വിരാട് എന്ന ‘ബ്രാൻഡ്മാൻ’;വിരമിക്കലില്‍നിന്ന് കോലിയെ പിന്മാറ്റാനുള്ള ബിസിസിഐ സമ്മര്‍ദത്തിന് പിന്നില്‍

8 months ago 7

ന്യൂഡൽഹി: രോഹിത് ശർമയ്ക്കു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കാനൊരുങ്ങി സൂപ്പർ താരവും മുൻ ഇന്ത്യൻ ടീം ക്യാപ്റ്റനുമായ വിരാട് കോലി. ഇക്കാര്യം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) അറിയിച്ചിട്ടുണ്ട്. എന്നാൽ, കോലിയോട് പുനരാലോചന നടത്താനാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തുമെന്നുറപ്പാണ്.

വർത്തമാനകാല ഇന്ത്യൻ ക്രിക്കറ്റിലെ വമ്പൻതാരമായ കോലികൂടി ഇംഗ്ലണ്ട് പര്യടനത്തിലില്ലെങ്കിൽ പ്രതിസന്ധിയാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. രോഹിത് ശർമ വിരമിച്ചതോടെ യുവക്യാപ്റ്റന് കീഴിലാകും ഇന്ത്യ ടെസ്റ്റിൽ കളിക്കാൻപോകുന്നത്.

ഇത്തരമൊരു സാഹചര്യത്തിൽ കോലിയുടെ പരിചയസമ്പത്തുകൂടി നഷ്ടമായാൽ അത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തത്. പര്യടനത്തിനുശേഷം കോലി ടെസ്റ്റ് ക്രിക്കറ്റിനോട് വിടചൊല്ലാനാണ് സാധ്യത. ഇന്ത്യയുടെ മികച്ച ടെസ്റ്റ് താരവും ക്യാപ്റ്റനുമാണ് കോലി. ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റിൽനിന്ന് വിരമിച്ച താരം നിലവിൽ ടെസ്റ്റിലും ഏകദിനത്തിലുമാണ് തുടരുന്നത്. 2011-ൽ വെസ്റ്റ് ഇൻഡീസിനെതിരേയാണ് കോലിയുടെ അരങ്ങേറ്റം. ഈ വർഷം ഓസ്‌ട്രേലിയക്കെതിരേ ബോർഡർ-ഗാവസ്‌കർ ട്രോഫിയിലാണ് അവസാനമായി കളിച്ചത്.

ടെസ്റ്റിൽ 14 സീസണുകളിലായി ഇന്ത്യൻ കുപ്പായമണിയുന്ന കോലി 123 ടെസ്റ്റുകളിൽ കളിച്ചു. 9230 റൺസ് നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളിൽ ടീമിനെ നയിച്ചു. 40 ജയം നേടി. ഇന്ത്യയെ കൂടുതൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്. ക്യാപ്റ്റനായിരിക്കുന്ന കാലത്ത് ബാറ്ററായും തിളങ്ങി. ഏഴ് ഇരട്ടസെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്.

ക്യാപ്റ്റനായിരിക്കുമ്പോൾ 5864 റൺസാണ് കോലി നേടിയത്. 20 സെഞ്ചുറികളും ഇക്കാലത്താണ് വന്നത്.

വിരാട് കോലി ടെസ്റ്റിൽനിന്ന് വിരമിക്കാൻ തയ്യാറെടുക്കുമ്പോൾ മനംമാറ്റാനുള്ള സമ്മർദതന്ത്രങ്ങളുമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് രംഗത്തുവരാൻ കൃത്യമായ കാരണമുണ്ട്

ബ്രാന്‍ഡ്മാന്‍

: രോഹിത് ശർമയുടെ വിരമിക്കൽ ‘ഇൻസ്റ്റാ സ്റ്റോറി’ക്ക് പിന്നാലെ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: ‘‘കളിക്കാരുടെ വിരമിക്കൽ കാര്യങ്ങളിൽ ബോർഡ് ഇടപെടാറില്ല...’’ പക്ഷേ, രോഹിതിനുപിന്നാലെ വിരാട് കോലിയും ടെസ്റ്റിൽനിന്ന് വിരമിക്കാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾക്കിടെ ബിസിസിഐ വിരാടുമായി ചർച്ചനടത്തും എന്ന വാർത്തകളാണ് പുറത്തുവരുന്നത്. രണ്ട് സീനിയർ താരങ്ങളോട് രണ്ടുതരം നിലപാടിനുപിന്നിൽ എന്തായിരിക്കും എന്ന് സ്വഭാവികമായും ചിന്തിച്ചുപോകും. അതിന് ഒറ്റ ഉത്തരമേയുള്ളൂ -വിരാട് എന്ന ‘ബ്രാൻഡ്മാൻ’.

ഇന്ത്യയുടെ സൂപ്പർ താരം എന്നതിനപ്പുറം ആഗോളക്രിക്കറ്റിൽ വിരാട് ഒരു ‘ബ്രാൻഡ് അംബാസിഡറാണ്’ ആണ്. ക്രിക്കറ്റ് ഒളിംപിക്സിലേക്ക് തിരിച്ചെത്തുന്നത് പ്രഖ്യാപിക്കുന്ന 2028 ലോസ് ആഞ്ചലിസ് ഒളിംപിക്സിന്റെ പോസ്റ്ററിൽ വിരാട് ആയിരുന്നു. അതിന് ഒളിംപിക് കമ്മിറ്റിയെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന് ഇൻസ്റ്റഗ്രാമിൽ വിരാടിന്റെ ഫോളോവേഴ്സിന്റെ എണ്ണം 27.1 കോടിയാണെന്നതായിരിക്കും.

വിരാട് എന്ന പരസ്യബ്രാൻഡിന്റെ മൂല്യവും ഹിമാലയത്തോളം ഉയരത്തിലാണ്. 2023-ൽ ക്രോൾ ഏജൻസിയുടെ സെലിബ്രിറ്റി ബ്രാൻഡ്‌ വാല്വേഷനിൽ കോലിയുടെ മൂല്യം രണ്ടായിരം കോടി രൂപയ്ക്കടുത്താണ്. 2025-ലെത്തുമ്പോൾ അത് രണ്ടായിരം കോടിയും കടന്നിട്ടുണ്ടാകുമെന്നുറപ്പാണ്.

മഹേന്ദ്രസിങ് ധോനി എന്തുകൊണ്ട് ഐപിഎലിൽനിന്ന് ഇനിയും വിരമിക്കുന്നില്ല എന്നതിനും ബ്രാൻഡ് വാല്യു എന്നുതന്നെയാണ് ഉത്തരം. ധോനി പോയാൽ ചെന്നൈ സൂപ്പർകിങ്സിന്റെ മൂല്യമിടിയും, ഐപിഎലിന്റെ മൂല്യത്തിലും ഇടിവ് സംഭവിക്കും. അതേ സ്ഥിതിയാണ് വിരാടിന്റെ കാര്യത്തിലും.

ക്രിക്കറ്റ് പിച്ചുകളിൽ വിരാട് പുറത്തെടുക്കുന്ന ആക്രമണവീര്യംതന്നെയാണ് ബ്രാൻഡ്മാൻ ആക്കി മാറ്റുന്നതിനും പിന്നിൽ. ഏതൊരു എതിരാളിക്കുമുന്നിലും കരുത്തോടെ ഒറ്റയാൾ പട്ടാളമായി പോരാടാനുള്ള അയാളുടെ മനക്കരുത്താണ് ബ്രാൻഡ് വാല്യു ഉയർത്തുന്നതിനുപിന്നിലും. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വിരാട് ഇപ്പോഴും ടീമിന്റെ അവിഭാജ്യഘടകമാണ്. മുമ്പ് സച്ചിനില്ലാത്ത ടീമിനെക്കുറിച്ച് ആലോചിക്കാനാകാത്തതുപോലുള്ള അവസ്ഥ. വിരാടിനൊപ്പം എത്താനുള്ള ഒരു സൂപ്പർ താരം ഇനിയും ഉയർന്നുവന്നിട്ടില്ല. ഇന്ത്യൻ ടീമിനെ പൂർണമായി പുതിയ കൈകളിലേക്ക് കൈമാറാനുള്ള സമയമായിട്ടില്ലെന്ന് ക്രിക്കറ്റ് ലോകം കരുതുന്നു. ബാറ്റിങ്നിരയുടെ നെടുംതൂണായി ഈ മനുഷ്യൻ നിൽക്കണമെന്ന്‌ ആരാധകരും കരുതുന്നു.

രോഹിതിന്റെ വിരമിക്കലും വിരാടിന്റെ വിരമിക്കാനൊരുങ്ങൽ പ്രഖ്യാപനവും തമ്മിൽ ബന്ധമുണ്ടെന്നാണ് ക്രിക്കറ്റ് വിദഗ്ധർക്കിടയിലെ അടക്കംപറച്ചിലുകൾ.

രോഹിത് ഇംഗ്ലണ്ട് പരമ്പര ആഗ്രഹിച്ചിരുന്നു എന്നത് വ്യക്തമാണ്. ഇന്ത്യക്ക് ഒട്ടേറെ വിജയങ്ങൾ സമ്മാനിച്ച ഒരു നായകനെ ഈ രീതിയിലായിരുന്നില്ല പറഞ്ഞുവിടേണ്ടിയിരുന്നത്. ഇതായിരിക്കാം വിരാടിന്റെ ഇടച്ചിലിനുപിന്നിലെ കാരണം. ടി-20 ക്രിക്കറ്റ് ലോകകപ്പ് ജയത്തിനുശേഷം ഒരുമിച്ചു വിരമിച്ച അവർ ടെസ്റ്റിൽനിന്നും ഒരുമിച്ചു വിരമിക്കാൻ ആഗ്രഹിച്ചിരുന്നിരിക്കാം.

ആരാധകരും രംഗത്ത്

കോലി തീരുമാനം പുനപരിശോധിക്കണെന്നവാശ്യമായി ആരാധകരും. രാജ്യത്തിനകത്തും പുറത്തുമുളള ആരാധകർ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ആവശ്യമുന്നിയിക്കുന്നത്. ഇംഗ്ലണ്ടിലേയും ഓസ്‌ട്രേലിയയിലേയും ആരാധകർ ഈ വിഷയത്തിൽ സജീവമാണ്.

Content Highlights: Virat Kohli is reportedly considering Test retirement, but the BCCI wants him to reconsider

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article