Published: August 13, 2025 04:50 PM IST
1 minute Read
ന്യൂഡൽഹി∙ ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകൾക്കു പിന്നാലെ ഏകദിനത്തിൽ നിന്നുംകൂടി വിരമിച്ച് രാജ്യാന്തര കരിയറിന് സമ്പൂർണ വിരാമമിടുമോ എന്ന ചർച്ച വ്യാപകമാകുന്നതിനിടെ, ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. 2027 ലോകകപ്പിലേക്ക് രോഹിത്തിനേയും വിരാട് കോലിയേയും പരിഗണിച്ചേക്കില്ലെന്നും, അതിനാൽ ഇരുവരും അധികം വൈകാതെ വിരമിക്കൽ പ്രഖ്യാപിച്ചുമെന്നുമുള്ള അഭ്യൂഹം നിലനിൽക്കെയാണ് രോഹിത്തിന്റെ റാങ്കിങ്ങിലെ മുന്നേറ്റം.
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തോടെ പാക്കിസ്ഥാൻ സൂപ്പർതാരം ബാബർ അസം പിന്തള്ളപ്പെട്ടതാണ് മുപ്പത്തെട്ടുകാരനായ രോഹിത്തിന്റെ അപ്രതീക്ഷിത കുതിപ്പിനു പിന്നിൽ. സമീപകാലത്തൊന്നും രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത രോഹിത്, ഏറ്റവും ഒടുവിൽ കളത്തിലുണ്ടായിരുന്നത് ഇക്കഴിഞ്ഞ ഐപിഎൽ സീസണിലാണ്.
യുവതാരം ശുഭ്മൻ ഗില്ലിനു പിന്നിലായാണ് രോഹിത് ഇപ്പോൾ രണ്ടാമതുള്ളത്. രോഹിത്തിന് നിലവിൽ 756 റേറ്റിങ് പോയിന്റാണുള്ളത്. ശുഭ്മൻ ഗിൽ 784 പോയിന്റുമായാണ് ഒന്നാം സ്ഥാനം നിലനിർത്തിയത്. ബാബർ അസം 751 പോയിന്റുമായി മൂന്നാമതായി. രോഹിത്തിനൊപ്പം വിരമിക്കൽ ചർച്ചകളിൽ സജീവമായുള്ള വിരാട് കോലി 736 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്. ഫലത്തിൽ ആദ്യ അഞ്ചിൽ മൂന്നു പേരും ഇപ്പോൾ ഇന്ത്യൻ താരങ്ങളാണ്. ഒക്ടോബറിൽ ഓസ്ട്രേലിയയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയോടെ രോഹിത്തും കോലിയും വിരമിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പരയ്‌ക്കു മുന്നോടിയായി ഇരുവരും പരിശീലനം ആരംഭിച്ചിരുന്നു. മുംബൈയിൽ മുൻ ഇന്ത്യൻ ബാറ്റിങ് പരിശീലകൻ അഭിഷേക് നായരുടെ മേൽനോട്ടത്തിലാണ് രോഹിത്തിന്റെ പരിശീലനം. കുടുംബത്തോടൊപ്പം ലണ്ടനിലുള്ള കോലി അവിടെയാണ് പരിശീലിക്കുന്നത്.
English Summary:








English (US) ·