18 May 2025, 02:12 PM IST

Virat Kohli
ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ച ഇന്ത്യന്‍ താരം വിരാട് കോലിക്ക് ഭാരത രത്‌ന നല്‍കണമെന്ന് മുന്‍ താരം സുരേഷ് റെയ്‌ന. ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് സാധ്യമായ ഏറ്റവും ഉയര്‍ന്ന അംഗീകാരംതന്നെ അദ്ദേഹം അര്‍ഹിക്കുന്നുവെന്ന് റെയ്‌ന പറഞ്ഞു. ജിയോ ഹോട്ട്സ്റ്റാറിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റെയ്‌ന.
മേയ് 12-ാം തീയതിയാണ് ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതായി കോലി അറിയിച്ചത്. തന്റെ പ്രിയപ്പെട്ട ഫോര്‍മാറ്റില്‍ 10,000 റണ്‍സ് തികയ്ക്കാന്‍ 770 റണ്‍സ് മാത്രമുള്ളപ്പോഴായിരുന്നു ആ നാഴികക്കല്ല് വേണ്ടെന്നുവെച്ചുള്ള കോലിയുടെ വിരമിക്കല്‍ തീരുമാനം. 2024-ലെ ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ കോലി ടി20-യില്‍ നിന്ന് വിരമിച്ചിരുന്നു.
2013-ല്‍ അര്‍ജുന അവാര്‍ഡ്, 2017-ല്‍ പദ്മശ്രീ, 2018-ല്‍ രാജ്യത്തെ ഉയര്‍ന്ന കായിക ബഹുമതിയായ ഖേല്‍ രത്ന പുരസ്‌കാരം എന്നിവ കോലിയെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സേവനങ്ങള്‍ക്ക് കണക്കിലെടുത്ത് സര്‍ക്കാര്‍ കോലിക്ക് ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുരേഷ് റെയ്ന പറഞ്ഞു.
സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഭാരതരത്‌ന ലഭിച്ച രാജ്യത്തെ ഏക ക്രിക്കറ്റ് താരം. 2013-ല്‍ വിരമിച്ചതിനു ശേഷമാണ് സച്ചിന് ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ചത്.
Content Highlights: Former cricketer Suresh Raina advocates for Virat Kohli to person the Bharat Ratna








English (US) ·