വിരാട് കോലി, പ്ലീസ് ! യുവതാരങ്ങൾക്ക് ആത്മവിശ്വാസമാകാൻ ടീമിലുണ്ടാകണം, അനുനയിപ്പിക്കാൻ ഇതിഹാസ താരം

8 months ago 10

മനോരമ ലേഖകൻ

Published: May 11 , 2025 09:20 AM IST

1 minute Read

  • വിരമിക്കൽ സൂചന നൽകിയ വിരാട് കോലിയോട് അഭ്യർഥനയുമായി ക്രിക്കറ്റ് ലോകം

 MoneySharma/AFP
ബംഗ്ലദേശിനെതിരെ വിരാട് കോലിയുടെ ബാറ്റിങ്. Photo: MoneySharma/AFP

ന്യൂഡൽഹി ∙ വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു മുൻപ്, ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിക്കാൻ തന്നെ അനുവദിക്കണമെന്ന സൂപ്പർ താരം വിരാട് കോലിയുടെ അഭ്യർഥനയിൽ ഞെട്ടിത്തരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിലെ (ബിസിസിഐ) ഉന്നതരോട് കോലി ഈ ആവശ്യം ഉണർത്തിച്ചെന്ന റിപ്പോർട്ട് ഇന്നലെയാണ് പുറത്തുവന്നത്. എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ വിരമിക്കലിനു പിന്നാലെ കോലിയും മടങ്ങുന്നത് ഇന്ത്യൻ ടീമിനെ ദുർബലമാക്കും എന്നതിനാൽ ബിസിസിഐ മുപ്പത്താറുകാരൻ കോലിയോട് ടീമിൽ തുടരാൻ ആവശ്യപ്പെട്ടു എന്നാണ് സൂചന.

കോലിയോട് വിരമിക്കരുതെന്ന അഭ്യർഥനയുമായി, ആരാധകരും മുൻതാരങ്ങളും ഉൾപ്പെടെയുള്ളവരും രംഗത്തെത്തി. കോലിയെ തീരുമാനത്തിൽനിന്നു പിന്തിരിപ്പിക്കാൻ ഇതിഹാസ താരങ്ങളിലൊരാളുടെ സഹായം ബിസിസിഐ തേടിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ജൂണിൽ തുടങ്ങുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ രോഹിത്തിന്റെ പിൻഗാമിയായി പുതിയൊരു ക്യാപ്റ്റനാകും ഇന്ത്യയെ നയിക്കുക. യുവ ഓപ്പണർ ശുഭ്മൻ ഗില്ലാണ് സാധ്യതാ പട്ടികയിൽ മുന്നിൽ. 5 ടെസ്റ്റ് മത്സരങ്ങളാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായുള്ള ഇംഗ്ലണ്ട് പര്യടനത്തിലുള്ളത്. 23നാണ് പര്യടനത്തിനുള്ള ടീമിനെ തീരുമാനിക്കാനുള്ള സിലക്ഷൻ സമിതി യോഗം. 

ഫോം നഷ്ടം താൽക്കാലികം 

കഴി‍ഞ്ഞ വർഷം ട്വന്റി20 ലോകകപ്പ് നേടിയതിനു പിന്നാലെ രോഹിത്തും കോലിയും ഒന്നിച്ച് രാജ്യാന്തര ട്വന്റി20യിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം ബംഗ്ലദേശ്, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നിവർക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരകളിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയതാണ് കോലിയെ വിരമിക്കൽ ചിന്തയിലേക്കു നയിച്ചത്. ഈ പരമ്പരകളിലെ 10 ടെസ്റ്റുകളി‍ൽ നിന്നായി 382 റൺസ് മാത്രമാണ് കോലി നേടിയത്. ശരാശരി 22.47 മാത്രം. കരിയർ ബാറ്റിങ് ശരാശരിയെക്കാൾ (46.85) ഏറെ കുറവ്. പെർത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയതു മാത്രമായിരുന്നു ഏക സെഞ്ചറി. 

എന്നാൽ തൊട്ടുപിന്നാലെ വന്ന ചാംപ്യൻസ് ട്രോഫി ഏകദിനത്തിൽ ഫോമിലായ കോലി (5 കളികളിൽ 218 റൺസ്, ശരാശരി 54.50) ഇപ്പോൾ ഐപിഎലിലും റൺവേട്ടക്കാരിൽ ടോപ് ഫൈവിലുണ്ട് (11 മത്സരം, 505 റൺസ്, ശരാശരി 63.12). ടെസ്റ്റ് ക്രിക്കറ്റിൽ കോലിയുടെ ഫോം നഷ്ടം താൽക്കാലികം മാത്രമാണെന്ന വിലയിരുത്തലിലാണ് ഇന്ത്യൻ ടീം മാനേജ്മെന്റ്. രോഹിത്, ആർ.അശ്വിൻ എന്നിവർ വിരമിക്കുകയും ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ എന്നിവർ സിലക്ടർമാരുടെ പട്ടികയിൽ നിന്നു പുറത്താവുകയും ചെയ്തതോടെ ഇന്ത്യൻ ടീം ഇപ്പോൾ തലമുറ മാറ്റത്തിന്റെ പാതയിലാണ്. നിർണായകമായ ഈ സമയത്ത് യുവതാരങ്ങൾക്ക് ആത്മവിശ്വാസമേകാൻ സീനിയർ താരമായി കോലി ടീമിലുണ്ടാവണം എന്നതാണ് ബിസിസിഐ കണക്കു കൂട്ടുന്നത്.   ഇംഗ്ലണ്ട് പരമ്പര പോലെ വെല്ലുവിളി നിറഞ്ഞ ഒരു വിദേശ പര്യടനത്തിന് പൂർണമായും യുവതാരങ്ങൾ നിറഞ്ഞ ടീമുമായി പോകുന്നത് തിരിച്ചടിയാകും എന്നതും വിരാട് കോലിയോടുള്ള ബിസിസിഐയുടെയും ആരാധകരുടെയും അഭ്യർഥനയ്ക്കു പിന്നിലുണ്ട്.

English Summary:

BCCI anticipation to reverse Kohli's Test status plans

Read Entire Article