ്റ്റ്യാനോയുമായി ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ.
6 ഹോർഹെയെ രൂക്ഷമായി വിമർശിച്ച് ക്രിസ്റ്റ്യാനോ രംഗത്ത്. ഫെഡറേഷൻ നൽകുന്ന ശിക്ഷ സ്വീകരിക്കുമെന്നും വിരമിക്കില്ലെന്നും പ്രഖ്യാപനം.
ടീമിന് ആവശ്യമെങ്കിൽ തിരിച്ചുവരും
ലോകകപ്പിന് ശേഷം വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിരുന്ന തന്നോട് തുടരാനാവശ്യപ്പെട്ടത് ഫെഡറേഷനാണ്. പുതിയ പരിശീലകനായി ഹോർഹെയെ നിയമിക്കുന്നത് നല്ലതാണെന്നു പറഞ്ഞതും താനാണ്. നിയമനത്തിനു ശേഷം അദ്ദേഹത്തിന്റെ പദ്ധതിയിൽ താൻ പ്രധാന ഘടകമാണെന്ന് ഹോർഹെ എന്നോട് പറഞ്ഞിരുന്നു. എന്നാൽ, വാഗ്‌ദാനം നൽകിയ അത്രയും സമയം കളിക്കളത്തിൽ എനിക്ക് ലഭിച്ചില്ല. നോർവേയ്ക്കെതിരെ 30 മിനിറ്റ് പോലും കളിക്കാൻ അനുവദിച്ചില്ല. തുടർന്ന് നടത്തിയ ചർച്ചയിൽ ‘എന്നെ ടീമിന് ആവശ്യമുണ്ട്’ എന്ന് അദ്ദേഹം പറഞ്ഞതടക്കം ടീമിനുള്ളിൽ നടന്ന കാര്യങ്ങൾ സത്യസന്ധമായി ലോകത്തെ അറിയിക്കുമെന്ന് വാക്ക് നൽകിയെങ്കിലും പാലിച്ചില്ല. ഞാൻ ചെയ്തതിന് ഫെഡറേഷൻ നൽകുന്ന ശിക്ഷ സ്വീകരിക്കും. അതിനുശേഷം ദേശീയ ടീമിൽ കളിക്കും. ഒന്നല്ല, ഒന്നിലധികം വിരമിക്കൽ മത്സരങ്ങൾ പോർച്ചുഗലിനൊപ്പം കളിക്കാൻ ഞാൻ തയാറാണ്.
English Summary:






English (US) ·